2019 April 22 Monday
പുറമെ നിന്ന് അടിച്ചേല്‍പിക്കാവുന്ന ഒന്നല്ല ജനാധിപത്യം എന്നത്. അത് ഉള്ളില്‍ നിന്നുതന്നെ വരേണ്ടതാണ് -മഹാത്മാഗാന്ധി

‘ഞങ്ങളുടെ മുസ്‌ലിം സമുദായത്തിലെ 50 പേരുടെ ജീവന്‍ നഷ്ടമായി’

വെല്ലിങ്ടണ്‍: വെള്ളിയാഴ്ച ക്രൈസ്റ്റ് ചര്‍ച്ചിലെ രണ്ടു മുസ്‌ലിം പള്ളികളിലുണ്ടായ ഭീകരാക്രമണത്തിനു ശേഷം ആദ്യമായി സമ്മേളിച്ച പാര്‍ലമെന്റില്‍ ഇരകള്‍ക്കൊപ്പമെന്ന് ഒരിക്കല്‍ കൂടി ആവര്‍ത്തിച്ച് പ്രഖ്യാപിച്ച് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേന്‍.
സലാം പറഞ്ഞു തുടങ്ങിയ പ്രസംഗത്തില്‍ ക്രൈസ്റ്റ് ചര്‍ച്ചിലുണ്ടായ ഭീകരാക്രമണത്തില്‍ ‘ഞങ്ങളുടെ മുസ്‌ലിം സമുദായത്തിലെ 50 പേരുടെ ജീവന്‍ നഷ്ടമായി’ എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. അക്രമിയെ ഒറ്റപ്പെടുത്തുമെന്നും അദ്ദേഹത്തിന്റെ ആഗ്രഹങ്ങള്‍ നടക്കാന്‍ പോവുന്നില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

തോക്കുധാരി ആഗ്രഹിച്ചതുപോലുള്ള പൊതുജനപിന്തുണ അദ്ദേഹത്തിനു ലഭിച്ചില്ല. അതുകൊണ്ട് അയാളുടെ പേര് ഇനി ഉച്ഛരിക്കില്ല. അദ്ദേഹമൊരു ഭീകരനാണ്, ക്രിമിനലാണ്, തീവ്രവാദിയാണ്, അതിനാല്‍ അദ്ദേഹത്തെ കുറിച്ചു പറയുമ്പോള്‍ ഒരിക്കലും പേരു പരാമര്‍ശിക്കില്ല.
കുപ്രസിദ്ധി ആഗ്രഹിച്ചാവും അദ്ദേഹം ഇങ്ങനെയൊക്കെ ചെയ്തത്. എന്നാല്‍ നാം ന്യൂസിലന്‍ഡുകാര്‍ അദ്ദേഹത്തെ ഏറ്റെടുത്തില്ല, ഭീകരന്റെ പേരുപോലും. തോക്കുധാരി ആസ്‌ത്രേലിയന്‍ പൗരനാണ്. അദ്ദേഹത്തിനെതിരേ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. വൈകാതെ കൂടുതല്‍ കടുത്ത കുറ്റങ്ങള്‍ ചുമത്തും.
ഇരകളുടെ കുടുംബങ്ങള്‍ക്കു തീര്‍ച്ചയായും ഈ സര്‍ക്കാര്‍ നീതിലഭ്യമാക്കിയിരിക്കും. ആക്രമണം പ്രചരിപ്പിക്കുന്നതില്‍ സാമൂഹിക മാധ്യമങ്ങളുടെ പങ്ക് സംബന്ധിച്ച് സര്‍ക്കാര്‍ അന്വേഷിക്കും. ഇതുസംബന്ധിച്ച് ഏതുവിധത്തിലുള്ള തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ കഴിയുമെന്നും ആലോചിക്കും. ഇനിയൊരു ക്രൈസ്റ്റ്ചര്‍ച്ച് ആക്രമണം ഉണ്ടാവില്ലെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തും. അതുപോലെ രാജ്യത്തെ തോക്കുനിയമത്തില്‍ കാതലായ പരിഷ്‌കാരങ്ങളും കൊണ്ടുവരും.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.