2018 September 24 Monday
ആത്മാവിനെ ആയുധങ്ങള്‍ മുറിവേല്‍പ്പിക്കുന്നില്ല അഗ്നി ദഹിപ്പിക്കുന്നില്ല. ജലം നനയ്ക്കുന്നില്ല. കാറ്റ് ഉണക്കുന്നുമില്ല.
-ഭഗവത്ഗീത

ജേക്കബ് വടക്കാഞ്ചേരിക്കെതിരേ കേസെടുക്കാന്‍ മന്ത്രിയുടെ നിര്‍ദേശം

തിരുവനന്തപുരം: എലിപ്പനി പ്രതിരോധ മരുന്നായ ഡോക്‌സിസൈക്ലിന്‍ കഴിക്കരുതെന്ന് സാമൂഹിക മാധ്യമങ്ങില്‍ പ്രചരണം നടത്തിയ ജേക്കബ് വടക്കാഞ്ചേരിക്കെതിരേ കേസെടുക്കാന്‍ ആരോഗ്യമന്ത്രിയുടെ നിര്‍ദേശം.
ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യാജപ്രചരണം നടത്തുന്ന ജേക്കബ് വടക്കാഞ്ചേരിക്കെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി കെ.കെ ശൈലജ ഡി.ജി.പിക്ക് കത്തു നല്‍കി.
പ്രളയക്കെടുതിക്കു ശേഷം സംസ്ഥാനം അഭിമുഖീകരിക്കുന്ന വലിയ ആരോഗ്യ പ്രശ്‌നമാണ് എലിപ്പനിയുടെ വ്യാപനം. ഇതു നിയന്ത്രണ വിധേയമാക്കുന്നതിനായി ആരോഗ്യ വകുപ്പ് വ്യാപകമായി പ്രതിരോധ മരുന്ന് വിതരണം നടത്തുകയും ജനങ്ങളെ ബോധവല്‍കരിക്കുകയും ചെയ്യുന്നുണ്ട്. ഇതിനകം എലിപ്പനി ബാധിച്ച് നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എലിപ്പനി മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ എലിപ്പനി പ്രതിരോധത്തിന് കൃത്യമായ പ്രോട്ടോക്കോളും അതീവ ജാഗ്രതാ നിര്‍ദേശവും ആരോഗ്യ വകുപ്പ് നല്‍കി വരികയാണ്.
എന്നാല്‍ ഇതിന്റെ ആധികാരികതയെ ചോദ്യം ചെയ്തും യാതൊരു അടിസ്ഥാനമില്ലാതെയും ജേക്കബ് വടക്കാഞ്ചേരി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യാജപ്രചാരണം നടത്തിക്കൊണ്ടിരിക്കുകയാണ്.
ജനങ്ങളും മാധ്യമങ്ങളും ഒറ്റക്കെട്ടായി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരേ അടിയന്തര നടപടി സ്വീകരിക്കണമെന്നും മന്ത്രി കത്തില്‍ ആവശ്യപ്പെട്ടു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.