2018 September 25 Tuesday
ലോകത്തെ മാറ്റിമറിക്കാന്‍ ഇറങ്ങുന്നവര്‍ ആദ്യം സ്വയം മാറ്റിമറിക്കട്ടെ
സോക്രട്ടീസ്

ജെ.ഡി.യു നേതാവിന്റെ മകന്റെ റേഞ്ച് റോവറിനെ മറികടന്ന ഇരുപതുകാരനെ വെടിവച്ചുകൊന്നു

പട്‌ന: ബിഹാറില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ കാട്ടുനീതി തുടരുന്നു. ഭരണകക്ഷിയില്‍ പെട്ട എം.എല്‍.സിയുടെ മകന്റെ വാഹനത്തെ മറികടന്ന യുവാവിനെ വെടിവച്ചുകൊന്നു.
ജെ.ഡി.യു എം.എല്‍.സി മനോരമാദേവിയുടെ മകന്‍ റോക്കികുമാര്‍ യാദവാണ് ഇരുപതുകാരനായ ആദിത്യകുമാര്‍ സച്‌ദേവയെ വെടിവച്ചുകൊന്നത്. റോക്കിയുടെ റേഞ്ച്‌റോവര്‍ എസ്.യു.വിയെ ആദിത്യകുമാര്‍ സഞ്ചരിച്ച സ്വിഫ്റ്റ് കാര്‍ മറികടന്നതിനാണ് വെടിവച്ചുകൊന്നത്. ശനിയാഴ്ച വൈകുന്നേരം ഗയയിലായിരുന്നു സംഭവം.
കാര്‍ മറികടന്നതിനെ തുടര്‍ന്ന് ഇരുകാറിലുമുണ്ടായിരുന്നവര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. അതിനുശേഷം ആദിത്യകുമാറും സംഘവും കാറില്‍ കയറി പോകാന്‍ ഒരുങ്ങവേ റോക്കി പിന്നില്‍ നിന്നു കാറിലേക്കു വെടിവയ്ക്കുകയായിരുന്നു. വെടിയുണ്ട കാറിന്റെ ഗ്ലാസ് തുളച്ച് ആദിത്യകുമാറിനേല്‍ക്കുകയായിരുന്നു.
ബിഹാറില്‍ കാട്ടുനീതി തിരികെവന്നതായി ആരോപണമുയരുകയും പ്രതിപക്ഷം പ്രതിഷേധം വ്യാപകമാക്കുകയും ചെയ്തതോടെ മനോരമാദേവിയുടെ ഭര്‍ത്താവും സ്ഥലത്തെ പ്രമാണിയുമായ ബിന്ദിയാദവിനെയും അംഗരക്ഷകനെയും പൊലിസ് അറസ്റ്റ് ചെയ്തു. മകനും കുറ്റവാളിയുമായ റോക്കിയെ രക്ഷപ്പെടാന്‍ സഹായിച്ചു എന്നാരോപിച്ചാണ് അറസ്റ്റ്.
അതേസമയം ബിന്ദിയാദവ് രാജ്യദ്രോഹക്കുറ്റത്തിനു ജയില്‍ശിക്ഷ അനുഭവിച്ചയാളാണെന്നും പൊതു ഉപയോഗം നിരോധിക്കപ്പെട്ട ആയുധത്തിലുപയോഗിക്കുന്ന ആറായിരം റൗണ്ട് യുദ്ധസാമഗ്രികളും പിടിച്ചെടുത്തിരുന്നതായും പൊലിസ് പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.