2019 April 23 Tuesday
പുറമെ നിന്ന് അടിച്ചേല്‍പിക്കാവുന്ന ഒന്നല്ല ജനാധിപത്യം എന്നത്. അത് ഉള്ളില്‍ നിന്നുതന്നെ വരേണ്ടതാണ് -മഹാത്മാഗാന്ധി

ജൈവ പച്ചക്കറി കൃഷിയില്‍ വിജയഗാഥയുമായി മദ്‌റസാ അധ്യാപകന്‍

ടി.സി അജ്്മല്‍ അശ്അരി

കുറ്റ്യാടി: പള്ളിയിലും മദ്‌റസയിലും ജോലിചെയ്യുന്നവര്‍ക്ക് ഒഴിവു സമയങ്ങള്‍ ഏറെയാണ്. അങ്ങനെയുള്ള ഒഴിവു സമയം നാടന്‍വിത്തുകളും ജൈവവളവുമുപയോഗിച്ചുമുള്ള പച്ചക്കറികൃഷി ചെയ്ത് വിജയഗാഥ രചിക്കുകയാണ് ഇങ്ങ് കിഴക്കേമലയോരത്തെ ഒരു മദ്‌റസാ അധ്യാപകന്‍. വയനാട് ജില്ലയിലെ വെസ്റ്റ് വെള്ളിലാടി സ്വദേശിയായ മുഹമ്മദ് മുസ്‌ലിയാര്‍ എന്ന അന്‍പത്തിനാലുകാരനാണ് തന്റെ ജോലിസ്ഥലമായ കുറ്റ്യാടിയിലെ കള്ളാട്ട് ജുമുഅത്ത് പള്ളിക്ക് സമീപം ഒഴിവുസമയം ജൈവ പച്ചക്കറികൃഷി ചെയ്ത് വ്യത്യസ്ഥനാവുന്നത്.
കാബേജ്, വെണ്ട, തക്കാളി, പച്ചമുളക്, പയര്‍, ചീര, പടവലം, കോളിഫ്‌ളവര്‍, വെള്ളേരി, ചോളം, വഴുതിന, മത്തന്‍, കുമ്പളം, പാവയ്ക്ക, ചുരങ്ങ് തുടങ്ങിയ ഒട്ടുമിക്ക പച്ചക്കറിയിനങ്ങളും മുഹമ്മദ് ഒരുക്കിയ തോട്ടത്തിലുണ്ട്. ഇതിനു പുറമെ റോബസ്റ്റ്, നേന്ത്ര തുടങ്ങിയ വാഴക്കൃഷികളും ചെയ്തു വരുന്നുണ്ട്. പള്ളിയോട് ചേര്‍ന്നുള്ള മുപ്പത് സെന്റ് ഭൂമിയിലാണ് മുഹമ്മദ് ഈ കൃഷികളൊക്കെ ചെയ്തുവരുന്നത്. വളമായി കോഴിവളമാണ് ഉപയോഗിക്കുന്നത്.
കര്‍ഷകനായ പിതാവില്‍ നിന്നും ലഭിച്ച കൃഷിയറിവാണ് മുഹമ്മദിനെ കൃഷിയില്‍ തല്‍പ്പരനാക്കിയത്.
പരിസരവാസികളൊക്കെ വല്ല കൃഷിയും ചെയ്യാന്‍ മറ്റു ജോലിക്കാരെ ആശ്രയിക്കുമ്പോള്‍ വേറൊരാളുടെ സഹായമില്ലാതെ തന്നെ കുഴിയെടുത്തും നിലം ഉഴുതും, ഗ്രോബാഗ് നിറച്ചും കൃഷി ചെയ്യുന്ന മുഹമ്മദിന്റെ കൃഷിപ്രവൃത്തി നാട്ടുകാര്‍ക്ക് കൗതുകക്കാഴ്ചയാണ്. രാവിലെ അധ്യാപനം കഴിഞ്ഞാല്‍ പിന്നെ മുഹമ്മദ് മുസ്‌ലിയാര്‍ തലയില്‍ തോര്‍ത്തുമുണ്ടും കൈയിലൊരു തൂമ്പയുമായി നേരെ പോകുന്നത് പള്ളിയോട് ചേര്‍ന്നു നില്‍ക്കുന്ന മുപ്പത് സെന്റ് ഭൂമിയിലെ കൃഷിത്തോട്ടത്തിലേക്കാണ്.
പിന്നെ ളുഹര്‍ നിസ്‌ക്കാരം വരെയും തുടര്‍ന്ന് വൈകീട്ട് നാലു മുതല്‍ ആറു വരെയുമാണ് കൃഷിക്ക് ആവശ്യമായ പരിചരണം നടത്താന്‍ സമയം കണ്ടെത്തുന്നത്. പള്ളിപ്പരിസരത്തെ കൃഷിക്ക് പൂര്‍ണപിന്തുണയുമായി ഖത്തീബും ജംഇഇയ്യത്തുല്‍ മുഅല്ലിമീന്‍ കുറ്റ്യാടി റെയ്ഞ്ച് സെക്രട്ടറിയുമായ അഷ്‌റഫ് അമാനി കൂടെയുണ്ട്.
അതിനിടെ വിഷരഹിത പച്ചക്കറിയായതിനാല്‍ പാകമാകുന്നതിനനുസരിച്ച് വാങ്ങാന്‍ ആവശ്യക്കാരുടെ തിക്കും തിരക്കുമാണ് പള്ളിപ്പരിസരത്ത്. പച്ചക്കറിയില്‍ ചീരയാണ് ഏവര്‍ക്കും പ്രിയം. വില പരസ്പരം തൃപ്തിപ്പെട്ട് നല്‍കുന്നത് മാത്രം സ്വീകരിക്കും. അതിനാല്‍ പള്ളിയോട് ചേര്‍ന്നുള്ള ഒട്ടുമിക്ക ആളുകളും കുറച്ചുനാളുകളായി പച്ചക്കറിക്കായി അങ്ങാടികളെ ആശ്രയിക്കാറില്ല. പച്ചക്കറി കൃഷിക്കൊപ്പം ഏതാനും ഔഷധ സസ്യങ്ങളും നട്ടു വളര്‍ത്തി വരുന്നുണ്ട്.
സ്വന്തം നാട്ടില്‍ വീടിന് പരിസരത്തുള്ള സ്ഥലത്തും മുഹമ്മദ് മുസ്‌ലിയാര്‍ കൃഷി ചെയ്യുന്നുണ്ട്. അവധിക്ക് പോകുമ്പോഴാണ് അതിനുള്ള പരിചരണത്തിന് സമയം കണ്ടെത്തുന്നത്. സൈനബയാണ് ഭാര്യ. അഞ്ചുമക്കളാണ്. കൃഷിയോടുള്ള താല്‍പര്യവും അതിനുള്ള മനസുമുണ്ടെങ്കില്‍ നമുക്കാവശ്യമുള്ള പച്ചക്കറികള്‍ എവിടെയും ഉണ്ടാക്കാനാവുമെന്നാണ് മുഹമ്മദ് മുസ്‌ലിയാര്‍ തന്റെ കൃഷിയിലൂടെ തെളിയിക്കുന്നത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.