2018 November 21 Wednesday
ജനങ്ങളേ, നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനിങ്കലില്‍നിന്നുള്ള തത്വോപദേശങ്ങളും ശമനവും മാര്‍ഗദര്‍ശനവും സത്യവിശ്വാസികള്‍ക്ക് കാരുണ്യവും വന്നെത്തിയിരിക്കുന്നു

ജെയ്റ്റ്‌ലി കള്ളം പറയുന്നു; മല്യയുമായുള്ള കൂടിക്കാഴ്ചക്ക് തെളിവുണ്ടെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: വിജയ് മല്യയുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി കള്ളംപറയുകയാണെന്നും കൂടിക്കാഴ്ച നടന്നതിനു തെളിവുകളുണ്ടെന്നും കോണ്‍ഗ്രസ്. പാര്‍ലമെന്റിനകത്തുവെച്ച് ഇരുവരും കൂടിക്കാഴ്ച നടത്തിയതിന് രാജ്യസഭാംഗം കൂടിയായ കോണ്‍ഗ്രസ് നേതാവ് പി.എല്‍ പുനിയ സാക്ഷിയാണെന്നും കൂടിക്കാഴ്ച കാല്‍മണിക്കൂറോളം നീണ്ടുനിന്നതായും പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. പി.എല്‍ പുനിയക്കൊപ്പം എ.ഐ.സി.സി ആസ്ഥാനത്തുവച്ചാണ് രാഹുല്‍ വാര്‍ത്താസമ്മേളനം വിളിച്ചത്. സാമ്പത്തിക കുറ്റവാളിയായ ഒരാളോട് എന്തിനാണ് ബന്ധം പുലര്‍ത്തിയതെന്നും എന്താണ് ചര്‍ച്ച ചെയ്തതെന്നും ജെയ്റ്റ്‌ലി രാജ്യത്തോട് വിശദീകരിക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.
2016 മാര്‍ച്ച് ഒന്നിന് പാര്‍ലമെന്റ് സെന്‍ട്രല്‍ ഹാളിലെ മൂലയില്‍ വിജയ് മല്യയും അരുണ്‍ ജെയ്റ്റ്‌ലിയും കൂടിക്കാഴ്ച നടത്തുന്നതിന് ഞാന്‍ സാക്ഷിയാണെന്ന് പി.എല്‍ പുനിയ പറഞ്ഞു. കൂടിക്കാഴ്ച 15 മിനിറ്റോളം നീണ്ടുനിന്നിരുന്നു. ഇരുവരും അവിടെയുള്ള ബെഞ്ചിലിരുന്നാണ് സംസാരിച്ചത്. ജെയ്റ്റ്‌ലിയുടെ അടുത്തേക്ക് മല്യ വരികയായിരുന്നു.
മാര്‍ച്ച് മൂന്നിനു മാധ്യമങ്ങള്‍ മുഖേനയാണ് അതിനു തലേദിവസം മല്യരാജ്യം വിട്ടതായി അറിഞ്ഞത്. കൂടിക്കാഴ്ച സംബന്ധിച്ച് പാര്‍ലമെന്റിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ തെളിവുകള്‍ ലഭിക്കും. ഇക്കാര്യം സത്യമാണ്. ഇതു തെറ്റാണെന്നു തെളിഞ്ഞാല്‍ രാജിവയ്ക്കാന്‍ തയാറാണെന്നും പുനിയ കൂട്ടിച്ചേര്‍ത്തു.
2014നു ശേഷം മല്യയെ താന്‍ കണ്ടിട്ടില്ലെന്നു കഴിഞ്ഞദിവസം ജെയ്റ്റ്‌ലി പറഞ്ഞിരുന്നു.ജെയ്റ്റ്‌ലി രാജിവയ്ക്കണമെന്നും അദ്ദേഹത്തിനെതിരേ അന്വേഷണം വേണമെന്നും മല്യയുടെ പുതിയ വെളിപ്പെടുത്തലുകള്‍ക്കു പിന്നാലെ രാഹുല്‍ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍, കോണ്‍ഗ്രസ് നേതാക്കള്‍ പരാമര്‍ശിച്ച ദിവസങ്ങളില്‍ 90 ശതമാനം സമയവും ജെയ്റ്റ്‌ലി പാര്‍ലമെന്റിനു പുറത്തായിരുന്നുവെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ മാധ്യമങ്ങളോടു പറഞ്ഞു.

 

 

 

 

 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.