2019 July 18 Thursday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

ടൂറിസം രംഗത്ത് കേരളത്തിന് ഗോവയെ മാതൃകയാക്കാനാവില്ല: കണ്ണന്താനം

കൊച്ചി: ടൂറിസം മേഖലയില്‍ കേരളത്തെയും ഗോവയെയും താരതമ്യം ചെയ്യാന്‍ കഴിയില്ലെന്നും നമ്മുടെ സംസ്‌ക്കാരത്തെ ഉള്‍ക്കൊണ്ടുമാത്രമേ മുന്നോട്ടുപോകാന്‍ കഴിയൂയെന്നും കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു.
കേരള ഹാറ്റ്‌സ് പത്താമത് വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ടൂറിസം സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ ടൂറിസം സാധ്യതകളും സംസ്‌ക്കാരവും വ്യത്യസ്തമാണ്. മലയാളികള്‍ക്ക് അവരുടെ സംസ്‌ക്കാരം ഉപേക്ഷിച്ചു മുന്നോട്ടുപോകാനാവില്ല. അതിനാല്‍ തന്നെ ഇക്കാര്യത്തില്‍ ഗോവയെ മാതൃകയാക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ഭാവിയില്‍ ഏറ്റവും ജോലി സാധ്യതയുള്ള മേഖലയാണിത്.എന്നാല്‍ ചില ഉദ്യോഗസ്ഥരുള്‍പ്പെടെയുള്ളവര്‍ പാരവയ്ക്കുന്നത് മൂലം ചില പ്രശ്‌നങ്ങളുണ്ട്. ഹോംസ്റ്റേ ടൂറിസത്തിന് കേരളത്തിന് വലിയ സാധ്യതകളുണ്ട്. ഹോംസ്റ്റേ സംവിധാനത്തിന് കൊമേഴ്‌സ്യല്‍ ഗണത്തില്‍ ഉള്‍പ്പെടുത്തി സംസ്ഥാനങ്ങള്‍ ടാക്‌സ് ഉള്‍പ്പെടെയുള്ളവ ചുമത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതൊഴിവാക്കണമെന്ന് ആവശ്യപ്പെട്ട് എല്ലാ സംസ്ഥാനങ്ങള്‍ക്കും കത്തെഴുതുമെന്നും കണ്ണന്താനം പറഞ്ഞു.
കേരളം പ്രളയത്തെ അതിജീവിച്ച് മുന്നോട്ടു പോവുകയാണ്. ടൂറിസം രംഗത്തെ പ്രതിസന്ധികള്‍ പരിഹരിക്കും. കേരളത്തില്‍ പ്രളയമുണ്ടായത് മരങ്ങളും പുഴകളും നശിപ്പിച്ചതിനാലാണെന്ന് ഉത്തരേന്ത്യയില്‍ ചില മാധ്യമങ്ങള്‍ ഉള്‍പ്പെടെ പ്രചരിപ്പിക്കുന്നുണ്ട്. പ്രകൃതിയെ ചൂഷണം ചെയ്തതിന്റെ തിരിച്ചടികളാണോ ഇതെന്ന് നമ്മള്‍ പരിശോധിക്കണമെന്നും കണ്ണന്താനം പറഞ്ഞു. ഹര്‍ത്താല്‍ ഉള്‍പ്പെടെയുള്ള സമരങ്ങള്‍ പുരോഗതിയെ പിന്നോട്ടടിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വാട്‌സ് ആപ്പ് വഴി തനിക്കെതിരേ വ്യാപകമായ ട്രോളുകളാണ് ഇറങ്ങുന്നത്. അതൊന്നും താന്‍ ശ്രദ്ധിക്കാറില്ലെന്നും കണ്ണന്താനം പറഞ്ഞു.
പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ മത്സ്യത്തൊഴിലാളികളായ ടി.വി ഷിജി, വി.ഡി മജീന്ദ്രന്‍ എന്നിവരെ കേന്ദ്ര മന്ത്രി ആദരിച്ചു.
പ്രൊഫ.കെ.വി തോമസ് എം.പി അധ്യക്ഷനായി. എം.എല്‍.എമാരായ ഹൈബി ഈഡന്‍, ജോണ്‍ ഫെര്‍ണാണ്ടസ്, മധ്യപ്രദേശ് ടൂറിസം ഡയരക്ടര്‍ എ.കെ രജോരിയ, റെസ്‌പോണ്‍സിബിള്‍ ടൂറിസം കോഓര്‍ഡിനേറ്റര്‍ കെ.രൂപേഷ്‌കുമാര്‍, റിയാസ് കോമു, എം.പി ശിവദത്തന്‍, ഡോ.മുരളീധരമേനോന്‍, ഫാ.റോയ് എബ്രഹാം, രഞ്ജിനി മേനോന്‍, സന്തോഷ് ടോം, ഷാജി കുറുപ്പശ്ശേരി എന്നിവര്‍ പ്രസംഗിച്ചു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.