2019 October 22 Tuesday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

ജോണ്‍സനെ ചോദ്യം ചെയ്ത് വിട്ടയച്ചു; ജോളിയുമായി വഴിവിട്ട ബന്ധം

 

വടകര: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യ പ്രതിയായ ജോളിക്ക് ബി.എസ്.എന്‍.എല്‍ ഉദ്യോഗസ്ഥനായ ജോണ്‍സണുമായി വഴിവിട്ട ബന്ധങ്ങള്‍. ജോണ്‍സനെ അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്തു വിട്ടയച്ചു. ആവശ്യമെങ്കില്‍ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും.
ജോളിയുടെയും മറ്റുള്ളവരുടെയും മൊഴികളുമായി ജോണ്‍സനെ ബന്ധിപ്പിക്കാനുള്ള തെളിവുകള്‍ക്കായാണ് ഇന്നലെ രാവിലെ മുതല്‍ വൈകീട്ടുവരെ മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യല്‍ നടത്തിയത്. ജോളിയുമായും ജോളിയുടെ കുടുംബവുമായും നല്ല ബന്ധമായിരുന്നുവെന്നാണ് ജോണ്‍സണ്‍ പൊലിസിനോട് പറഞ്ഞത്.
ജോളിയുടെ ഫോണില്‍നിന്ന് ഏറ്റവും കൂടുതല്‍ വിളികള്‍ പോയത് ജോണ്‍സണിന്റെ ഫോണിലേക്കാണ്. കൊലപാതകങ്ങളെ കുറിച്ച് അറിയില്ലെന്നാണ് ജോണ്‍സണ്‍ പറയുന്നതെങ്കിലും പിന്നെ എന്തിനാണ് ഇത്ര കോളുകള്‍ വിളിച്ചതെന്ന ചോദ്യത്തിനാണ് ഉത്തരം കിട്ടേണ്ടത്.
മാത്രമല്ല, ജോളിയുടെ കോയമ്പത്തൂര്‍ സന്ദര്‍ശനങ്ങള്‍ ജോണ്‍സണുമായി ബന്ധപ്പെട്ടുള്ളതാണെന്നും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. അതേസമയം ഈ ബന്ധം ഉപയോഗിച്ച് കൊലപാതകങ്ങളില്‍ എന്തെങ്കിലും തെളിവുകള്‍ ലഭിക്കുമോ എന്നാണ് അന്വേഷിക്കുന്നത്.
ഇന്നലെ എ.എസ്.പി സുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തില്‍ രാവിലെ മുതല്‍ നടത്തിയ ചോദ്യം ചെയ്യലിനുശേഷം റൂറല്‍ എസ്.പി കെ.ജി സൈമണും പയ്യോളിയിലെ ക്രൈംബ്രാഞ്ച് ഓഫിസിലെത്തി. മൊഴികളിലെ വൈരുധ്യങ്ങളും ഫോണ്‍കോളുകള്‍ കണ്ടെത്തിയ ദിവസങ്ങളിലെ ജോളിയുടെ പ്രവര്‍ത്തനങ്ങളും വിശകലനം ചെയ്തായിരുന്നു ചോദ്യം ചെയ്യല്‍.
തുടര്‍ന്ന് മാധ്യമങ്ങളെ കണ്ട എസ്.പി, ജോണ്‍സന്റെ ചോദ്യചെയ്യലിന്റെ കാര്യത്തില്‍ ഒന്നും പറയാറായിട്ടില്ലെന്നും നിരീക്ഷണത്തിലുള്ള നിരവധിപേരില്‍ ഒരാളാണ് ജോണ്‍സണെന്നും പറഞ്ഞു.
ആറ് മരണങ്ങളുടെ അന്വേഷണത്തിനിടയില്‍ ഇപ്പോള്‍ വീണ്ടും പുറത്തുവരുന്നതും പരാതിയായി എത്തുന്നതുമായ നിരവധി ദുരൂഹ മരണങ്ങളും സംഭവങ്ങളുമാണ് അന്വേഷണ സംഘത്തിന് സമ്മര്‍ദമേറ്റുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.