
പട്ന: ജെ.എന്‍.യു വിദ്യാര്‍ഥി യൂനിയന്‍ നേതാവ് കനയ്യ കുമാര്‍ തെരഞ്ഞെടുപ്പ് രംഗത്തേക്ക്. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിഹാറിലെ ബെഗുസരായി മണ്ഡലത്തില്‍ നിന്ന് അദ്ദേഹം ജനവിധി തേടുമെന്നാണ് വിവരം.
അദ്ദേഹത്തിന്റെ സ്ഥാനാര്‍ഥിത്വത്തിന് ഇടതുപക്ഷം അംഗീകാരം നല്‍കിയിട്ടുണ്ട്. സി.പി.ഐ സ്ഥാനാര്‍ഥിയായിട്ടായിരിക്കും മത്സരിക്കുക. ബെഗുസരായി ജില്ലയിലെ ബീഹത്ത് പഞ്ചായത്തിലെ താമസക്കാരനാണ് കനയ്യ. ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ചുവെന്നാരോപിച്ച് 2016 ഫെബ്രുവരിയില്‍ കനയ്യയെ ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ വച്ച് പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. കനയ്യയെ കൂടാതെ മറ്റ് ചില വിദ്യാര്‍ഥികളും അറസ്റ്റിലായിരുന്നു. ഇതേ തുടര്‍ന്ന് വന്‍പ്രതിഷേധമാണ് കേന്ദ്ര സര്‍ക്കാരിനും ബി.ജെ.പിക്കുമെതിരേ രാജ്യവ്യാപകമായി ഉയര്‍ന്നിരുന്നത്.
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബെഗുസരായിയില്‍ നിന്ന് കനയ്യ മത്സരിക്കുമെന്ന കാര്യത്തില്‍ സി.പി.ഐ ദേശീയ നേതൃത്വം അംഗീകാരം നല്‍കിയിട്ടുണ്ടെന്ന് ബിഹാറിലെ മുതിര്‍ന്ന സി.പി.ഐ നേതാവ് സത്യനാരായണ്‍ സിങ് അറിയിച്ചു. കോണ്‍ഗ്രസ്, ജനതാദള്‍ എന്നീ പാര്‍ട്ടികളുമായി സംസാരിച്ച് പ്രതിപക്ഷത്തിന്റെ പൊതുസമ്മതനായ സ്ഥാനാര്‍ഥിയായി അദ്ദേഹത്തെ അംഗീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.