2018 February 19 Monday
ശത്രുവിനോടു പൊരുതിയിട്ടാണൊരാളുടെ ജീവിതം നടന്നുപോകുന്നതെങ്കില്‍, ശത്രുവിന്റെ ജീവിതം നിലനിര്‍ത്തുന്നതിലും അയാള്‍ക്കൊരു താല്‍പര്യമുണ്ടാവും.
ഫ്രെഡറിക് നീഷെ

ജ. സെക്രട്ടറി കസേരയില്‍ ഇനി ‘തലൈവി’ ശശികല പുറത്ത്

ചെന്നൈ: ശശികല പക്ഷത്തെ വെട്ടിനിരത്തി, അണ്ണാ ഡി.എം.കെയെ കൈപ്പിടിയിലൊതുക്കി പളനിസാമി-പനീര്‍സെല്‍വം കൂട്ടുകെട്ട്. ജയിലില്‍ കഴിയുന്ന ശശികലയെ എ.ഐ.ഡി.എം.കെയുടെ ഇടക്കാല ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കി. മുഖ്യമന്ത്രി ഇ.പളനിസ്വാമി, മുന്‍ മുഖ്യമന്ത്രി ഒ.പനീര്‍സെല്‍വം എന്നിവര്‍ വിളിച്ചു ചേര്‍ത്ത ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം.
ശശികലയുടെ അനന്തിരവനും മുന്‍ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയുമായ ടി.ടി.വി.ദിനകരനെയും വഹിച്ചിരുന്ന എല്ലാ സ്ഥാനങ്ങളില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ട്. ഉപമുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വമാകും ഇനി പാര്‍ട്ടിയെ നയിക്കുക. എ.ഐ.ഡി.എം.കെക്ക് ഇനി ജനറല്‍ സെക്രട്ടറി ഉണ്ടാവില്ല.
ജയലളിതയുടെ സ്മരണയ്ക്കായി ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിച്ചിടാനും തീരുമാനമായി. പകരം ഒ.പി.എസ് അധ്യക്ഷനായ ഏകോപന സമിതിയാണ് ഇനിയുണ്ടാകുക. മുഖ്യമന്ത്രി ഇ.പളനിസ്വാമി ഉപാധ്യക്ഷനാകും. ജയലളിത നിയമിച്ച ജനറല്‍ കൗണ്‍സില്‍ ഭാരവാഹികള്‍ തുടരാനും തീരുമാനമായിട്ടുണ്ട്.
തിങ്കളാഴ്ച രാത്രിവരെ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് അണ്ണാ ഡി.എം.കെ ജനറല്‍ കൗണ്‍സില്‍, എക്‌സിക്യൂട്ടീവ് യോഗങ്ങള്‍ തടയണമെന്ന ദിനകരന്‍ പക്ഷത്തിന്റെ ഹരജി മദ്രാസ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചും തള്ളിയത്. പി.വെട്രിവേല്‍ എം.എല്‍.യുടെ ഹരജി രാവിലെ തന്നെ സിംഗിള്‍ ബെഞ്ച് തള്ളുകയും കോടതിയുടെ സമയം നഷ്ടമാക്കിയതിന് ഒരുലക്ഷം രൂപ പിഴ വിധിക്കുകയും ചെയ്തിരുന്നു.
ശശികലയെ പിന്തുണക്കുന്ന 18 എം.എല്‍.എ മാര്‍ യോഗത്തില്‍ പങ്കെടുത്തില്ല. പാര്‍ട്ടി ജനറല്‍ സെക്രട്ടറി ശശികലയാണെന്നും പളനിസാമി വിളിച്ചുചേര്‍ക്കുന്ന യോഗത്തില്‍ പങ്കെടുക്കുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും ദിനകരന്‍ മുന്നറിയിപ്പു നല്‍കിയിരുന്നു.
ജനറല്‍ കൗണ്‍സിലിന്റെ തീരുമാനം നിയമവിരുദ്ധമാണെന്ന് വ്യക്തമാക്കി ശശികല പക്ഷം ഏറ്റുമുട്ടലിന് തയാറാണെന്ന സൂചന നല്‍കിയതോടെ, അണ്ണാ ഡി.എം.കെയില്‍ വീണ്ടും പൊട്ടിത്തെറിക്കു വഴിതെളിഞ്ഞു. തീരുമാനത്തിനെതിരേ കോടതിയെ സമീപിക്കുമെന്ന് ഇവര്‍ വ്യക്തമാക്കി.
ജനറല്‍ കൗണ്‍സില്‍ വിളിക്കാന്‍ പളനിസാമിക്ക് അര്‍ഹതയില്ലെന്ന് ശശികല വിഭാഗം ചൂണ്ടിക്കാട്ടി. ശശികലയെ പുറത്താക്കിയതുള്‍പ്പെടെ കൗണ്‍സില്‍ കൈക്കൊള്ളുന്ന എല്ലാ തീരുമാനങ്ങളിലും മദ്രാസ് ഹൈക്കോടതിയാവും അന്തിമവിധി പുറപ്പെടുവിക്കുക.
24നു ഹരജി വീണ്ടും പരിഗണിക്കുമ്പോള്‍ യോഗതീരുമാനങ്ങള്‍ അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.