2018 January 12 Friday
നിശ്ചയമായും അല്ലാഹുവിനോട് ചെയ്ത കരാറിനും തങ്ങള്‍ ചെയ്ത സത്യത്തിനും പകരം (ഐഹികമായ) നിസാരവില വാങ്ങുന്നവരാരോ അവര്‍ക്ക് പരലോകത്ത് യാതൊരംശവുമില്ല.
(വിശുദ്ധ ഖുര്‍ആന്‍)

ജെ.ഡി.യു ഇടതിനൊപ്പം

തിരുവനന്തപുരം: യു.ഡി.എഫുമായുള്ള ബന്ധം ജനതാദള്‍ (യു) അവസാനിപ്പിച്ചു. മുന്നണി വിടാനുള്ള സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന്റെ തീരുമാനം ഇന്നലെ ചേര്‍ന്ന സംസ്ഥാന കൗണ്‍സില്‍ യോഗം അംഗീകരിക്കുകയായിരുന്നു.
ഇനി മുതല്‍ എല്‍.ഡി.എഫുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് പ്രസിഡന്റ് എം.പി വീരേന്ദ്രകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തീരുമാനം പാര്‍ട്ടിയംഗങ്ങള്‍ ഐകകണ്‌ഠ്യേനയെടുത്തതാണ്.
ഇടതുപക്ഷ ചിന്താഗതിയുമായി വൈകാരികമായി ബന്ധപ്പെട്ട സോഷ്യലിസ്റ്റുകളാണ് ഞങ്ങള്‍. ജനതാദള്‍ (യു) വിന്റെ രാഷ്ട്രീയവിശ്വാസം എല്‍.ഡി.എഫുമായി ചേര്‍ന്നുപോകുന്നതാണ്. യു.ഡി.എഫില്‍ ചേര്‍ന്ന് നിന്നപ്പോള്‍ സ്‌നേഹവും സൗഹൃദവും ലഭിച്ചു. അതിന് നന്ദിയുണ്ട്. എന്നാല്‍, രാഷ്ട്രീയമായി ജെ.ഡി.യുവിന് നഷ്ടം മാത്രമാണ് ഉണ്ടായത്. യു.ഡി.എഫിനോട് ജെ.ഡി.യു ഒരിക്കലും നന്ദികേട് കാട്ടിയിട്ടില്ല. ഒരു ഉപാധിയും ഇല്ലാതെയാണ് ഇടതുമുന്നണിയില്‍ പോകുന്നത്. ഇടതുമുന്നണി വിട്ട് ഐക്യ മുന്നണിയിലെത്തിയപ്പോഴും തങ്ങള്‍ വിലപേശിയിട്ടില്ല. പല നിയമസഭാ സീറ്റുകളും യു.ഡി.എഫിന് അനുകൂലമായത് തങ്ങള്‍ മുന്നണിയിലെത്തിയപ്പോഴാണ്. ഇടതുമുന്നണിയിലേക്കുള്ള പ്രവേശനത്തെ കുറിച്ച് നേതാക്കളുമായി ചര്‍ച്ച നടത്തിയിട്ടില്ല. തന്നെ എല്‍.ഡി.എഫിലേക്ക് ക്ഷണിച്ച സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും നന്ദി രേഖപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു.
സംഘ്പരിവാര്‍ ഭരണത്തില്‍ എല്ലാവരുടെയും സ്വകാര്യജീവിതം നഷ്ടപ്പെട്ടിരിക്കുന്നു. ദേശീയതയെകുറിച്ചും ദേശസ്‌നേഹത്തെ കുറിച്ചും പ്രസംഗിച്ചുകൊണ്ടുതന്നെ അവര്‍ രാജ്യത്തെ ബഹുരാഷ്ട്രകുത്തകകള്‍ക്ക് വില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ പോരാടേണ്ടതുണ്ടെന്നും വീരേന്ദ്രകുമാര്‍ കൂട്ടിച്ചേര്‍ത്തു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.