2020 August 13 Thursday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: ദമ്പതികള്‍ക്കെതിരേ അന്വേഷണം

കണ്ണൂര്‍: വീട്ടിലിരുന്നു ജോലി ചെയ്തു വരുമാനം നേടാമെന്ന പരസ്യം നല്‍കി മുന്‍കൂറായി നിക്ഷേപം സ്വീകരിച്ചു മുങ്ങിയ സ്ഥാപന ഉടമകളായ ദമ്പതികള്‍ക്കെതിരേ ടൗണ്‍ പൊലിസ് അന്വേഷണം തുടങ്ങി. ഉദ്യോഗാര്‍ഥികള്‍ നല്‍കിയ പരാതിയെ തുടര്‍ന്നു ജില്ലാ പൊലിസ് മേധാവിയുടെ നിര്‍ദേശപ്രകാരമാണ് അന്വേഷണം. കണ്ണൂര്‍ തെക്കിബസാറില്‍ പ്രവര്‍ത്തിച്ചിരുന്ന ഗ്രീന്‍ ഐ.ടി സൊല്യൂഷന്‍സ് എന്ന സ്ഥാപനത്തിന്റെ ഉടമകള്‍ക്കെതിരേയാണ് നൂറോളം ഉദ്യോഗാര്‍ഥികള്‍ ജില്ലാ പൊലിസ് മേധാവിക്ക് പരാതി നല്‍കിയത്. സ്ഥാപനത്തിലെ ജീവനക്കാരും പരാതി ഉന്നയിച്ചിരുന്നു.  വീട്ടിലിരുന്ന് ഡാറ്റാ എന്‍ട്രി ജോലി ചെയ്ത് പണം സമ്പാദിക്കാമെന്നായിരുന്നു വാഗ്ദാനം. ജോലിക്ക് ആദ്യ നിക്ഷേപമെന്ന നിലയില്‍ 1800 രൂപ ഉദ്യോഗാര്‍ഥികളോട് വാങ്ങി. ആദ്യമാസം കൃത്യമായി ശമ്പളം നല്‍കിയെങ്കിലും പിന്നീടുള്ള മാസങ്ങളില്‍ നല്‍കാതെയായി. പിന്നീട് പലകാര്യങ്ങള്‍ക്കായി പണം വാങ്ങിച്ചിരുന്നു. ശമ്പളം മുടങ്ങിയതിനെ തുടര്‍ന്ന് സ്ഥാപനത്തില്‍ എത്തിയ ഉദ്യോഗാര്‍ഥികള്‍ ഓഫിസ് അടച്ചുപൂട്ടിയ നിലയിലാണ് കണ്ടത്. ഉടമയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. ഇതോടെയാണ് നിക്ഷേപകരും ജീവനക്കാരും ടൗണ്‍ പൊലിസില്‍ പരാതി നല്‍കിയത്. ടൗണ്‍ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്യാത്തതിനെ തുടര്‍ന്ന് പൊലിസ് മേധാവിയെ സമീപിക്കുകയായിരുന്നു. സ്ഥാപന ഉടമകള്‍ ഉദ്യോഗാര്‍ഥികളുടെ പാന്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ എന്നിവ കൈക്കലാക്കിയിട്ടുണ്ട്. ഇത് മറ്റേതെങ്കിലും തരത്തില്‍ ദുരുപയോഗം ചെയ്യുമെന്ന ഭയവുമുണ്ട്. രജിസ്‌ട്രേഷന്‍ ഫീസ്, ട്രെയിനിങ് ഫീസ്, നികുതി തുടങ്ങിയ പേരുകളിലായി ഒരാളില്‍ നിന്നു 4000 രൂപവരെ വാങ്ങിയിട്ടുണ്ട്. കൂടാതെ ജീവനക്കാരുടെ മൂന്നുമാസത്തെ ശമ്പളവും ജോലി ചെയ്തവര്‍ക്കുള്ള പ്രതിഫലവും നല്‍കിയിട്ടില്ല.
20 ലക്ഷത്തോളം രൂപ ഇത്തരത്തില്‍ വെട്ടിച്ചതായി ഉദ്യോഗാര്‍ഥികള്‍ പറയുന്നു. കോഴിക്കോട് ജില്ലയിലും സമാനമായ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് മനസിലായിട്ടുണ്ട്. ഉടമ മാല്യങ്കര സ്വദേശിയാണെന്നും ഇയാളുടെ ഭാര്യ കള്ളാര്‍ സ്വദേശിയാണെന്നുമാണ് പ്രാഥമിക വിവരം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.