2018 November 14 Wednesday
ഒരു കടമ നിര്‍വഹിച്ചുകഴിഞ്ഞാലുള്ള പ്രതിഫലം മറ്റൊന്ന് നിറവേറ്റാനുള്ള ശക്തിയാണ്.

ജൈവകൃഷിയില്‍ വിജയംവരിച്ച് വീട്ടമ്മയുടെ ജൈത്രയാത്ര

ചുള്ളിയോട്: മനോധൈര്യവും സമര്‍പ്പണവും കൊണ്ട് ജൈവ കൃഷിയില്‍ വീട്ടമ്മയുടെ വിജയഗാഥ. ചുള്ളിയോട് കുറുക്കന്‍കുന്ന് കല്ലിടുമ്പില്‍ വീട്ടില്‍ കെ.സി മനോജിന്റെ ഭാര്യ ജയസുധയാണ് ജൈവകൃഷിയിലെ വിജയ കഥകളുടെ ഉടമസ്ഥ. രണ്ടേക്കര്‍ സ്ഥലം പാട്ടത്തിനെടുത്താണ് പച്ചക്കറിയും വാഴയുമടക്കമുള്ളവ ജയസുധ കൃഷി ചെയ്യുന്നത്. രണ്ടായിരം വാഴകളാണ് ഇപ്പോള്‍ പ്രധാനപ്പെട്ട കൃഷി.
തുടക്കത്തില്‍ നൂറു വാഴയില്‍ തുടങ്ങിയ കൃഷിയാണ് വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ രണ്ടായിരത്തില്‍ എത്തി നില്‍ക്കുന്നത്. വാഴയില്‍ തന്നെ മറ്റു ഇടവിളകളും കൃഷി ചെയ്യുന്നുണ്ട്. ഇഞ്ചി, ചേന, ചേമ്പ്, കാച്ചില്‍ എന്നിവക്ക് പുറമെ എല്ലാവിധ പച്ചക്കറികളും ഉള്‍പ്പെടുന്നതാണ് ജയയുടെ തോട്ടം.
വിവിധയിനം വാഴകളാല്‍ സമ്പന്നമാണ് വാഴത്തോപ്പ്. തൃശ്‌നാപ്പള്ളിയും, നേന്ത്രനുമാണ് പ്രധാനയിനം. കദളിയും, പൂവനും, ഞാലിപ്പൂവനും ഇതിനു പുറമെ തോട്ടത്തിലുണ്ട്. രാവിലെ എട്ടോടെ പറമ്പില്‍ ഇറങ്ങുന്ന ജയക്ക് ഗൃഹജോലികള്‍ തീര്‍ത്ത ഇടവേളകളില്‍ കൃഷിയാണ് പണി. വിശ്രമിക്കാനൊന്നും സമയമില്ലെന്നാണ് ജയ പറയുന്നത്. നല്ല കൃഷിയിലാണ് നല്ല ആരോഗ്യം എന്നാണ് ജയസുധ വിശ്വസിക്കുന്നത്. അതിനാല്‍ കൃഷി തുടങ്ങിയിട്ട് നാളിതുവരെ രാസവളങ്ങള്‍ ഉപയോഗിച്ചിട്ടില്ല. രാസവളമോ കീടനാശിനികളോ ഉപയോഗിക്കാതത്തിനാല്‍ വാഴക്കുലക്ക് വിപണിയില്‍ ഡിമാന്റും കൂടുതലാണ്. കൂടാതെ വീട്ടാവശ്യങ്ങള്‍ക്കുള്ള പച്ചക്കറി പുറത്തുനിന്ന് വാങ്ങേണ്ടതുമില്ല. ചെറുപ്പം മുതലെ കൃഷിയോടുള്ള താല്‍പ്പര്യമാണ് ജയക്ക് വേറിട്ട കൃഷിപാഠവം സമ്മാനിച്ചത്.
മണ്ണിനെയും വിളകളെയും മക്കളെപ്പോലെ സ്‌നേഹിക്കുന്ന ജയസുധ ജോലിക്കാരുണ്ടെങ്കിലും മേല്‍നോട്ടവുമായി മുന്‍പന്തിയിലുണ്ടാവും. എല്ലാ ദിവസവും തോട്ടത്തിലെത്തി നിരീക്ഷിക്കുകയും രോഗബാധയെ ചെറുക്കാനുള്ള മുന്‍ കരുതല്‍ എടുക്കുവാനും അതീവ ശ്രദ്ധയാണ് ചെലുത്തുന്നത്. കൃഷിക്ക് പുറമെ കുടുബശ്രീയുടെ സജീവ പ്രവര്‍ത്തകയും കൂടിയാണിവര്‍. കൃഷിയിടത്തില്‍ സധാസമയവും അമ്മയുടെ കൈപ്പിടിച്ച് മകന്‍ മിഖില്‍ സിദ്ധാര്‍ഥും കൂടെയുണ്ട്.
അടുത്ത വര്‍ഷം 5000 വാഴകള്‍ നട്ട് വിജയഗാഥ തുടരാനുള്ള ശ്രമത്തിലാണ് ഈ നാല്‍പതുകാരി. പ്രതിവര്‍ഷം ശരാശരി 2000 മില്ലിമീറ്റര്‍ മുതല്‍ 4000 മില്ലിമീറ്റര്‍ വരെ മഴ കിട്ടുന്ന പ്രദേശങ്ങളില്‍ വാഴകൃഷി അനുയോജ്യമാണെന്നാണ് ജയസുധ പറയുന്നത്. ഓഗസ്റ്റ് മുതല്‍ ഒക്ടോബര്‍ വരെയുള്ള മാസങ്ങളില്‍ കേരളത്തില്‍ നേന്ത്രവാഴ നടാന്‍ ശ്രേഷ്ഠമായ സമയമാണ്. ഈ മാസങ്ങളിലാണ് ജയസുധ വിളവിറക്കുന്നത്. കന്നുകള്‍ തമ്മില്‍ നിശ്ചിത അകലം ക്രമീകരിച്ചിരിക്കുന്നത് വാഴയുടെ പരിപലനത്തിനും, വളര്‍ച്ചക്കും ഉപകാരപ്രദമാണെന്നും ഈ കര്‍ഷക പറയുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.