2020 July 14 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ജൈവവൈവിധ്യ രജിസ്റ്ററുള്ള ആദ്യ സംസ്ഥാനമാകാന്‍ കേരളം

ഡി.എസ് പ്രമോദ്

തിരുവനന്തപുരം: സംസ്ഥാനത്തെ ജൈവവൈവിധ്യ രജിസ്റ്റര്‍ തയാറാക്കുന്ന നടപടികള്‍ അന്തിമഘട്ടത്തിലേക്ക്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ജനകീയ ജൈവവൈവിധ്യ രജിസ്റ്ററുള്ള ആദ്യ സംസ്ഥാനമായി കേരളം മാറും.

സംസ്ഥാനത്തെ 1,034 തദ്ദേശ സ്ഥാപനങ്ങളില്‍ 845 എണ്ണം ഇതിനകം രജിസ്റ്റര്‍ തയാറാക്കിക്കഴിഞ്ഞു. ശേഷിക്കുന്ന തദ്ദേശസ്ഥാപനങ്ങളില്‍ രജിസ്റ്റര്‍ തയാറാക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണ്.

ഒരു ഭൂപ്രദേശത്ത് നിലവിലുള്ള സസ്യജാലങ്ങളും ജന്തുജീവികളും പരമ്പരാഗതമായ അറിവുകളും ആചാരങ്ങളും ഭൂപ്രകൃതിയും പ്രകൃതിവിഭവങ്ങളും ഉള്‍ക്കൊള്ളുന്നതാണ് ജൈവവൈവിധ്യ രജിസ്റ്റര്‍. ഇത്തരം പ്രദേശങ്ങളിലെ നിര്‍മാണപ്രവര്‍ത്തനങ്ങളുള്‍പ്പെടെ വരുംകാലങ്ങളില്‍ നിയന്ത്രിക്കുക ഈ രജിസ്റ്ററിനെ ആധാരമാക്കിയാകും. ജനകീയ ജൈവവൈവിധ്യ രജിസ്റ്റര്‍ തയാറാക്കിയ ജൈവവൈവിധ്യ മാനേജ്‌മെന്റ് കമ്മിറ്റിയാകും ജൈവസമ്പത്ത്  എങ്ങനെ വിനിയോഗിക്കണമെന്നതിനെക്കുറിച്ച് ദേശീയ ജൈവവൈവിധ്യ ബോര്‍ഡിനും സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിനും ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കുക. ജൈവവൈവിധ്യ മാനേജ്‌മെന്റും ജനകീയ ജൈവവൈവിധ്യ രജിസ്റ്ററും അനിവാര്യമാണെന്ന് 2002ലെ ജൈവവൈവിധ്യ നിയമത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

2012 മാര്‍ച്ച് 31നകം എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ജൈവവൈവിധ്യ രജിസ്റ്റര്‍ തയാറാക്കണമെന്ന് 2010 ഫെബ്രുവരി 24ന് തദ്ദേശ സ്വയംഭരണ വകുപ്പ് ഉത്തരവിറക്കിയിരുന്നു. എന്നാല്‍, ഇത് നീണ്ടുപോകുകയായിരുന്നു.
ചില കോര്‍പറേഷനുകളും പഞ്ചായത്തുകളും പ്രകടിപ്പിച്ച സംശയങ്ങള്‍ക്ക് ദുരീകരണംവരുത്തി രാജ്യത്തെ ആദ്യ സമ്പൂര്‍ണ ജൈവവൈവിധ്യ രജിസ്റ്റര്‍ എന്ന ലക്ഷ്യപ്രാപ്തിയിലെത്താനുള്ള ശ്രമത്തിലാണ് സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.