2017 May 29 Monday
ആലീസ് വാക്കര്‍

ട്രംപിനെ കുറിച്ചുള്ള വിവരശേഖരണം: ആരോപണങ്ങള്‍ തള്ളി റഷ്യ

മോസ്‌ക്കോ: നിയുക്ത യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ കുറിച്ചുള്ള രഹസ്യ വിവരങ്ങള്‍ ചോര്‍ത്തിയതായുള്ള വാര്‍ത്ത റഷ്യ തള്ളിക്കളഞ്ഞു. വാര്‍ത്ത കെട്ടിച്ചമച്ച കഥയാണെന്നും ക്രെംലിന്‍ വ്യക്തമാക്കി.
ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം തകര്‍ക്കാനായാണ് ഇത്തരം വാര്‍ത്ത പ്രചരിപ്പിക്കുന്നതെന്ന് റഷ്യന്‍ പ്രസിഡന്റ് വഌദ്മിര്‍ പുടിന്റെ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു. സംഭവം ഡൊണാള്‍ഡ് ട്രംപും തള്ളിക്കളഞ്ഞു. വാര്‍ത്ത വ്യാജമാണെന്നും പൂര്‍ണമായും രാഷ്ട്രീയമായ വേട്ടയാണിതെന്നും ട്രംപ് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ പ്രതികരിച്ചു.
മുന്‍ ബ്രിട്ടീഷ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥനെ ഉപയോഗിച്ച് ട്രംപിനെ കുറിച്ചുള്ള രഹസ്യവിവരങ്ങള്‍ റഷ്യ ശേഖരിച്ചതുമായി ബന്ധപ്പെട്ടു രണ്ട് പേജുള്ള സംഗ്രഹ വിവരം കഴിഞ്ഞയാഴ്ച ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ നിലവിലെ പ്രസിഡന്റ് ബരാക് ഒബാമക്കും നിയുക്ത പ്രസിഡന്റിനും കൈമാറിയിരുന്നു. ട്രംപുമായി ബന്ധപ്പെട്ട വ്യക്തിപരവും സാമ്പത്തികവുമായ വിവരങ്ങള്‍ റഷ്യ ചോര്‍ത്തിയതായി ഈ സംഗ്രഹത്തിലുണ്ടെന്ന് ഒന്നിലധികം അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയതായി അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
റഷ്യയുടെ നടപടിയുമായി ബന്ധപ്പെട്ട് 35 പേജുള്ള വിശദ റിപ്പോര്‍ട്ട് അമേരിക്കന്‍ വാര്‍ത്താ ചാനല്‍ സി.എന്‍.എന്നിനു ലഭിച്ചിരുന്നു. ആദ്യം ട്രംപ് വിരുദ്ധരായ റിപബ്ലിക്കന്‍മാരും ശേഷം ഡെമോക്രാറ്റ് നേതാക്കളും ഏല്‍പിച്ച ഒരു സംഘം ഗവേഷകരാണ് ഈ വിവരങ്ങള്‍ ശേഖരിച്ചത്. എന്നാല്‍, ഈ വിശദ വിവരങ്ങള്‍ സി.എന്‍.എന്‍ പുറത്തുവിട്ടിട്ടില്ല.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.