2017 February 26 Sunday
പറയുന്നതിനേക്കാള്‍ ബുദ്ധി കേള്‍ക്കാന്‍ വേണം
തുര്‍ക്കി പഴമൊഴി

ഞങ്ങളുടെ ആയുധം വാക്കുകളാണ്

ഫാസിസം പുസ്തകത്താളില്‍ നിന്നിറങ്ങിവന്ന് നമ്മുടെ വീട്ടുമുറ്റത്തും അടുക്കളയിലുമെത്തുന്ന ഈ കെട്ട കാലത്തു നല്ല കവിതകളുടെ വായന
പോലും ഒരു പ്രതിരോധ പ്രവര്‍ത്തനമാകും എന്നു മനസിലാക്കേണ്ടിയിരിക്കുന്നു. വാഴുന്നവര്‍ നിങ്ങളുടെ പുസ്തക വായനയെയും ചിന്തയെയും ഭയപ്പെടുന്നു
മെക്‌സിക്കോവിലെ ആദിവാസി നേതാവ് മാര്‍കോസുമായി ലോക പ്രശസ്ത എഴുത്തുകാരന്‍ ഗബ്രിയേല്‍ ഗാര്‍സ്യാ മാര്‍കേസ് നടത്തിയ സംഭാഷണത്തിനിടയില്‍ വായന കടന്നുവരുന്നുണ്ട്. ഗബ്രിയേല്‍ ഗാര്‍സിയാ മാര്‍കേസ് ചോദിക്കുന്നു. ഇത്തരത്തിലുള്ള എല്ലാ തിരക്കുകളില്‍നിന്നും നിങ്ങള്‍ വായിക്കാനുള്ള സമയം കണ്ടെത്താറുണ്ടോ?

പി.കെ പാറക്കടവ് parakkadavupk@gmail.com
untitled-1

മെക്‌സിക്കോവിലെ ആദിവാസി നേതാവ് മാര്‍കോസ് പറയുന്നു: ‘ഉവ്വ്. ഇല്ലെങ്കില്‍ ഞങ്ങളെന്തു ചെയ്യും? പഴയ സൈനികര്‍ ഒഴിവു സമയത്ത് ആയുധങ്ങള്‍ തുടച്ചു വൃത്തിയാക്കുകയും വെടിമരുന്ന് ശേഖരിച്ചു വയ്ക്കുകയും ചെയ്യുമായിരുന്നു. ഞങ്ങളുടെ ആയുധം വാക്കുകളാണ്. ആ ആയുധപ്പുര ഞങ്ങള്‍ക്ക് ഏതുനിമിഷവും ആവശ്യമായി വരാം’.
ഗബ്രിയേല്‍ മാലാഖ പ്രവാചകനോട് ആദ്യം മൊഴിഞ്ഞത് ഇഖ്‌റഅ് (വായിക്കുക) എന്നാണ്. നിങ്ങള്‍ ചിന്തിക്കുന്നില്ലേ എന്നാണു ഖുര്‍ആനില്‍ എമ്പാടും. വായനയുടെ തുടര്‍ച്ച തന്നെയാണ് ചിന്തയും.

മാര്‍കേസ്

മാര്‍കേസ്

പുസ്തകങ്ങള്‍ സംസ്‌കാരത്തെയും ചരിത്രത്തെയും പ്രതിനിധാനം ചെയ്യുന്നു. യുദ്ധം നടത്തുന്ന ഏകാധിപതികള്‍, സാമ്രാജ്യത്വ ശക്തികള്‍ ആളുകളെ മാത്രമല്ല, ആശയങ്ങളെയും സംസ്‌കാരത്തെയും ഭാഷയെയും ചരിത്രത്തെയും ഓര്‍മയെയും ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു. അതിനവര്‍ ചെയ്യുന്നത് പുസ്തകപ്പുരകള്‍ക്ക് തീ വയ്ക്കുകയാണ്. ഒരു രാജ്യത്തെ അക്രമിക്കുമ്പോള്‍ വായനശാലകള്‍ നശിപ്പിക്കുക എന്നുള്ളത് വളരെക്കാലം മുന്‍പേയുള്ള പ്രവര്‍ത്തനമാണ്. ഈജിപ്തിലെ അലക്‌സാണ്ട്രിയ ലൈബ്രറിയും ബിഹാറില്‍ നളന്ദയിലെ വന്‍ പുസ്തക ശേഖരവും ഇങ്ങനെ നശിപ്പിക്കപ്പെട്ടിട്ടുണ്ട്.
ഫാസിസ്റ്റ് ചിന്താഗതിക്കാര്‍ക്ക് എന്നും പുസ്തകങ്ങളോട് അലര്‍ജിയായിരുന്നു. ഒരു പുസ്തകം എഴുതിയെന്ന കുറ്റത്തിനു ഫാസിസ്റ്റുകള്‍ പെരുമാള്‍ മുരുകനെതിരേ ഹാലിളകി. എഴുത്തുതന്നെ നിര്‍ത്തേണ്ടി വന്നു പെരുമാള്‍ മുരുകന്. ഒടുവില്‍ കോടതിയാണ് ഈ എഴുത്തുകാരന്റെ രക്ഷയ്‌ക്കെത്തിയത്.
ദാവങ്കരൈ യൂനിവേഴ്‌സിറ്റിയില്‍ ജേണലിസം പി.ജി രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായിരുന്ന ഹുഛംഗി പ്രസാദ് ‘ഒടലകിച്ചു’എന്ന ഒരു പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘ഒടലകിച്ചു’ എന്നതിന് ‘ഉള്ളിലുള്ള അഗ്നി’എന്നര്‍ഥം. അംബേദ്കറുടെ പ്രഭാഷണങ്ങളും എഴുത്തുകളും ആ പുസ്തകത്തിന്റെ രചനയെ സ്വാധീനിച്ചിട്ടുണ്ടെന്ന് ഹുംഛംഗി.
 കെ.എസ് ഭഗവാനായിരുന്നു പുസ്തകം പ്രകാശനം ചെയ്തത്. പുസ്തകങ്ങളിലെ ആശയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനു പകരം ആശയത്തെ ആയുധങ്ങള്‍കൊണ്ടാണ് ഫാസിസ്റ്റുകള്‍ നേരിട്ടത്.

പെരുമാള്‍ മുരുകന്‍

പെരുമാള്‍ മുരുകന്‍

വായന മനസിന്റെ വാതായനങ്ങള്‍ തുറക്കലാണ്. നമ്മുടെ ധാരണകള്‍ ചിലപ്പോള്‍ അടിമുടി മാറുന്നു. ഒരു പുസ്തകം തന്നെ പലതരം വായനകള്‍ സാധ്യമാക്കുന്നുണ്ട്. അതുകൊണ്ടാണ് രണ്ടുപേര്‍ ഒരേ പുസ്തകം ഒരിക്കലും വായിക്കുന്നില്ലെന്ന് എഡ്മണ്ട് വില്‍സണ്‍ പറഞ്ഞത്.
ഫാസിസം പുസ്തകത്താളില്‍ നിന്നിറങ്ങിവന്ന് നമ്മുടെ വീട്ടുമുറ്റത്തും അടുക്കളയിലുമെത്തുന്ന ഈ കെട്ട കാലത്തു നല്ല കവിതകളുടെ വായനപോലും ഒരു പ്രതിരോധ പ്രവര്‍ത്തനമാകും എന്നു മനസിലാക്കേണ്ടിയിരിക്കുന്നു. വാഴുന്നവര്‍ നിങ്ങളുടെ പുസ്തക വായനയെയും ചിന്തയെയും ഭയപ്പെടുന്നു. പുസ്തകം ഒരാളെ മാറ്റിത്തീര്‍ക്കുമെന്നവര്‍ക്കറിയാം. ഒരു ചെറിയ എതിര്‍ശബ്ദംപോലും ഫാസിസ്റ്റുകളുടെ ഉറക്കം കെടുത്തും.

 

“ചുരുട്ടിയ  ഈ മുഷ്ടികള്‍
ഉടന്‍ നിവരുകയില്ല
വരാനിരിക്കുന്ന വിപ്ലവം
നിങ്ങള്‍ക്കായി
കാത്തിരിക്കുകയുമില്ല
ഞങ്ങള്‍ വേണ്ടുവോളം
സഹിച്ചിരിക്കുന്നു
ഇനിയും സഹനശക്തി
ബാക്കിയില്ല.”
(ഒരു മറാഠി കവിത)

മുഖവും പുസ്തകവുമില്ലാത്തവന്റേതായിരിക്കുന്നു ഇന്നു മുഖപുസ്തകം
(ഫേസ്ബുക്)

സെല്‍ഫി എടുത്തെടുത്താണ് നമ്മളൊക്കെ ഇങ്ങനെ സെല്‍ഫിഷ് ആയത്.

മുഖപുസ്തകത്തില്‍നിന്ന് യഥാര്‍ഥ പുസ്തകത്തിലേക്ക് എത്ര ദൂരമുണ്ട്?