2020 May 26 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ജൈവകൃഷിയില്‍ വിപ്ലവം സൃഷ്ടിച്ച് മാരപ്പന്‍മൂല ഹരിത വനിതാ സംഘം

ബാബു നമ്പുടാകം

പുല്‍പ്പളളി: ജൈവകൃഷിയില്‍ വിപ്ലവം സൃഷ്ടിച്ച് മാരപ്പന്‍മൂല ഹരിത വനിതാ സംഘം.
പുല്‍പ്പളളി പഞ്ചായത്തിലെ മാരപ്പന്‍മൂല ഗ്രാമത്തിലെ ഒരു സംഘം വനിതകളാണ് ഈ രംഗത്ത് നിശബ്ദമായി മുന്നേറുന്നത്.
കാര്‍ഷിക മേഖലയിലെ തകര്‍ച്ചയാണ് ഈ കുടുംബിനികളെ ജൈവകൃഷി രംഗത്തെത്തിച്ചത്. ജൈവ ഉല്‍പന്നങ്ങളുടെ സംഭരണം, സംസ്‌കരണം, വിപണനം എന്നിവക്കുപരിയായി കര്‍ഷകരെ ജൈവകൃഷിയിലേക്ക് നയിക്കുന്ന ഉത്തരവാദിത്തംകൂടി ഏറ്റെടുത്താണ് മാരപ്പന്‍മൂലയിലെ ഈ വനിതകള്‍ തങ്ങളുടെ മികവ് തെളിയിച്ചത്.
12 അംഗങ്ങളുമായി തുടങ്ങിയ സംഘത്തില്‍ ഇപ്പോള്‍ 18-അംഗങ്ങളാണുളളത്. പരമ്പരാഗതമായി രാസവളങ്ങളും രാസകീടനാശിനികളും ഉപയോഗിച്ച് കൃഷികള്‍ നടത്തിയിരുന്ന സംഘാംഗങ്ങളുടെതന്നെ കുടുംബനാഥന്മാരെ ജൈവകൃഷിയിലേക്ക് മാറ്റുന്ന ദൗത്യമായിരുന്നു ഇവരുടെ മുന്നിലെ ആദ്യത്തെ പരീക്ഷണം.
ഇന്ന് പുല്‍പ്പളളി, പൂതാടി, മീനങ്ങാടി പഞ്ചായത്തുകളിലായി 500ലേറെ കര്‍ഷകര്‍ ഈ വനിതാ കൂട്ടായ്മ മുഖേന ജൈവ സര്‍ട്ടിഫിക്കറ്റ് നേടിയിട്ടുണ്ട്. സ്വന്തമായി 10 സെന്റ് സ്ഥലവും അതില്‍ ജില്ലാ പഞ്ചായത്ത് അനുവദിച്ച കെട്ടിടവും മാരപ്പന്‍മൂല ഹരിത ജൈവകര്‍ഷക വനിതാസംഘത്തിന് സ്വന്തമായുണ്ട്.
കര്‍ഷകര്‍ക്ക് ജൈവകൃഷിയില്‍ പരിശീലനം, ഉല്‍പ്പന്നങ്ങളുടെ വിപണനം എന്നിവയിലാണ് സംഘം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ബംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഐ.എം.ഒ എന്ന ഇന്റര്‍നാഷനല്‍ സര്‍ട്ടിഫിക്കേഷന്‍ ഏജന്‍സിയാണ് ഹരിത വനിതാ സംഘത്തിനു കീഴിലുളള കര്‍ഷകരുടെ ജൈവസര്‍ട്ടിഫിക്കേഷന്‍ നടപടികള്‍ നിര്‍വഹിക്കുന്നത്.
കര്‍ഷകരില്‍നിന്നു സംഭരിക്കുന്ന ജൈവോല്‍പ്പന്നങ്ങള്‍ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളായി മാറ്റി വിപണനം ചെയ്യുന്നതിനാണ് സംഘം പ്രാധാന്യം നല്‍കുന്നത്. വെര്‍ജിന്‍ കോക്കനട്ട് ഓയില്‍, മഞ്ഞള്‍പൊടി, മഞ്ഞള്‍ പേസ്റ്റ്, ഇഞ്ചി അരിഞ്ഞുണങ്ങിയത്, ഇടിചക്ക സംസ്‌കരണം എന്നിവക്ക് പുറമെ വിവിധ ഇനം അച്ചാറുകളും സംഘം നിര്‍മിച്ച് വിപണനം ചെയ്യുന്നുണ്ട്. കര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്ന കാര്‍ഷിക വിളകള്‍ പൂര്‍ണമായി എടുത്ത് വിപണനം ചെയ്യാനാവുന്നില്ലെന്നതാണ് സംഘം നേരിടുന്ന പ്രധാനപ്രശ്‌നമെന്ന് സംഘം പ്രസിഡന്റ് ഭാര്‍ഗവി പ്രഭാകരന്‍, സെക്രട്ടറി മിനി പൈലി പറഞ്ഞു.
കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ സഹായം നല്‍കുകയാണെങ്കില്‍ ഈ രംഗത്ത് വന്‍ വിജയം കൈവരിക്കുവാന്‍ തങ്ങള്‍ക്ക് സാധിക്കുമെന്നും ഇവര്‍ പറയുന്നു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.