2020 January 29 Wednesday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

ട്രംപിനെ തള്ളി എസ്പര്‍

 

 

വാഷിങ്ടണ്‍: ഇറാന്‍ നാല് യു.എസ് എംബസികള്‍ ആക്രമിക്കാന്‍ പദ്ധതിയിട്ടതിന് ഇന്റലിജന്‍സ് വിഭാഗത്തിന്റെ പക്കല്‍ തെളിവില്ലെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി മാര്‍ക് എസ്പര്‍. ഇറാന്‍ കമാന്‍ഡര്‍ ഖാസിം സുലൈമാനിയെ വധിക്കാന്‍ യു.എസ് പ്രസിഡന്റ് ട്രംപ് നിരത്തിയ ന്യായവാദത്തിന് ഇതോടെ അടിസ്ഥാനമില്ലാതായി. നേരത്തെ ഇറാനിലെ സാംസ്‌കാരികകേന്ദ്രങ്ങളെ ആക്രമിക്കുന്നതുമായി ബന്ധപ്പെട്ടും പ്രതിരോധ വകുപ്പ് ട്രംപിനെ തള്ളിപ്പറഞ്ഞിരുന്നു.
അവര്‍ നമ്മുടെ സ്ഥാപനങ്ങളെയുംകേന്ദ്രങ്ങളെയും ആക്രമിക്കുന്നത് തുടര്‍ന്നാല്‍ ഇറാനിലെ സാംസ്‌കാരികകേന്ദ്രങ്ങളെയും ആക്രമിക്കുമെന്ന് ട്രംപ് പറഞ്ഞപ്പോള്‍ സാംസ്‌കാരിക പൈതൃക കേന്ദ്രങ്ങളെ ആക്രമിക്കുന്നത് അമേരിക്കയുടെ രീതിയല്ലെന്നും അങ്ങനെ ചെയ്യില്ലെന്നും എസ്പര്‍ വ്യക്തമാക്കിയിരുന്നു.
ട്രംപിന്റെ സുഹൃത്തായ ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനും ഇതിനെ പിന്തുണയ്ക്കുന്നില്ലെന്ന് പറഞ്ഞു.
ട്രംപിനെ പരസ്യമായി തള്ളിപ്പറയാതെ യു.എസ് എംബസികള്‍ക്കു നേരെ കൂടുതല്‍ ആക്രമണങ്ങളുണ്ടാകാമെന്നാണ് പ്രസിഡന്റ് പറഞ്ഞതെന്നും പ്രത്യേക തെളിവുകളൊന്നും അദ്ദേഹം നിരത്തിയിട്ടില്ലെന്നും എസ്പര്‍ പറഞ്ഞു.
രഹസ്യാന്വേഷണവിഭാഗം ഉറച്ച തെളിവുകള്‍ ഉണ്ടെന്ന് പറഞ്ഞിട്ടുണ്ടോ എന്ന ചോദ്യത്തിന് നാല് എംബസികളുടെ കാര്യത്തില്‍ അങ്ങനെയൊന്നില്ലെന്നായിരുന്നു മറുപടി.
ഇറാഖിലെയും മേഖലയിലെയും യു.എസ് അംബാസഡര്‍മാരെയും സൈനികരെയും ആക്രമിക്കാന്‍ സുലൈമാനി പദ്ധതിയിട്ടതിനാലാണ് യു.എസ് അദ്ദേഹത്തെ കൊലപ്പെടുത്തിയതെന്നായിരുന്നു യു.എസ് ന്യായീകരണം. എന്നാല്‍ ഡമോക്രാറ്റുകളും ഏതാനും റിപ്പബ്ലിക്കന്മാരും ഇതിനെ ചോദ്യം ചെയ്തു. അതിന് മതിയായ തെളിവുകള്‍ നല്‍കിയിട്ടില്ലെന്നാണ് അവര്‍ പറഞ്ഞത്.
യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക് ഒബ്രെയിനും എസ്പറിനോട് യോജിച്ചു. ഭീഷണി നിലനില്‍ക്കുന്നുണ്ടെങ്കിലും നാല് എംബസികള്‍ ലക്ഷ്യമിട്ടു എന്നതിന് തെളിവില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.