2020 February 28 Friday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

ട്രംപിന് മൂക്കുകയറിടുന്നു

 
 
 
 
 
 
 
 
 
 
 
 
 
 
 
 
വാഷിങ്ടണ്‍: ഇറാനെതിരായ യുദ്ധത്തിലുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അധികാരം കുറയ്ക്കുന്ന നിയമത്തിനു സെനറ്റിന്റെ പിന്തുണ. സെനറ്റര്‍ ടിം കെയ്ന്‍ അവതരിപ്പിച്ച പ്രമേയം 45നെതിരേ 55 വോട്ടുകള്‍ക്കു പാസായി. ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ എട്ടു സെനറ്റര്‍മാരും പ്രമേയത്തെ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തി. ഇനി ഇറാനെതിരേ സൈനിക നടപടി സ്വീകരിക്കണമെങ്കില്‍ ട്രംപിനു കോണ്‍ഗ്രസിന്റെ അംഗീകാരം ലഭിക്കണം. 
ഇറാന്റെ മുതിര്‍ന്ന സൈനിക മേധാവി  ഖാസിം സുലൈമാനിയെ ട്രംപിന്റെ നിര്‍ദേശപ്രകാരം യു.എസ് ഡ്രോണ്‍ ആക്രമണത്തില്‍ കൊലപ്പെടുത്തുകയും ഇതിനു തിരിച്ചടിയായി ഇറാന്‍ ഇറാഖിലെ യു.എസ് സൈനിക താവളങ്ങള്‍ക്കുനേരെ മിസൈല്‍ ആക്രമണം നടത്തുകയും ചെയ്തിരുന്നു. ഇതു മേഖലയില്‍ യുദ്ധഭീതി പരത്തിയതിനു പിന്നാലെയാണ് സെനറ്റിന്റെ പുതിയ നീക്കം. 
പ്രമേയം ട്രംപിനോ പ്രസിഡന്‍സിക്കോ എതിരല്ലെന്നും കോണ്‍ഗ്രസിന്റെ അധികാരം പുനഃസ്ഥാപിക്കാനുള്ള നടപടിയാണെന്നും കെയ്ന്‍ അഭിപ്രായപ്പെട്ടു. എന്നാല്‍, ട്രംപിനും മറ്റു പ്രസിഡന്റുമാര്‍ക്കും അമേരിക്കയെ പെട്ടെന്നുള്ള ആക്രമണങ്ങളില്‍നിന്നു പ്രതിരോധിക്കാനുള്ള അധികാരമുണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സെനറ്റ് പാസാക്കിയ നിയമത്തെ ട്രംപ് വീറ്റോ ചെയ്യാനുള്ള സാധ്യത കൂടുതലാണ്. ഇതിനെ മറികടക്കണമെങ്കില്‍ റിപ്പബ്ലിക്കന്‍മാര്‍ക്കു ഭൂരിപക്ഷമുള്ള സെനറ്റില്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷം നേടണം.
 
 
 
 
 
 
 
മിസ്റ്റര്‍ പ്രസിഡന്റ്,
ട്വീറ്റുകള്‍ ശല്യമാകുന്നു!
 
 
വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്വീറ്റിലൂടെ തന്നെ താഴ്ത്തിക്കെട്ടുകയാണെന്നും തനിക്കു ജോലി ചെയ്യാന്‍ സാധിക്കുന്നില്ലെന്നും യു.എസ് അറ്റോര്‍ണി ജനറല്‍ വില്യം ബര്‍. ട്വീറ്റുകള്‍ നിര്‍ത്താന്‍ സമയമായെന്നും അദ്ദേഹം ട്രംപിനെ താക്കീത് ചെയ്തു. ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റിനെതിരേയുള്ള ട്രംപിന്റെ ആരോപണങ്ങള്‍ ജോലിയില്‍ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നു വ്യക്തമാക്കുന്നതായിരുന്നു വില്യം ബറിന്റെ പ്രതികരണം. 
ട്രംപിന്റെ ചില ട്വീറ്റുകള്‍ വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നു വ്യക്തമാക്കിയ അദ്ദേഹം, തന്നെ താഴ്ത്തിക്കെട്ടുന്ന തരത്തില്‍ നിരന്തരം വിമര്‍ശനങ്ങള്‍ ഉന്നയിച്ചുകൊണ്ടേയിരിക്കുമ്പോള്‍ ജോലി ചെയ്യാന്‍ സാധിക്കുന്നില്ലെന്നും പറഞ്ഞു. ഡൊണാള്‍ഡ് ട്രംപിന്റെ കടുത്ത വിമര്‍ശകരിലൊരാളാണ് ബര്‍. ട്രംപ് തന്റെ മുന്‍ ഉപദേഷ്ടാവ് റോജര്‍ സ്റ്റോണിനുള്ള ശിക്ഷാ ശിപാര്‍ശയില്‍ ഇടപെട്ടുവെന്നും സ്റ്റോണിനുള്ള ശിക്ഷ ഇളവുചെയ്യാന്‍ തങ്ങള്‍ പദ്ധതിയിട്ടിരുന്നുവെന്നുമുള്ള ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ വെളിപ്പെടുത്തല്‍ ഏറെ വിവാദമായിരുന്നു.
 
 
 
 
 
 
ട്രംപിന്റെ
ഇന്ത്യാ സന്ദര്‍ശനം: 
വ്യാപാര കരാറുകളില്‍ ധാരണയായില്ല
 
 
 
 
ന്യൂഡല്‍ഹി: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശത്തിന് 10 ദിവസം മാത്രം ശേഷിക്കേ, ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര കറാറുകളില്‍ അന്തിമ തീരുമാനത്താനാകാതെ അധികൃതര്‍.
വ്യാപാരം, കാര്‍ഷികം തുടങ്ങിയ വിവിധ വിഷയങ്ങളില്‍ ചര്‍ച്ച തുടരുകയാണെന്ന് ഇരു വിഭാഗവും അറിയിച്ചു. ഇരു രാജ്യങ്ങളുടെയും താല്‍പര്യത്തിന് അനുസരിച്ചായിരിക്കും കരാറെന്നും യു.എസ് വ്യക്തമാക്കി. ട്രംപിന്റെ രണ്ടു ദിവസത്തെ ഇന്ത്യാ സന്ദര്‍ശനം ഫെബ്രുവരി 24ന് ആരംഭിക്കും. ഡല്‍ഹിക്കൊപ്പം ഗുജറാത്തും സന്ദര്‍ശിക്കുന്ന അദ്ദേഹത്തിന് അഹമ്മദാബാദിവന്‍ സ്വീകരണവും ഒരുക്കുന്നുണ്ട്.
എന്നാല്‍, ഊര്‍ജമേഖലയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള കരാറുകള്‍ക്ക് അന്തിമരൂപമായതായാണ് വിവരം.

ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.