2018 November 13 Tuesday
ലോകത്തെ മാറ്റാന്‍ നിങ്ങള്‍ ചിന്തകളെ മാറ്റൂ

ട്രംപ്കുവൈത് അമീര്‍ കൂടിക്കാഴ്ച്ച ബുധനാഴ്ച്ച; സമവായ ഫോര്‍മുലകള്‍ ഉറ്റു നോക്കി ലോകം

റിയാദ്: അമേരിക്കന്‍ സന്ദര്‍ശനം നടത്തുന്ന കുവൈത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ സബാഹ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. അഞ്ചിന് ബുധനാഴ്ച്ച നടക്കുന്ന കൂടിക്കാഴ്ച്ചയില്‍ നിലവിലെ ഗള്‍ഫ് ഉപരോധത്തില്‍ ഖത്തര്‍ സഊദി അനുകൂല രാജ്യങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാനുള്ള ഫോര്‍മുലകള്‍ അവതരിപ്പിക്കുമോ എന്നാണ് ലോകം ഉറ്റു നോക്കുന്നത്. ഉപരോധ പ്രശ്‌നങ്ങള്‍ തുടങ്ങിയ ഘട്ടത്തില്‍ തന്നെ പരിഹാരം കാണാനായി രംഗത്തെത്തിയ പ്രമുഖരായ രണ്ടു പേരാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊനാള്‍ഡ് ട്രംപും കുവൈത്ത് അമീറുമെന്നതിനാല്‍ കുവൈത് അമേരിക്കന്‍ ഉച്ചകോടി എറെ പ്രതീക്ഷയോടെയാണ് അറബ് ലോകവും നോക്കി കാണുന്നത്. 

അമേരിക്കയിലെത്തുന്നു കുവൈത് ഭരണാധികാരി ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ സബാഹ്നോടൊപ്പം വന്‍ പരിവാര സംഘവുമെത്തുന്നുണ്ട്. വൈറ്റ്ഹൗസില്‍ നടക്കുന്ന ട്രംപ് കൂടിക്കാഴ്ച്ചയില്‍ ഗള്‍ഫ് മേഖല നേരിടുന്ന സുരക്ഷാ വെല്ലു വിളികളും ജനീവയില്‍ വീണ്ടും പുനരാരംഭിക്കുന്നു യമന്‍ സമാധാന ചര്‍ച്ചകളും വിഷയമാകും. ഖത്തര്‍ ഉപരോധത്തില്‍ ഒരു വര്‍ഷം കഴിഞ്ഞിട്ടും അയവ് വരാത്ത സാഹചര്യത്തിന് പുറമെ സഊദിയുടെ ഭാഗത്തു നിന്നുണ്ടാകുന്ന ശക്തമായ നീക്കങ്ങളും ഇരുവരും ചര്‍ച്ച ചെയ്യുമെന്നാണ് വിലയിരുത്തുന്നത്. ഖത്തറിനെ കൂടുതല്‍ ഒറ്റപ്പെടുത്തുന്നതിന്റെ ഭാഗമായി ഖത്തറിന്റെ ഏക കര മാര്‍ഗ്ഗമുള്ള സഊദിയുടെ ഭാഗത്ത് വലിയ കനാല്‍ കീറുന്നതിനുള്ള നടപടികളുമായി സഊദി മുന്നോട്ട് പോകുന്നതായുള്ള വാര്‍ത്ത ഏതാനും മാസങ്ങള്‍ മുന്‍പ് പുറത്തു വന്നിരുന്നു.
കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച കൂടുതല്‍ വ്യക്തതകളും പുറത്തു വന്നതും ചര്‍ച്ചയായേക്കും. ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ ഐക്യം രൂപപ്പെടുത്താന്‍ സ്വീകരിക്കുന്ന നടപടികളും ചര്‍ച്ചയില്‍ ഇടം പിടിച്ചേക്കും. നിലവിലെ സാഹചര്യത്തില്‍ സമവായനീക്കം പുനരാരംഭിക്കുക എളുപ്പമല്ലെങ്കില്‍ കൂടി ഇതുമായി ബന്ധപ്പെട്ട് ഏതെങ്കിലും ഫോര്‍മുല ട്രംപ് മുന്നോട്ട് വെക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഉഭയകക്ഷി ചര്‍ച്ചകള്‍ക്കൊപ്പം മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളും ചര്‍ച്ചയില്‍ ഉള്‍പ്പെടുമെന്ന് കുവൈത്തിലെ യു.എസ് സ്ഥാനപതി ലോറന്‍സ് സില്‍വര്‍മാന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.