2020 February 28 Friday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

ജുഡീഷ്യറിയില്‍ വീണ്ടും രാജി

 
 
 
 
 
 
മുംബൈ: ജുഡീഷ്യറിയെ ഞെട്ടിച്ച് വീണ്ടും രാജി. ബോംബൈ ഹൈക്കോടതിയിലെ മുതിര്‍ന്ന ജഡ്ജി ജസ്റ്റിസ് സത്യരാജന്‍ ധര്‍മാധികാരിയാണ് ഇന്നലെ രാജിവച്ചത്.
തീവ്രവാദികള്‍ കൊലപ്പെടുത്തിയ ഗോവിന്ദ് പന്‍സാരെ, നരേന്ദ്ര ദാബോല്‍ക്കര്‍ എന്നിവരുടെ വധക്കേസുകള്‍ പരിഗണിച്ചിരുന്ന അദ്ദേഹം കേസന്വേഷണത്തിലെ കാലതാമസത്തില്‍ സര്‍ക്കാരിനെതിരേ രംഗത്തുവന്നിരുന്നു. എന്നാല്‍, രാജിക്കു പിന്നില്‍ വ്യക്തിപരമായ കാരണങ്ങളാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇദ്ദേഹത്തെ മഹാരാഷ്ട്രയ്ക്കു പുറത്തെ ഏതെങ്കിലും ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റിസാക്കാന്‍ നീക്കമുണ്ടായിരുന്നെന്നും എന്നാല്‍ മഹാരാഷ്ട്ര വിടാന്‍ താല്‍പര്യമില്ലാത്തതിനാലാണ് രാജിയെന്നുമാണ് വിവരം.
രാജി സംബന്ധിച്ച് കഴിഞ്ഞ ദിവസം അദ്ദേഹം രാഷ്ട്രപതിക്കു കത്തെഴുതിയിട്ടുണ്ടെന്നാണ് സൂചന. 2003ല്‍ ബോംബൈ ഹൈക്കോടതി ജഡ്ജിയായി നിയമിതനായ അദ്ദേഹം ചീഫ് ജസ്റ്റിസായി സ്ഥാനക്കയറ്റം ലഭിക്കാന്‍ സാധ്യതയുള്ളയാളായിരുന്നു. രാജി രാഷ്ട്രപതി സ്വീകരിച്ചോയെന്നു വ്യക്തമല്ലെങ്കിലും, ഇതു തന്റെ ഓഫിസിലെ അവസാന ദിവസമാണെന്ന് ഇന്നലെ അദ്ദേഹം അഭിഭാഷകരോട് പറഞ്ഞിട്ടുണ്ട്.
2002ലെ ഗുജറാത്ത് കലാപത്തില്‍ ബല്‍ക്കീസ് ബാനുവിനെ കൂട്ട ബലാത്സംഗത്തിനിരയാക്കിയ 11 പ്രതികളുടെ ജീവപര്യന്തം തടവ് ശരിവച്ച ജസ്റ്റിസ് തഹില്‍ രമണി കഴിഞ്ഞ വര്‍ഷം രാജിവച്ചിരുന്നു. മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന വിജയ കെ. താഹില്‍ രമണിയെ മേഘാലയയിലേക്ക് സ്ഥലം മാറ്റിയതില്‍ പ്രതിഷേധിച്ചായിരുന്നു രാജി. ഇതുപോലെ ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ട ജസ്റ്റിസ് ജയന്ത് പട്ടേല്‍ 2017ല്‍ രാജിവച്ചിരുന്നു. ഗുജറാത്ത് ഹൈക്കോടതിയിലെ ആക്ടിങ് ചീഫ് ജസ്റ്റിസായിരുന്ന അദ്ദേഹത്തെ സീനിയോറിറ്റി ഉണ്ടായിട്ടും എവിടെയും ചീഫ് ജസ്റ്റിസാക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു രാജി.
 

ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.