2018 November 16 Friday
നിങ്ങള്‍ മൂന്നുപേരുള്ളപ്പോള്‍ രണ്ട് പേര്‍ മാത്രം മാറിനിന്ന് സ്വകാര്യം പറയരുത്

ജോസ്മിക്ക് ആരോഗ്യവകുപ്പിന്റെ സഹായം

കൊട്ടിയൂര്‍: സുപ്രഭാതം വാര്‍ത്ത അനുഗ്രഹമായി വൃക്ക തകരാറിലായി ചികിത്സയില്‍ കഴിയുന്ന ചപ്പമല കരിമ്പുംകണ്ടം സ്വദേശിനി ജോസ്മിക്ക് ആരോഗ്യവകുപ്പിന്റെ സഹായ ഹസ്തം.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള തുക സ്വീകരിക്കാന്‍ പേരാവൂരിലെത്തിയമന്ത്രി കെ കെ ശൈലജയാണ് തുടര്‍ചികിത്സയുക്കുള്ള സഹായം വാഗ്ദാനം ചെയ്തത്.
മാറ്റിവച്ച വൃക്കയും തകരാറിലായതോടെ തുടര്‍ചികിത്സയ്ക്കായി സുമനസുകളുടെ സഹായം തേടുന്നതിനിടെയാണ് ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ ജോസ്മിയുടെ തുടര്‍ ചികിത്സയ്ക്കുള്ള തുക സര്‍ക്കാര്‍ വഹിക്കുമെന്ന് വാഗ്ദാനം നല്‍കിയത്.കാരുണ്യയില്‍ നിന്നും ചികിത്സയ്ക്കായി ലഭിക്കുന്ന മൂന്ന്‌ലക്ഷം രൂപയ്ക്ക് പുറമെ ചെലവാകുന്ന നാലുലക്ഷം രൂപ സര്‍ക്കാര്‍ വഹിക്കുമെന്നാണ് മന്ത്രി ജോസ്മിയുടെ കുടുംബത്തിന് ഉറപ്പ് നല്‍കിയത്.ആഴ്ചയില്‍ മൂന്നുദിവസം ചെയ്യുന്ന ഡയാലിസിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തുന്ന ജോസ്മിയുടെ ജീവിതം സുപ്രഭാതമാണ് പ്രസിദ്ധീകരിച്ചത്. ഏഴുവര്‍ഷം മുന്‍പ് കൊട്ടിയൂര്‍ ഐ.ജെ.എം ഹയര്‍സെക്കന്ററി സ്‌കൂളില്‍ പ്ലസ്ടുവിന് പഠിക്കുമ്പോഴാണ് ജോസ്മിക്ക് രോഗം സ്ഥിരീകരിച്ചത്.
ശരീരത്തിന്റെ വളര്‍ച്ചയ്ക്കനുസരിച്ച് വൃക്കയുടെ വളര്‍ച്ച ഇല്ലാത്തതാണ് രോഗ കാരണമായി കണ്ടെത്തിയത്.സുമനുസുകളുടെ സഹായത്തോടെ ഒന്‍പതുലക്ഷംരൂപയായിരുന്നു വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് ചെലവായത്.
അമ്മ ജോളി ജോസ്മിക്ക് വൃക്ക നല്‍കിയെങ്കിലും മൂന്ന്മാസം മുന്‍പ് ജോസ്മിയുടെ നില വീണ്ടും വഷളാവുകയായിരുന്നു.
ഓട്ടോ ഡ്രൈവറായ അച്ചന്‍ ജോസിന്റെയും അങ്കനവാടി ഹെല്‍പ്പറായ അമ്മ ജോളിയുടെയും തുച്ഛമായ വരുമാനം കൊണ്ടായിരുന്നു ജോസ്മിയുടെ ചികിത്സയ്ക്കുള്ള പണം കണ്ടെത്തിയിരുന്നത്.
ജോസ്മിയുടെ ദുരിത വാര്‍ത്ത സി.പി. എം പ്രാദേശിക നേതൃത്വം മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് പേരാവൂരിലെത്തിയ മന്ത്രിജോസ്മിയെ തേടിയെത്തിയത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.