2019 October 20 Sunday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

ഞാറനീലിയില്‍ ‘ഊരില്‍ ഒരു ദിവസം’ അദാലത്ത് സേവനം ഔദാര്യമല്ല,അവകാശം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

തിരുവനന്തപുരം: പൗരന്‍മാര്‍ക്ക് ലഭ്യമാകേണ്ട സേവനവും നീതിയും അവരുടെ അവകാശമാണെന്നും മറിച്ച് ഔദാര്യമായി കാണുന്ന ഉദ്യോഗസ്ഥ പ്രവണത അവസാനിപ്പിക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.വി.കെ.മധു. കുടുംബശ്രീ തിരുവനന്തപുരം ജില്ലാമിഷന്റെ ആഭിമുഖ്യത്തില്‍ പെരിങ്ങമ്മല ഗ്രാമപഞ്ചായത്തിലെ ഇടവം വാര്‍ഡില്‍ സ്ഥിതിചെയ്യുന്ന ഞാറനീലി, കാട്ടിലക്കുഴി, കുറിപ്പന്‍കാല, ഊറാംമൂട്, ഇഞ്ചിയം എന്നീ ഊരുകള്‍ ക്കായി ഞാറനീലി ട്രൈബല്‍ ഹോസ്റ്റലില്‍ ‘ഊരില്‍ ഒരു ദിവസം’ എന്ന പേരില്‍ ജില്ലാ കലക്ടര്‍ സംഘടിപ്പിച്ച അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് മിക്ക വകുപ്പുകളില്‍ നിന്നും സാധാരണക്കാര്‍ക്ക് ലഭ്യമാകേണ്ട നീതിക്ക് കാലവിളംബമുണ്ടാകുന്നു.സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ പോലും ജനങ്ങളിലെത്താന്‍ താമസിക്കുന്ന പ്രവണതയുണ്ട്.സര്‍ക്കാര്‍ പ്രവര്‍ത്തിക്കാത്തതല്ല. ഭരണയന്ത്രത്തിന്റെ പ്രശ്‌നമാണത്.കണ്ണുകളും കാതും മനസുമില്ലാത്ത യന്ത്രങ്ങളാണ് അവിടങ്ങളിലുള്ളതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ഊരില്‍ ഒരു ദിവസം എന്ന അദാലത്ത് പ്രശ്‌നപരിഹാരത്തിന് വഴിതുറക്കുന്നതിനുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളും ഉദ്യോഗസ്ഥരും ഒറ്റക്കെട്ടായി നീങ്ങിയാല്‍ മാത്രമേ പ്രശ്‌നപരിഹാരം സാധ്യമാവുകയുള്ളുവെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന ജില്ലാ കലക്ടര്‍ എസ്.വെങ്കടേസപതി പറഞ്ഞു. തിരുവനന്തപുരം താലൂക്കില്‍ സംഘടിപ്പിച്ച ജില്ലാ കലക്ടറുടെ പ്രശ്‌നപരിഹാരവേദി മാതൃകയില്‍ ഏപ്രിലില്‍ ചിറയിന്‍കീഴിലും കാട്ടാക്കടയിലും പരിപാടികള്‍ നടത്തും. ‘ഊരില്‍ ഒരു ദിവസം’ മാതൃകയില്‍ ആദിവാസി, പട്ടികജാതി,തീരമേഖലകളില്‍ അദാലത്തുകള്‍ സംഘടിപ്പിക്കുമെന്നും കലക്ടര്‍ പറഞ്ഞു.
പെരിങ്ങമ്മല ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി. ചിത്രകുമാരി അധ്യക്ഷയായിരുന്നു. കുടുംബശ്രീ ജില്ലാമിഷന്‍ കോഓര്‍ഡിനേറ്റര്‍ ഡോ. കെ.ആര്‍. ഷൈജു, പെരിങ്ങമ്മല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ജെ. കുഞ്ഞുമോന്‍, പ്രോജക്ട് ഓഫീസര്‍, നെടുമങ്ങാട് സുരേന്ദ്രബാബു, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ. റിയാസ്, പെരിങ്ങമ്മല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. എസ്.സിയാദ്, ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സിന്ധുകുമാരി, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റീജ ഷെനില്‍, ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ ഇടവം ഷാനവാസ്, സി. പ്രഭാവതി, സലീം പള്ളിവിള, മൈലക്കുന്ന് രവി, സജീന യഹിയ, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സഫിയാബീവി, ട്രൈബല്‍ ഓഫീസര്‍ ഹരികുമാര്‍, എസ്.ടി. പ്രെമോട്ടര്‍ വിനോദ് എന്നിവര്‍ പ്രസംഗിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.