2018 April 17 Tuesday
ഭാവി നമ്മുടെ ജീവിതത്തിലേക്ക് കടന്നു കയറുമ്പോള്‍ അതിനെ മാറ്റം എന്ന് പറയുന്നു
ആല്‍വിന്‍ ടോഫ്‌ളര്‍

ടൂറിസം ഭൂപടത്തിലെ മികച്ച ‘ഡ്രൈവ് ഇന്‍ ബീച്ച് ‘;വികസന കുതിപ്പിനൊരുങ്ങി തിക്കോടി

ടി. ഖാലിദ്

പയ്യോളി: ചരിത്ര പ്രാധാന്യമുള്ള തിക്കോടി കല്ലകത്ത് ബീച്ച് ടൂറിസം ഭൂപടത്തില്‍ ഇടംപിടിക്കുന്നു. രാജ്യത്തെ മികച്ച ‘ഡ്രൈവ് ഇന്‍ ബീച്ച് ‘ എന്ന സാധ്യതയാണ് ഇവിടെ തെളിയുന്നത്. കേരളത്തിലെ ഏറ്റവും നീളം കൂടിയ ‘ഡ്രൈവ് ഇന്‍ ബീച്ച് ‘ സ്ഥിതിചെയ്യുന്നത് ഈ തീരത്താണെന്നാണ് അടുത്തിടെ നടന്ന പഠനങ്ങള്‍ തെളിയിക്കുന്നത്. സഞ്ചാരികളെ ആകര്‍ഷിക്കാനുള്ള ഒട്ടേറെ പ്രകൃതി സൗന്ദര്യ കാഴ്ചകളും ഇവിടെയുണ്ട്.
തണല്‍ വിരിച്ചു നില്‍ക്കുന്ന കാറ്റാടിയും ആകര്‍ഷകമായ തെങ്ങോലകളും നട്ടുച്ച വെയിലിലും ആസ്വാദ്യകരമായ വിശ്രമകേന്ദ്രങ്ങളാണ്. പാറക്കെട്ടുകളിലൂടെ നടന്ന് ഉല്ലസിക്കാനും ചെറുമത്സ്യങ്ങളെയും ജലച്ചെടികളെയും കണ്‍നിറയെ കാണാനും കഴിയും. കല്ലകത്ത് ബീച്ചിന്റെ തീരത്തിന് സമീപം പരന്നുകിടക്കുന്ന വിശാലമായ പാറയിടുക്കുകളില്‍ മുങ്ങി കല്ലുമ്മക്കായ പറിക്കുന്നതും ആനന്ദകരമാണ്. മറ്റു കടലോരങ്ങളില്‍നിന്ന് ലഭിക്കുന്നതിനേക്കാള്‍ സ്വാദാണ് ഇവിടുത്തെ കല്ലുമ്മക്കായക്ക്. തിരമാലകള്‍ കുറഞ്ഞ സ്ഥലമായതിനാല്‍ നീന്തല്‍ പഠിക്കാനും കുളിക്കാനും മറ്റുമായി ധാരാളം പേര്‍ ഇവിടെയെത്തുന്നുണ്ട്. കോടിക്കലില്‍ നിന്നാരംഭിച്ച് പയ്യോളിയില്‍ എത്തുന്നതു വരെയുള്ള നാലു കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മനോഹര തീരത്തു കൂടിയുള്ള ഡ്രൈവിങ് ഏറെ സംതൃപ്തി നല്‍കും. തീരത്തുനിന്ന് ആറു നോട്ടിക്കല്‍ മൈല്‍ അകലെയുള്ള വെള്ളിയാംകല്ല് സന്ദര്‍ശനക്കാന്‍ ഏറെ സൗകര്യപ്രദമായ ഇടവും തിക്കോടിയാണ്. ബോട്ടിങ് സര്‍വിസ് ഏര്‍പ്പെടുത്തിയാല്‍ കോട്ടക്കല്‍ കുഞ്ഞാലി മരക്കാര്‍ മ്യൂസിയം, ഇരിങ്ങല്‍ ക്രാഫ്റ്റ് വില്ലേജ്, കൊല്ലം പാറപ്പള്ളി, കാപ്പാട് ബീച്ച്, വെള്ളിയാംകല്ല് തുടങ്ങിയവ കേന്ദ്രീകരിച്ച് മികച്ചൊരു വിനോദ സഞ്ചാരത്തിന് വഴിതുറക്കും.
നൂറുകണക്കിനാളുകളാണ് ദിവസവും തിക്കോടി കല്ലകത്തെ തീരത്തെത്തുന്നത്. തിക്കോടി ഗ്രാമപഞ്ചായത്ത് വലിയ പ്രാധാന്യമാണ് കല്ലകത്ത് ബീച്ചിന് നല്‍കിയിരിക്കുന്നത്. തീരത്തിന്റെ തൊട്ടടുത്ത് വര്‍ഷങ്ങളായി പണി പൂര്‍ത്തിയായതും അപ്രോച്ച് റോഡിന്റെ നിര്‍മാണം സ്തംഭിച്ചുപോയതുമായ ആവിപ്പാലം യാത്രാ യോഗ്യമാക്കാനുള്ള ജനകീയ ഇടപെടലും പ്രത്യാശക്ക് വകനല്‍കുന്നു. കാപ്പാട് നിന്നാരംഭിച്ച് കൊല്ലം പാറപ്പള്ളി, മൂടാടി, ഉരുപുണ്യകാവ്, കടലൂര്‍, ലൈറ്റ് ഹൗസ്, തിക്കോടി ബീച്ച് വഴി കോട്ടക്കല്‍ വരെയുള്ള തീരദേശ റോഡ് കടന്നുപോകുന്നത് ആവിപ്പാലം വഴിയാണ്. ടൂറിസം വകുപ്പ് തീരദേശ റോഡിന് വളരെ പ്രാധാന്യം നല്‍കി മതിയായ സംഖ്യ വകയിരുത്തിയിട്ടുണ്ട്. അതേസമയം പൊന്നാനി മുതല്‍ കാസര്‍കോട് വരെയുള്ള തീരദേശ ഹൈവേയും സര്‍ക്കാരിന്റെ പരിഗണനയിലുള്ളതിനാല്‍ തിക്കോടി വികസന കുതിപ്പിന് ഒരുങ്ങിക്കഴിഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.