2020 January 22 Wednesday
യുദ്ധഭീതിയോടെ ഗൾഫ് മേഖല; മറ്റൊരു ഗൾഫ് യുദ്ധം താങ്ങാൻ ലോകത്തിനു ശേഷിയുണ്ടാകില്ലെന്ന് യു എൻ

ടോം ജോസും കുരുക്കില്‍

  • വീടുകളില്‍ റെയ്ഡ്
  • അക്കൗണ്ടുകള്‍ മരവിപ്പിച്ചു

തിരുവനന്തപുരം/ കൊച്ചി: തൊഴില്‍ വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറിയും ഐ.എ.എസ് അസോ. പ്രസിഡന്റുമായ ടോം ജോസിനെതിരേ അനധികൃത സ്വത്ത് സമ്പാദനത്തിന് കേസ്. ഇതേത്തുടര്‍ന്ന് ഇന്നലെ രാവിലെ ആറുമുതല്‍ വൈകിട്ടുവരെ ടോം ജോസിന്റെ തിരുവനന്തപുരത്തെയും കൊച്ചിയിലെയും വസതികളിലും ബന്ധുക്കളുടെയും അടുത്ത സുഹൃത്തുക്കളുടെയും വീടുകളിലും വിജിലന്‍സ് റെയ്ഡ് നടത്തി.
ടോം ജോസിന്റെ എറണാകുളം കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം ലിങ്ക് റോഡിലുള്ള ഇംപീരിയല്‍ ടവര്‍, തിരുവനന്തപുരം വെള്ളയമ്പലത്ത് ഇപ്പോള്‍ താമസിക്കുന്ന ഫ്‌ളാറ്റ്, തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലെ ഓഫിസ് മുറി, ഭാര്യയുടെ ഇരിങ്ങാലക്കുടയിലുള്ള വീട്, അമേരിക്കയില്‍ താമസിക്കുന്ന  സുഹൃത്തിന്റെ കോട്ടയം രാമപുരത്തെ വീട് എന്നിവിടങ്ങളിലായിരുന്നു റെയ്ഡ്.
വെള്ളയമ്പലത്തെ കോര്‍ഡിയല്‍ റീജന്‍സി ഫ്‌ളാറ്റിലെ അഞ്ചാംനിലയില്‍ ടോം ജോസിന്റെ സാന്നിധ്യത്തിലാണ് പരിശോധന നടന്നത്. ഈ ഫ്‌ളാറ്റിലാണ് ആദ്യം റെയ്ഡ് നടത്തിയത്. തുടര്‍ന്ന് കൊച്ചി കലൂര്‍ സ്റ്റേഡിയത്തിന് സമീപമുള്ള ഫ്‌ളാറ്റിലും ഇരിങ്ങാലക്കുടയിലെ വീട്ടിലും റെയ്ഡ് നടത്തി. തിരുവനന്തപുരത്തെ ഫ്‌ളാറ്റില്‍ നിന്ന് സാമ്പത്തിക ഇടപാടുകള്‍ തെളിയിക്കുന്ന രേഖകള്‍ പിടിച്ചെടുത്തു. ടോം ജോസിന്റെ ബിനാമിയെന്ന് വിജിലന്‍സിന്റെ പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയ അനിതാ ജോസഫുമായുള്ള സാമ്പത്തിക ഇടപാടിന്റെ രേഖകളും വിജിലന്‍സ് പിടിച്ചെടുത്തിട്ടുണ്ട്. തുടര്‍ന്ന് ടോം ജോസിന്റെ എല്ലാ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കാനും കഴിഞ്ഞ അഞ്ചു വര്‍ഷത്തെ അക്കൗണ്ട് വിവരങ്ങള്‍ നല്‍കാനും ബാങ്കുകള്‍ക്ക് കത്തുനല്‍കി. കത്തിന്റെ അടിസ്ഥാനത്തില്‍ മൂന്ന് ബാങ്ക് അക്കൗണ്ടുകള്‍ താല്‍ക്കാലികമായി മരവിപ്പിച്ചു. തിങ്കളാഴ്ച വിജിലന്‍സ് ബാങ്ക് അക്കൗണ്ടുകളില്‍ പരിശോധന നടത്തും. വിജിലന്‍സ് സ്‌പെഷല്‍ ഡിവൈ.എസ്.പി വേണുഗോപാലിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്. കൂടുതല്‍ അന്വേഷണത്തിനുശേഷം ടോം ജോസിനെ ചോദ്യംചെയ്യുമെന്നും അറസ്റ്റ് ചെയ്യാനുള്ള തെളിവുകള്‍ തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്നും വിജിലന്‍സ് വൃത്തങ്ങള്‍ പറഞ്ഞു.
അനധികൃത സ്വത്ത് സമ്പാദിച്ചെന്ന് കാട്ടി വിജിലന്‍സ് ഡയറക്ടര്‍ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ഒരു മാസത്തോളം ടോം ജോസിനെതിരേ പ്രാഥമികാന്വേഷണം നടത്തിയിരുന്നു. വരുമാനത്തിന്റെ 65 ശതമാനവും അനധികൃത സ്വത്താണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് കഴിഞ്ഞ ദിവസം മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചിരുന്നു.
ടോം ജോസിന് ഒരു കോടി 19 ലക്ഷം രൂപയുടെ അനധികൃത സ്വത്തുണ്ടെന്നാണ് എഫ്.ഐ.ആര്‍ വ്യക്തമാക്കുന്നത്. 2010 മുതലുള്ള കണക്കാണ് പരിശോധിച്ചത്.
ടോം ജോസിന് ആകെ രണ്ടു കോടി 39 ലക്ഷം രൂപയുടെ സമ്പാദ്യമുണ്ടെന്നും എഫ്.ഐ.ആറില്‍ പറയുന്നു. കൂടുതല്‍ അന്വേഷണത്തിനായി ടോം ജോസിന്റെ വസതികളില്‍ റെയ്ഡ് നടത്താന്‍ അനുമതി നല്‍കണമെന്നും വിജിലന്‍സ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്നാണ് കോടതി റെയ്ഡിന് ഉത്തരവിട്ടത്. ഈ വിവരം മുഖ്യമന്ത്രി പിണറായി വിജയനെ ജേക്കബ് തോമസ് ധരിപ്പിച്ചിരുന്നു.
ഐ.എ.എസുകാരെ അഴിമതി ആരോപണങ്ങളില്‍ കുരുക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഐ.എ.എസ് അസോസിയേഷന്‍ പ്രസിഡന്റ് ടോം ജോസിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിനു തൊട്ടുപിന്നാലെയാണ് അസോസിയേഷന്‍ നേതാവ് കൂടിയായ ഇദ്ദേഹത്തിനെതിരേ വിജിലന്‍സ് കേസെടുത്തത്.
നേരത്തേതന്നെ നിരവധി ആരോപണങ്ങളാണ് ടോം ജോസിനെതിരേ ഉയര്‍ന്നിട്ടുള്ളത്. ചവറയിലെ കെ.എം.എം.എല്‍ ഇടപാടില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് വിജിലന്‍സ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. മഗ്‌നീഷ്യം വാങ്ങിയ വകയില്‍ വന്‍തിരിമറി നടന്നതായാണ് വിജിലന്‍സ് കണ്ടെത്തിയത്. ഒരു ടണ്‍ 1,83,000 രൂപയ്ക്ക് വാങ്ങേണ്ടിടത്ത് 3,42,000 രൂപ നല്‍കിയെന്നാണ് കണ്ടെത്തല്‍.

പ്രതികാര നടപടിയെന്ന് ടോം ജോസ്

തിരുവനന്തപുരം: വിജിലന്‍സ് കേസ് പ്രതികാര നടപടിയുടെ ഭാഗമെന്ന് ടോം ജോസ്. തന്നെ മനഃപൂര്‍വം അപമാനിക്കാനാണ് ക്രിമിനല്‍ പശ്ചാത്തലമുള്ള ഒരാളുടെ പരാതിയില്‍ കേസെടുത്തത്. അധികാര ദുര്‍വിനിയോഗമാണ് വിജിലന്‍സ് നടത്തുന്നതെന്നും ടോം ജോസ് ആരോപിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.