2019 April 25 Thursday
ഒരു പ്രഭുവിന്റെ രക്തത്തെക്കാള്‍ വില കൂടിയതത്രെ ഒരു പിച്ചക്കാരന്റെ കൈയിലുള്ള പുസ്തകം -വില്യം ഷേക്‌സ്പിയര്‍

ട്രാഫിക് പൊലിസില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ മൂന്നുപേര്‍ പിടിയില്‍

കോട്ടയം: കേരളാ പൊലിസിന്റെ ട്രാഫിക് വിഭാഗത്തിലേയ്ക്ക് യുവാക്കള്‍ക്ക് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ സംഘത്തിലെ മൂന്നുപേര്‍ പിടിയില്‍. അയ്മനം ഒളശ ചെല്ലിത്തറ ബിജോയ് മാത്യു (36), പനച്ചിക്കാട് കൊല്ലാട് വട്ടക്കുന്നേല്‍ പി.പി ഷൈമോന്‍ (40), മൂലേടം കുന്നമ്പള്ളി വാഴക്കുഴിയില്‍ സനിതാമോള്‍ ഡേവിഡ് (30) എന്നിവരെയാണ് ഈസ്റ്റ് സ്‌റ്റേഷന്‍ സി.ഐ ടി.ആര്‍ ജിജു അറസ്റ്റ് ചെയ്തത്. കേരള പൊലിസിന്റെ ട്രാഫിക് വിഭാഗത്തിലേയ്ക്ക് റിക്രൂട്ട്‌മെന്റ് നടക്കുന്നതായി അറിയിച്ചാണ് ഉദ്യോഗാര്‍ത്ഥികളെ ഇവര്‍ വിളിച്ചിരുന്നത്.  ഇന്നലെ രാവിലെ പ്രമുഖ പത്രത്തില്‍ കേരള പൊലിസിന്റെ ട്രാഫിക് ഫോഴ്‌സിലേയ്ക്ക് റിക്രൂട്ട്‌മെന്റ് നടക്കുന്നതായി വാര്‍ത്ത വന്നിരുന്നു. 11ന് രാവിലെ എട്ടിന് ആലപ്പുഴ മാരാരിക്കുളം സെന്റ് അഗസ്റ്റിന്‍സ് ഹൈസ്‌കൂളില്‍ ടെസ്റ്റ് നടത്തുമെന്നായിരുന്നു വാര്‍ത്ത. ഇത് കണ്ട് പൊലിസ് രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് കടുവാക്കുളം എമ്മാവൂസ് പബ്ലിക്ക് സ്‌കൂള്‍ കേന്ദ്രീകരിച്ച് നടക്കുന്ന തട്ടിപ്പ് സംബന്ധിച്ച വിവരം ലഭിച്ചത്. ഇതോടെ ഡിവൈ.എസ്.പി ആര്‍.ശ്രീകുമാര്‍, സി.ഐ ടി.ആര്‍ ജിജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. പൊലിസ് സംഘം ചെല്ലുമ്പോള്‍ മൂന്ന് സ്ത്രീകളടക്കം പതിനഞ്ചോളം ഉദ്യോഗാര്‍ഥികള്‍ക്ക് നിയമനം നല്‍കിയ ശേഷമുള്ള പരിശീലനം നടക്കുകയായിരുന്നു. ബിജോയ് മാത്യുവിനു സി.ഐ റാങ്കാണെന്നും മറ്റുള്ളവര്‍ എസ്.ഐമാരാണെന്നുമായിരുന്നു ഉദ്യോഗാര്‍ത്ഥികളെ ധരിപ്പിച്ചിരുന്നത്. വാട്‌സ് ആപ്പിലൂടെ സന്ദേശം പ്രചരിപ്പിച്ചാണ് തട്ടിപ്പ് സംഘം ആളുകളെ ആകര്‍ഷിച്ചത്. കഴിഞ്ഞ മാസം 28ന് എമ്മാവൂസ് സ്‌കൂളില്‍ നടന്ന പരീക്ഷയില്‍ 76 ഉദ്യോഗാര്‍ത്ഥികളാണ് പങ്കെടുത്തത്. ഈ പരീക്ഷയ്ക്ക് മുന്നോടിയായി ഇവരെ ചേര്‍ത്ത് ഒരു വാട്‌സ് ആപ്പ് ഗ്രൂപ്പിനും രൂപം നല്‍കിയിരുന്നു. പരീക്ഷ കഴിഞ്ഞതിനു പിന്നാലെ വാട്‌സ് ആപ്പ് ഗ്രൂപ്പ് പിരിച്ച് വിട്ടു. ഇതിനു ശേഷം പൊലിസ് സേനയിലേയ്ക്ക് പതിനഞ്ച് പേരെ റിക്രൂട്ട് ചെയ്തതായുള്ള സന്ദേശം എത്തി. ഇവരില്‍ നിന്ന് വന്‍തുകയാണ് കൈക്കലാക്കിയത്. ജോലിയ്ക്ക് ചേര്‍ന്ന ഇവര്‍ക്കുള്ള പരിശീലനമാണ് മൂന്നു ദിവസമായി ഇമ്മാവൂസ് സ്‌കൂള്‍ മൈതാനത്ത് നടന്നിരുന്നത്. കേസിലെ പ്രധാന പ്രതിയായ ബിജോയ് പൊലിസിന്റെ നീലയോട് സാമ്യമുള്ള ടീഷര്‍ട്ടാണ് ധരിച്ചിരുന്നത്. കേസില്‍ ആറു പ്രതികളാണ് ഉള്ളത്. മൂന്നു പേരെ കൂടി ഇനിയും പിടികൂടാനുണ്ട്.

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.