2019 November 12 Tuesday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

ഞാനല്ല ബി.ജെ.പിയാണ് രാജ്യത്തോട് മാപ്പുപറയേണ്ടത്: ഗുലാം നബി

ന്യൂഡല്‍ഹി: കശ്മിരിലെ ഉറിയില്‍ തീവ്രവാദ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരേക്കാള്‍ കൂടുതല്‍  പേര്‍ പണത്തിനായി ക്യൂനിന്ന് മരിച്ചിട്ടുണ്ടെന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിന്റെ പ്രസ്താവനയില്‍ മാപ്പുപറയണമെന്ന ബി.ജെ.പി ആവശ്യം കോണ്‍ഗ്രസ് തള്ളി.  രാജ്യസഭയിലാണ് ആസാദ് മാപ്പുപറയണമെന്ന ആവശ്യവുമായി ബി.ജെ.പി എം.പിമാര്‍ ശബ്ദമുയര്‍ത്തിയത്. എന്നാല്‍ താനല്ല മാപ്പു പറയേണ്ടതെന്നും മറിച്ച് ബി.ജെ.പിയാണെന്നും തിരിച്ചടിച്ച ഗുലാം നബി ആസാദിന് പിന്തുണയുമായി കോണ്‍ഗ്രസ് അംഗങ്ങളും രംഗത്തു വന്നതോടെ രാജ്യ സഭ ബഹളത്തില്‍ മുങ്ങി.   
പണം പിന്‍വലിക്കലുമായി ബന്ധപ്പെട്ട വിഷയമാണ് ശക്തമായ പ്രതിഷേധത്തിന് ഇടയാക്കിയത്. ശൈത്യകാല സമ്മേളനത്തിനായി സഭ സമ്മേളിച്ച കഴിഞ്ഞ മൂന്നു ദിവസവും പാര്‍ലമെന്റ് നടപടികള്‍ പൂര്‍ണമായും തടസപ്പെടുകയായിരുന്നു.
500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചതോടെ ഇവ മാറ്റി പുതിയ നോട്ടുകള്‍ വാങ്ങുന്നതിനായി വരിനിന്ന് നിരവധിപേരാണ് മരിച്ചത്. ഇതിനെ ചൂണ്ടിക്കാട്ടിയാണ് ഉറി ഭീകരാക്രമണത്തില്‍ മരിച്ചവരേക്കാള്‍ കൂടുതല്‍ പേര്‍ ക്യൂനിന്ന് മരിച്ചുവെന്ന് ഗുലാം നബി ആസാദ് പറഞ്ഞത്.
കേന്ദ്ര മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്്‌വിയാണ് ഇത്തരമൊരു പ്രസ്താവന നടത്തിയ ആസാദ് മാപ്പുപറയണമെന്ന് രാജ്യസഭയില്‍ ആവശ്യപ്പെട്ടത് . രാജ്യത്തെ 125 കോടി ജനങ്ങളോട് ബി.ജെ.പി മാപ്പുപറയുകയാണ് വേണ്ടതെന്ന ആവശ്യവുമായി ആസാദും രംഗത്തെത്തിയതോടെയാണ് സഭയില്‍ ബഹളം തുടങ്ങിയത്. രാജ്യ സഭയ്ക്ക് പുറത്തും അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചു. രാജ്യത്തെ ജനങ്ങള്‍ രൂക്ഷമായ പ്രതിസന്ധിയുടെ വക്കത്താണെന്നും അദ്ദേഹം ആരോപിച്ചു.
പണം അസാധുവാക്കിയ നടപടിയോട് രാജ്യത്തെ ജനങ്ങള്‍ അനുകൂലമായി പ്രതികരിച്ചതോടെ നിരാശപൂണ്ട കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണമാണ് ഇത്തരത്തിലുള്ള പ്രസ്താവനയ്ക്കു പിന്നിലെന്നാണ് പാര്‍ലമെന്ററി കാര്യ മന്ത്രി ആനന്ദ ശര്‍മയുടെ പ്രതികരണം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.