2018 September 26 Wednesday
മടിയന്മാരുടെ പ്രാര്‍ഥന ദൈവം കേള്‍ക്കില്ല
സൈറസ്

ട്രാക്കില്‍ മെഡല്‍ കൊയ്ത് ഇന്ത്യ

 

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ ട്രാക്കില്‍ നിന്ന് കൂടുതല്‍ നേട്ടങ്ങളുമായി ഗെയിംസിന്റെ 12-ാം ദിനം ഇന്ത്യ അവിസ്മരണീയമാക്കി. രണ്ട് സ്വര്‍ണമടക്കം അഞ്ചു മെഡലുകളാണ് ഇന്ത്യ ഇന്നലെ നേടിയത്.
പുരുഷന്‍മാരുടെ 1500 മീറ്ററില്‍ കോഴിക്കോട്ടുകാരനായ ജിന്‍സണ്‍ ജോണ്‍സന്‍ സ്വര്‍ണവും വനിതകളുടെ 4ഃ400 മീറ്റര്‍ റിലേയിലുമാണ് ഇന്ത്യ സ്വര്‍ണം നേടിയത്. മലയാളി താരങ്ങളായ എം. ആര്‍ പൂവമ്മ, വിസ്മയ കോരോത്ത്, യുവതാരം ഹിമാ ദാസ്, സരത്‌ബെന്‍ ഗെയ്ക്‌വാദ് എന്നിവരടങ്ങുന്ന ടീമാണ് വനിതാ റിലേയില്‍ സ്വര്‍ണമണിഞ്ഞത്.
പുരുഷന്‍മാരുടെ 4ഃ400 മീറ്ററില്‍ ഇന്ത്യക്ക് വെള്ളികൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. വനിതകളുടെ ഡിസ്‌കസ് ത്രോയില്‍ ഇന്ത്യയുടെ സീമ പുനിയക്കും വനിതകളുടെ 1500 മീറ്ററില്‍ മലയാളി താരം പി. യു ചിത്രക്കും വെങ്കലം ലഭിച്ചു.
1500 മീറ്ററില്‍ 3:44:72 മിനുട്ട് കൊണ്ടാണ് ജിന്‍സണ്‍ ഓട്ടം പൂര്‍ത്തിയാക്കി സ്വര്‍ണം നേടിയത്. രണ്ടാമതെത്തിയ ഇറാന്റെ മുറാദി ആമിര്‍ 3:45:62 മിനുട്ടില്‍ വെള്ളി സ്വന്തമാക്കി. ബഹ്‌റൈന്‍ താരം തൗലി മുഹമ്മദിനായിരുന്നു (3:45:88 ) വെങ്കലം. ഈ ഇനത്തില്‍ ഇന്ത്യന്‍ താരം മഞ്ജിത്ത് സിങ്ങ് മത്സരിച്ചിരുന്നെങ്കിലും നാലാമതെത്താനേ കഴിഞ്ഞുള്ളു.
പുരുഷന്‍മാരുടെ 400 മീറ്റര്‍ റിലേയില്‍ ഇന്ത്യന്‍ സംഘം വെള്ളി നേടിയെടുത്തു. ഏഷ്യന്‍ റെക്കോര്‍ഡ് തകര്‍ത്ത ഖത്തര്‍ ടീമിനാണ് സ്വര്‍ണം. 3:00:56 മിനുട്ട്. തൊട്ടുപിന്നില്‍ ഫിനിഷ് ചെയ്ത ഇന്ത്യ 3:01:85 മിനുട്ട് കൊണ്ടാണ് വെള്ളി നേടിയത്. മലയാളി താരങ്ങളായ മുഹമ്മദ് അനസ്, മുഹമ്മദ് കുഞ്ഞു, ആരോക്യ രാജീവ്, ധരുണ്‍ അയ്യസ്വാമി എന്നിവരടങ്ങുന്ന ടീമാണ് വെള്ളി നേടിയത്.
സീമ പുനിയയുടെ ഇഷ്ട ഇനമായ ഡിസ്‌കസ് ത്രോയില്‍ വെങ്കലത്തില്‍ ഒതുങ്ങിയത് ഇന്ത്യക്ക് തിരിച്ചടിയായി. വനിതകളുടെ 1500 മീറ്ററിലും ഇന്ത്യ സ്വര്‍ണം പ്രതീക്ഷിച്ചിരുന്നെങ്കിലും ചിത്രയ്ക്ക് വെങ്കലം നേടാനേ സാധിച്ചുള്ളു.
മെഡല്‍ സാധ്യതയുണ്ടായിരുന്ന പുരുഷ ഹോക്കിയില്‍ തോറ്റത് ഇന്ത്യക്ക് തിരിച്ചടിയായി. ഡൈവിങ്, ടേബിള്‍ ടെന്നീസ്, കുറാഷ്, ജുഡോ, സൈക്ലിങ് എന്നീ ഇനങ്ങളിലെല്ലാം ഇന്ത്യ ഇന്നലെ മത്സരിച്ചിരുന്നെങ്കിലും മെഡലൊന്നും നേടാനായില്ല.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.