2018 November 13 Tuesday
ലോകത്തെ മാറ്റാന്‍ നിങ്ങള്‍ ചിന്തകളെ മാറ്റൂ

ടൂര്‍ണമെന്റിനിടെ നാട്ടിലേക്ക് മടങ്ങി; യൂനിസ് ഖാന്‍ വിവാദത്തില്‍

ഫൈസലാബാദ്: റഫറിയുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് ടൂര്‍ണമെന്റിനിടെ നാട്ടിലേക്ക് മടങ്ങിയ പാകിസ്താന്‍ വെറ്ററന്‍ താരം യൂനിസ് ഖാന്റെ നടപടി വിവാദത്തില്‍. ഫൈസലാബാദില്‍ നടക്കുന്ന പാകിസ്താന്‍ കപ്പ് ഏകദിന ടൂര്‍ണമെന്റിനിടെയാണ് സംഭവം.

ടൂര്‍ണമെന്റില്‍ ഖൈബര്‍ പക്തൂണ്‍ക്വ ടീമിന്റെ ക്യാപ്റ്റനാണ് യൂനിസ്. മിസ്ബ ഉള്‍ഹക്ക് നയിക്കുന്ന ഫെഡറല്‍ ഏരീസ് ഇസ്‌ലാമാബാദിനെതിരായ മത്സരത്തില്‍ റഫറി മിസ്ബയ്‌ക്കെതിരായ അപ്പീല്‍ അനുവദിച്ചില്ല. തുടര്‍ന്ന് അമ്പയറോട് എന്തുകൊണ്ട് അപ്പീല്‍ അനുവദിച്ചില്ല എന്ന ചോദ്യത്തിന് തമാശ കലര്‍ന്ന മറുപടിയാണ് നല്‍കിയത്. ഇത് യൂനിസിനെ ചൊടിപ്പിച്ചു. മത്സരശേഷം അമ്പയറിങിനെ പറ്റി പരാതി പറയാനും യൂനിസ് തയാറായി. ഇതിന് ശേഷം നാലാം അമ്പയറുമായി നടന്ന കൂടിക്കാഴ്ച്ചയില്‍ യൂനിസ് തന്റെ അഭിപ്രായം അമ്പയറിങ് നിലവാരം ഉയര്‍ത്താന്‍ വേണ്ടിയാണെന്ന് പറഞ്ഞിരുന്നു.
ഇതിനെ തുടര്‍ന്ന് റഫറി യൂനിസിനെതിരേ മാച്ച് റഫറിക്ക് പരാതി നല്‍കി. തുടര്‍ന്ന് മാച്ച് റഫറി യൂനിസിനോട് വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ യൂനിസ് ഇത് തള്ളി. തുടര്‍ന്ന് റഫറി യൂനിസിന് മാച്ച് ഫീയുടെ 50 ശതമാനം പിഴ ഏര്‍പ്പെടുത്തി. ഇതേ തുടര്‍ന്ന് ടൂര്‍ണമെന്റ് അവസാനിക്കാന്‍ കാത്തുനില്‍ക്കാതെ യൂനിസ് നാട്ടിലേക്ക് മടങ്ങുകയായിരുന്നു.
പ്രതിച്ഛായക്ക് മങ്ങലേറ്റതിനെ തുടര്‍ന്നാണ് യൂനിസ് നാട്ടിലേക്ക് മടങ്ങുന്നതെന്ന് യൂനിസിനോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. ടൂര്‍ണമെന്റില്‍ ശേഷിക്കുന്ന മത്സരങ്ങളില്‍ അഹമ്മദ് ഷെഹ്‌സാദ് ടീമിനെ നയിക്കും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.