2019 June 17 Monday
വെളിച്ചം കൂടുതലുള്ളിടത്ത് നിഴല്‍ തീവ്രമായിരിക്കും -ഗെഥേ

Editorial

ട്രംപ് പുതിയ കാലത്തെ  ജനാധിപത്യ നിഷേധി


 

ഇടവേളകളില്ലാതെ നിത്യേനയെന്നോണം ജനാധിപത്യ ധ്വംസനവും മൂല്യങ്ങളുടെ തിരസ്‌ക്കാരവും നടത്തിക്കൊണ്ടിരിക്കുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ട്രംപിന്റെ വകതിരിവില്ലാത്ത പ്രവര്‍ത്തനങ്ങള്‍ക്കെതിരേ വൈറ്റ് ഹൗസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ തന്നെ രംഗത്തെത്തിയിരിക്കുന്നു. കഴിഞ്ഞ ദിവസം ന്യൂയോര്‍ക്ക് ടൈംസ് പ്രസിദ്ധീകരിച്ച ലേഖനം അതിനുള്ള തെളിവാണ്. പേരു വയ്ക്കാതെ എഴുതിയ ലേഖനമായിട്ട് പോലും ലോകത്തോടും അമേരിക്കയോടുമുള്ള പ്രതിബദ്ധതയുടെ പേരിലാണ് ലേഖനം പ്രസിദ്ധീകരിക്കുന്നതെന്ന് ന്യൂയോര്‍ക്ക് ടൈംസ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
ജനാധിപത്യ ധ്വംസകനും ഏകാധിപതികളുടെ ഇഷ്ടതോഴനുമായാണ് ട്രംപിനെ ലേഖകന്‍ വിശേഷിപ്പിക്കുന്നത്. അമേരിക്കയുടെ സഖ്യരാഷ്ട്രങ്ങളെപ്പോലും അടുത്തകാലത്തായി അകറ്റിക്കൊണ്ടിരിക്കുകയും സ്വേഛാധിപതികളായ വ്‌ളാഡ്മിര്‍ പുടിന്‍, ഉത്തരകൊറിയന്‍ ഭരണാധികാരി കിങ് ജോണ്‍ ഉന്‍ തുടങ്ങി ഏകാധിപതികളും സ്വേഛാധിപതികളുമായ ഭരണാധികാരികളുമായി സൗഹൃദം കൊതിക്കുകയും ചെയ്യുന്ന പ്രസിഡന്റാണ് ട്രംപ്. റഷ്യക്കെതിരേയുള്ള ഉപരോധം തുടരുന്നതില്‍പോലും ട്രംപ് അസ്വസ്ഥനാണ്. എന്നാല്‍ ഫലസ്തീന് നേരെയുള്ള കിരാത നടപടികള്‍ നിത്യേനയെന്നോണം തുടര്‍ന്ന്‌കൊണ്ടിരിക്കുകയും ചെയ്യുന്നു.
വൈറ്റ് ഹൗസിലെ വലിയൊരു വിഭാഗം ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ഇതിനകം ട്രംപിന്റെ പല നടപടികള്‍ക്കെതിരേയും രംഗത്തെത്തിയിട്ടുണ്ട്. ട്രംപിന്റെ തലതിരിഞ്ഞ പല തീരുമാനങ്ങളും നടപ്പിലാക്കുന്നതില്‍ വൈമനസ്യം കാണിക്കുന്നുമുണ്ട്.
ട്രംപിന്റെ ഭരണം രാജ്യത്തെ വിഭജിച്ചിരിക്കുകയാണെന്നും യു.എസ് കോണ്‍ഗ്രസിലേക്കുള്ള തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ കക്ഷിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടി കനത്ത പരാജയം ഏറ്റുവാങ്ങേണ്ടിവരുമെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു. ‘മറ്റൊരു മാലിന്യം’ എന്ന് പറഞ്ഞ് ട്രംപ് ന്യൂയോര്‍ക്ക് ടൈംസ് ലേഖനത്തെ തള്ളിപ്പറഞ്ഞുവെങ്കിലും അമേരിക്കക്ക് പുറത്ത് വരെ ലേഖനം ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണിപ്പോള്‍.
തീരുമാനങ്ങളില്‍ എടുക്കേണ്ട സാമാന്യ മര്യാദപോലും ട്രംപ് പുലര്‍ത്തുന്നില്ലെന്നും സ്വതന്ത്ര ചിന്തകളെയും ജനതയെയും നിരാകരിക്കുന്ന നടപടികള്‍ക്കെതിരേ വൈറ്റ് ഹൗസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ജാഗ്രതയോടെ നിലകൊള്ളുന്നുണ്ടെന്നും ലേഖനം പറയുന്നു. പ്രതിലോമവും വീണ്ടുവിചാരമില്ലാത്തതുമാണ് ട്രംപിന്റെ നടപടികള്‍. മൂല്യങ്ങളെയെല്ലാം ഈ മനുഷ്യന്‍ ചവിട്ടിമെതിക്കുന്നു. ഓരോ ദിവസം കഴിയുംതോറും ട്രംപിലുള്ള വിശ്വാസം ഉദ്യോഗസ്ഥര്‍ക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ട്രംപും ഉദ്യോഗസ്ഥരെ വിശ്വാസത്തിലെടുക്കുന്നില്ല. ഒരു കൊട്ടാരവിപ്ലവത്തിന്റെ സാധ്യതയിലേക്കാണ് ഇത്തരം സംഭവങ്ങള്‍ വിരല്‍ചൂണ്ടുന്നത്. ട്രംപിനെ ഇംപീച്ചു ചെയ്യുന്നത് സംബന്ധിച്ചുള്ള അടക്കം പറച്ചിലുകള്‍ ഇതിനകംതന്നെ വൈറ്റ് ഹൗസില്‍ തുടങ്ങിക്കഴിഞ്ഞു. ഇതറിഞ്ഞിട്ടാകാം തന്നെ ഇംപീച്ച് ചെയ്താല്‍ റിപ്ലബ്ലിക്കന്‍ പാര്‍ട്ടി വിവരമറിയുമെന്ന ഭീഷണി ഏതാനും ദിവസം മുമ്പ് ട്രംപ് മുഴക്കിയത്. കാബിനറ്റിനുള്ളിലും അമേരിക്കന്‍ ഭരണഘടനയുടെ 25-ാം വകുപ്പായ ഇംപീച്ച്‌മെന്റിനെക്കുറിച്ച് സംസാരം തുടങ്ങിയിട്ടുണ്ട്. കാലാവധി വരെ തുടരുവാന്‍ ഈ മനുഷ്യന്റെ ചെയ്തികള്‍ സമ്മതിക്കുമെന്നു തോന്നുന്നില്ലെന്നാണ് വൈറ്റ് ഹൗസിലെ ബഹുഭൂരിപക്ഷം വരുന്ന ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ കരുതുന്നത്.
വാഷിങ്ടണിലെ ഫലസ്തീന്‍ എംബസിയായ പി.എല്‍.ഒ ഓഫിസ് അടച്ചുപൂട്ടാന്‍ തീരുമാനമെടുത്തതാണ് ട്രംപിന്റെ ഈ ആഴ്ചയിലെ ഏറ്റവുമവസാനത്തെ നടപടി. ഇതിനെതിരേ ലോക വ്യാപകമായി ഉയരുന്ന പ്രതിഷേധങ്ങളൊന്നും ട്രംപിനെ പിന്തിരിപ്പിക്കുന്നില്ല. ഇസ്‌റാഈലിന്റെ തലസ്ഥാനം ടെല്‍അവീവില്‍നിന്ന് ജറൂസലമിലേക്ക് മാറ്റാന്‍ അണിയറയില്‍ പ്രവര്‍ത്തിച്ചത് മുതല്‍ക്കാണ് ഫലസ്തീനെതിരേ ഓരോ ആഴ്ചയിലെന്നവണ്ണം ഓരോ തീരുമാനങ്ങള്‍ ട്രംപ് കൈകൊള്ളുന്നത്. ഫലസ്തീന്‍ അഭയാര്‍ഥികളെ സഹായിക്കാനായി അമേരിക്ക യു.എന്‍ ഏജന്‍സിക്ക് നല്‍കിപ്പോന്നിരുന്ന സാമ്പത്തിക സഹായം ട്രംപ് നിര്‍ത്തലാക്കി. ഇസ്‌റാഈലിന് നല്‍കിവരുന്ന സാമ്പത്തിക സഹായം വര്‍ധിപ്പിക്കുകയും ചെയ്തു. ജറൂസലമില്‍ ഫലസ്തീന്‍ ജനതയ്ക്ക് ഏറെ ഉപകാരപ്പെട്ടിരുന്ന ആറ് ആശുപത്രികള്‍ക്കുള്ള ധനസഹായം വെട്ടിക്കുറച്ചു. രോഗികളായ കുഞ്ഞുങ്ങളെയും സ്ത്രീകളെയും മരണത്തിലേക്ക് തള്ളുകയാണ് ഇതിലൂടെ ട്രംപ് ചെയ്യുന്നത്. സമാധാനത്തിന്റെ ഇടനിലക്കാരന്‍ എന്ന മട്ടില്‍ ഇസ്‌റാഈലിനും ഫലസ്തീനും ഇടയ്ക്കുള്ള മധ്യസ്ഥന്‍ റോളിലൂടെ ഇസ്‌റാഈലിന് പൂര്‍ണ പിന്തുണ നല്‍കിക്കൊണ്ടിരിക്കുകയാണ് ട്രംപ്. അതിനാല്‍ തന്നെ ഫലസ്തീന്‍-ഇസ്‌റാഈല്‍ പ്രശ്‌നത്തിലുള്ള അമേരിക്കന്‍ മധ്യസ്ഥതയില്‍ തങ്ങള്‍ക്ക് വിശ്വാസമില്ലെന്ന് ഫലസ്തീന്‍ പ്രഖ്യാപിക്കുകയും ചെയ്തു. അതിനെതിരേയുള്ള പ്രതികാര നടപടികളാണ് ട്രംപ് നടത്തിക്കൊണ്ടിരിക്കുന്നത്.
ട്രംപ് ഇങ്ങിനെയെല്ലാം ചെയ്യുന്നതിലല്ല ആശങ്കയെന്നും ഒരു ജനത എന്ന നിലയില്‍ അമേരിക്ക ട്രംപിനെ ഇതിനെല്ലാം അനുവദിച്ചല്ലോ എന്നോര്‍ക്കുമ്പോഴാണ് സങ്കടമെന്നും ന്യൂയോര്‍ക്ക് ടൈംസ് ലേഖനം പറയുമ്പോള്‍ ഇദ്ദേഹം ഇംപീച്ച്‌മെന്റിനോട് അടുക്കുകയാണെന്ന് വേണം കരുതാന്‍. അങ്ങിനെ സംഭവിക്കുകയാണെങ്കില്‍ അമേരിക്ക ലോകത്തോട് ചെയ്യുന്ന ഏറ്റവും വലിയ നന്മയായിരിക്കുമത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.