2019 May 25 Saturday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

ട്രാക്കിലെ കാവ്യാത്മക സാന്നിധ്യമായി നൗഷാദ് മാസ്റ്റര്‍

അഷ്‌റഫ് ചേരാപുരം

കവി, അധ്യാപകന്‍, കായിക താരം ഇങ്ങനെ മൂന്നും ചേര്‍ന്ന സമന്വയം അപൂര്‍വമായിരിക്കും. എന്നാല്‍ കോഴിക്കോട് ജില്ലയിലെ പേരോട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍ പി.എ നൗഷാദ് ഇതെല്ലാമാണ്. സാഹിത്യത്തിലും അധ്യാപനത്തിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം കായിക രംഗത്ത് ശ്രദ്ധേയ മുന്നേറ്റം നടത്തുന്നു. ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് 200 മീറ്റര്‍ ഓടാനിറങ്ങുകയാണ് ഈ അധ്യാപകന്‍. 35 വയസിനു മുകളിലുള്ളവര്‍ക്കായി ആസ്‌ത്രേലിയയിലെ പെര്‍ത്തില്‍ നടക്കുന്ന ലോക ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ പ്രതിനിധിയാണ് നൗഷാദ്. അടുത്ത മാസം 26 മുതല്‍ നവംബര്‍ ആറു വരെയാണ് പെര്‍ത്തില്‍ മത്സരങ്ങള്‍ നടക്കുന്നത്. തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടന്ന സംസ്ഥാന മത്സരത്തില്‍ നൗഷാദ് ഒന്നാം സ്ഥാനം നേടി. തുടര്‍ന്ന് മൈസൂരിലെ ചാമുണ്ടി വിഹാര്‍ സ്റ്റേഡിയത്തില്‍ നടന്ന ദേശീയ മത്സരത്തിലും ചാംപ്യനായതോടെയാണ് നൗഷാദ് അന്താരാഷ്ട്ര മത്സരത്തിനു യോഗ്യനായത്. 

പെര്‍ത്തിലെ മത്സരത്തില്‍ പങ്കെടുക്കാന്‍ കഠിനമായ പരിശീലനത്തിലാണ് നൗഷാദ്. സ്വന്തം വീടു തന്നെയാണ് പ്രധാന പരിശീലന സ്ഥലം. വീടിനകത്തളത്തിലും മുറ്റത്തും പറമ്പിലും തൊട്ടടുത്ത റോഡിലുമെല്ലാം വ്യായാമങ്ങളും പരിശീലനവും നടക്കുന്നു. പേരോട് സ്‌കൂള്‍ ഗ്രൗണ്ടിലും വിദ്യാര്‍ഥികള്‍ക്കൊപ്പം ഈ അധ്യാപകന്‍ ഓട്ടത്തിലാണ്. കായിക രംഗത്തെ തന്റെ താത്പര്യം മറ്റു മേഖലകള്‍ക്ക് ഉണര്‍വും ആവേശവും നല്‍കുകയാണെന്ന് ഈ അധ്യാപകന്‍ പറയുന്നു.
കോഴിക്കോട് ജില്ലയിലെ കക്കട്ട് ചീക്കോന്ന് സ്വദേശിയായ പി.എ നൗഷാദിന് സാഹിത്യ താത്പര്യം പോലെ കായിക രംഗത്തും ചെറുപ്പത്തിലേ കമ്പമുണ്ടായിരുന്നു. സ്‌കൂള്‍ വിദ്യാഭ്യാസ കാലത്ത് ഓട്ട മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. സോഷ്യല്‍ സ്സ്റ്റഡീസ് അധ്യാപകനാണെങ്കിലും ഇംഗ്ലീഷ് ഭാഷയോടാണ് കമ്പം. ഇദ്ദേഹത്തിന്റെ നിരവധി ആംഗലേയ കവിതകള്‍ പുറത്തിറങ്ങിയിട്ടുണ്ട്. ഡ്രീംസ് ആന്റ് ടിയേഴ്‌സ് എന്ന കവിതാ സമാഹാരം ബ്രിട്ടിഷ് രാജ്ഞിയുടെ അനുമോദനത്തിനു അര്‍ഹമായിട്ടുണ്ട്.
നാദാപുരം അടിസ്ഥാനമാക്കി നൗഷാദ് രചിച്ച ഇംഗ്ലീഷ് നോവല്‍ ലോക പ്രസിദ്ധ പ്രസാധകരായ പെന്‍ഗ്വിന്‍ പ്രസിദ്ധീകരിക്കാനുള്ള ഒരുക്കങ്ങള്‍ നടക്കുകയാണ്. നാട്ടുകാരനും പ്രമുഖ എഴുത്തുകാരനുമായിരുന്ന അക്ബര്‍ കക്കട്ടിലിന്റെ തിരഞ്ഞെടുത്ത കഥകള്‍ നൗഷാദ് ഉള്‍പ്പെട്ട സംഘം ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം നടത്തിയിട്ടുണ്ട്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.