2019 September 18 Wednesday
ദാരിദ്ര്യത്തെക്കുറിച്ച് ലജ്ജിക്കാനില്ല. അതില്‍ ലജ്ജതോന്നുന്നതാണ് ലജ്ജാകരം.

ടി.വി കണ്ടതിനും വധശിക്ഷ !

പോങ്യാങ്: പട്ടാള ജനറലിനെ പിരാന മത്സ്യങ്ങള്‍ക്ക് തിന്നാന്‍ കൊടുത്തും ചര്‍ച്ച പരാജയപ്പെട്ടതിന് സ്വന്തം ഉദ്യോഗസ്ഥരെ വെടിവച്ചുകൊന്നും ലോകത്തെ ഞെട്ടിച്ച ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ നാട്ടില്‍ നിന്ന് കൂടുതല്‍ ക്രൂരതകള്‍ പുറത്ത്.
ടി.വിയില്‍ ദക്ഷിണകൊറിയന്‍ ചാനല്‍ കണ്ടതിനും പശുവിനെ മോഷ്ടിച്ചതിനുമെല്ലാം കിമ്മിന്റെ നാട്ടില്‍ വധശിക്ഷ തന്നെ! ദശാബ്ദങ്ങള്‍ക്ക് മുമ്പേ തുടങ്ങിയ ഈ കുടിലതകള്‍ പലതും 2011ല്‍ കിം പരമോന്നത നേതാവായി അധികാരത്തിലേറിയതിനു മുമ്പേ നടന്നവയാണ്.
നദീ തീരങ്ങള്‍, വയലുകള്‍, അങ്ങാടികള്‍, വിദ്യാലയങ്ങള്‍, കായിക മൈതാനങ്ങള്‍ തുടങ്ങിയ പൊതു സ്ഥലങ്ങളില്‍ ആയിരങ്ങളെ സാക്ഷിയാക്കിയാണ് വധശിക്ഷ നടപ്പാക്കിയത്. വധിക്കപ്പെടാന്‍ പോകുന്നയാളുടെ മക്കള്‍ ഉള്‍പ്പെടെ കുടുംബാംഗങ്ങളെ ശിക്ഷ നടപ്പാക്കുന്നത് കാണാന്‍ നിര്‍ബന്ധിച്ച് എത്തിച്ചിരുന്നു.
ഏഴു വയസുകാരന്‍ വരെ അടുത്ത ബന്ധുവിന്റെ വധശിക്ഷ കാണേണ്ടിവന്നു. മൃതദേഹം വല്ലപ്പോഴുമേ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തുള്ളൂ. ശവമടക്കിയ സ്ഥലംപോലും കാണിച്ചുകൊടുത്തില്ല. ചിലപ്പോള്‍ ജയിലിനകത്തുവച്ചും ലേബര്‍ ക്യാംപിലും ശിക്ഷ നടപ്പാക്കി.
ഇങ്ങനെ വധശിക്ഷ നടപ്പാക്കിയ 318 സ്ഥലങ്ങള്‍ കണ്ടെത്തിയത് ദക്ഷിണകൊറിയന്‍ മനുഷ്യാവകാശസംഘടനയായ ദ ട്രാന്‍സിഷനല്‍ ജസ്റ്റിസ് വര്‍ക്കിങ് ഗ്രൂപ്പ് (ടി.ജെ.ഡബ്ല്യു.ജി) ആണ്. നാലുവര്‍ഷം കൊണ്ട് 610 ഉത്തര കൊറിയന്‍ തടവുകാരെ കണ്ട് അഭിമുഖം നടത്തിയപ്പോഴാണ് ഈ വിവരങ്ങള്‍ ലഭിച്ചതെന്ന് സംഘടന പറയുന്നു.
ഒരിക്കല്‍ ചൈനയിലേക്കു രക്ഷപ്പെടാന്‍ ശ്രമിച്ചതിനു മൂന്നു സ്ത്രീകളെ കൊലപ്പെടുത്തിയത് 80 സഹതടവുകാരുടെ കണ്‍മുന്നില്‍ വച്ചാണ്. എന്നാല്‍ കൂടുതല്‍ പേര്‍ക്കും വധശിക്ഷ നടപ്പാക്കിയത് വെടിവയ്പു സ്‌ക്വാഡാണ്. മൂന്നു ഷൂട്ടര്‍മാര്‍ ഇരയുടെ നേരെ മൂന്ന് റൗണ്ട് വെടിവയ്ക്കുകയാണ് പതിവ്. കുറച്ചുപേരെയേ തൂക്കിക്കൊന്നിട്ടുള്ളൂ.
കൊല്ലപ്പെട്ടവരെല്ലാം സാധാരണക്കാരല്ല. ഉയര്‍ന്ന റാങ്കിലുള്ള ഉത്തരകൊറിയന്‍ ഉദ്യോഗസ്ഥര്‍ വരെ കൊല്ലപ്പെട്ടവരിലുണ്ട്. 2013ല്‍ കിം ജോങ് ഉന്നിന്റെ അമ്മാവന്‍ ജാങ് സോങ് താക്കിനെ രാജ്യദ്രോഹ കുറ്റത്തിന് വധശിക്ഷയ്ക്കിരയാക്കി.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.