2019 August 25 Sunday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

ഹജ്ജ്‌ 2018: ഇന്ത്യന്‍ ഹാജിമാരുടെ ആദ്യ സംഘം നാളെ മക്കയിലേക്ക്

  • യാത്രക്കായി ഹജ്ജ് മിഷന്റെ വിപുലമായ സൗകര്യങ്ങള്‍
  • ഒരു ഇന്ത്യന്‍ ഹാജി മരിച്ചു
അബ്ദുസ്സലാം കൂടരഞ്ഞി

മദീന: ഹജ്ജിനായി മദീനയിലെത്തിയ ഇന്ത്യന്‍ സംഘത്തിലെ ആദ്യ സംഘത്തിന്റെ മക്ക യാത്ര നാളെ (തിങ്കള്‍) ആരംഭിക്കും. കഴിഞ്ഞ പതിനാലിന് ആദ്യ ദിവസം വന്ന തീര്‍ത്ഥാടകരാണ് മക്കയിലേക്ക് പുറപ്പെടുക. തുടര്‍ന്ന് ഓരോ ദിവസവും മദീനയിലെത്തിയ കണക്കനുസരിച്ച് യഥാക്രമം ഓരോ ദിവസത്തെയും ഹാജിമാര്‍ മദീനയില്‍ നിന്നും മക്കയിലേക്ക് യാത്ര തിരിക്കും. ഇതിനോടകം ആദ്യമാദ്യം എത്തിയ തീര്‍ത്ഥാടകര്‍ മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇന്ത്യയില്‍ നിന്നും മദീനയിലെത്തിയ തീര്‍ത്ഥാടകര്‍ എട്ടു ദിവസം ഇവിടെ തങ്ങിയ ശേഷമാണ് മക്കയിലേക്ക് യാത്ര തിരിക്കുന്നത്.

മദീനയിലെത്തിയ തീര്‍ത്ഥാടകരുടെ നാളെ മുതല്‍ തുടങ്ങുന്ന മക്ക യാത്രക്ക് ഇന്ത്യന്‍ ഹജ്ജ് മിഷന്‍ വിപുലമായ ബസ് സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഏറ്റവും മുന്തിയ ഇനത്തിലുള്ള അതിവിപുല സൗകര്യങ്ങളുള്ള ബസ് സര്‍വീസാണ് ഒരുക്കിയിരിക്കുന്നത്. ഇന്ത്യക്കാര്‍ക്കായി ആകെ മൊത്തം 234 സര്‍വീസുകളാണ് മദീനയിലേക്ക് നടത്തുന്നത് . ന്യൂഡല്‍ഹി, ഗയ, ഗോവ, കൊല്‍ക്കത്ത, ലക് നോ, മംഗലാപുരം, ശ്രീനഗര്‍, വരാണസി എന്നിവിടങ്ങളില്‍ നിന്നുള്ള വിമാനങ്ങളിലായി 67,302 യാത്രക്കാരാണ് മദീനയിലെത്തിച്ചേരുക. ഇതിനു ശേഷം ഇന്ത്യന്‍ ഹാജിമാരുടെ യാത്ര ജിദ്ദയിലേക്കായിരിക്കും.

അതേസമയം, മദീനയിലെത്തിയ ഒരു ഇന്ത്യന്‍ ഹാജി മരണപ്പെട്ടു. ഉത്തര്‍ പ്രദേശില്‍ നിന്നുള്ള മുര്‍തുസ ഹുസൈന്‍ (66) ആണ് മരണപ്പെട്ടത്. ന്യൂമോണിനെ ബാധിച്ചതിനെ തുടര്‍ന്ന് മദീന അല്‍ അന്‍സാര്‍ ആശുപത്രി ഐ.സി.യുവില്‍ ചികത്സയിലായിരുന്നു. തീര്‍ഥാടകരില്‍ 1894 പേര്‍ക്ക് ഇന്ത്യന്‍ ഹജ്ജ് മിഷന്റെ ഔട്ട് പേഷ്യന്റ് ഡിപ്പാര്‍ട്ട്‌മെന്റ് സര്‍വീസിലൂടെയും 688 തീര്‍ത്ഥാടകര്‍ക്ക് മൊബൈല്‍ സംഘത്തിന്റെയും മേല്‍നോട്ടത്തില്‍ ചികിത്സ നേടിയതായി ഹജ്ജ് മിഷന്‍ അറിയിച്ചു. ഡല്‍ഹി, ലക്‌നൗ, ശ്രീനഗര്‍, ഗുവാഹത്തി, ഗയ, കൊല്‍ക്കത്ത, വാരാണസി എന്നീ എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്നുള്ള തീര്‍ത്ഥാടകരാണ് ഇത് വരെ എത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ഇവിടങ്ങളില്‍ നിന്നും 19 വിമാനങ്ങളാണ് സര്‍വ്വീസ് നടത്തിയത്.5327 തീര്‍ത്ഥാടകരാണ് ഒറ്റ ദിവസം വന്നിറങ്ങിയത്. മംഗലാപുരത്ത് നിന്നും അടുത്ത ദിവസം തീര്‍ത്ഥാടകരെത്തും. ഇതിനോടകം മുപ്പതിനായിരത്തിലധികം ഹാജിമാരാണ് മദീനയിലെത്തിയത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News

Trending News