2019 June 24 Monday
ഭരിച്ചതുകൊണ്ടായില്ല ഭരണം ഉണ്ടെന്നു ജനങ്ങള്‍ക്ക് ബോധ്യപ്പെടുമ്പോഴേ ഏതൊരു ഗവണ്‍മെന്റും അര്‍ഥവത്താകുന്നുള്ളൂ -കാറല്‍ മാക്‌സ്‌

ജീവിത പ്രാരാബ്ദങ്ങളുടെ ക്യാന്‍വാസില്‍ ചിത്രവര്‍ണങ്ങള്‍ തീര്‍ത്ത് ലിസി

 

ഹരിപ്പാട് : ചായങ്ങളുടെ ഭംഗിയില്‍ ചുവരുകളില്‍ മനോഹാരിത നിറയുമ്പോഴും ലിസിയുടെ ജീവിതത്തില്‍ വിശപ്പിന്റെ വിളി മാത്രം ബാക്കി. ലിസിയുടെ മാന്ത്രിക വിരലുകളില്‍ വിരിയുന്ന ജീവന്‍ തുടിക്കുന്ന ചിത്രങ്ങളില്‍ സന്തോഷമാണ് നിറയുന്നതെങ്കിലും ജീവിതത്തില്‍ ഇന്നുവരെയും അതറിയാന്‍ ലിസിക്ക് കഴിഞ്ഞിട്ടില്ല. ദാരിദ്ര്യത്തിന്റെയും, കഷ്ടപ്പാടിന്റെയും 18 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും ചിത്ര രചനയോടുള്ള പ്രണയമാണ് ലിസിയെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്.
ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വളപ്പിലെ എല്‍.പി സ്‌കൂളിന്റെ പുറംഭിത്തി മുഴുവന്‍ ചിത്രങ്ങളാണ്. ശാകുന്തളത്തിലെ കഥാഭാഗത്തെ ആസ്പദമാക്കി രവിവര്‍മ്മ വരച്ച ചിത്രം തന്റെ ഭാവനക്കനുസരിച്ച് മാറ്റം വരുത്തിയാണ് ലിസി വരച്ചിരിക്കുന്നത്. താമരയിലയില്‍ പ്രേമ ലേഖനമെഴുതുന്ന ശകുന്തളയുടെ സമീപം രണ്ട് തോഴിമാരും, മാന്‍ കിടാവും. ഇപ്പോള്‍ കാര്‍ത്തികപ്പള്ളി യു.പി സ്‌കൂളില്‍ ചുവരുകളില്‍ ചിത്രം വരയ്ക്കുകയാണ്. വെള്ളം പാഴാക്കരുതെന്ന സന്ദേശം നല്‍കുന്ന ചിത്രമാണ് വരയ്ക്കുന്നത്. ഇതിനോടകം നിരവധി വീടുകളിലും സ്‌കൂളുകളിലും ലിസിയുടെ കൈകളാല്‍ മനോഹര ചിത്രങ്ങള്‍ നിറഞ്ഞിട്ടുണ്ട്.
മൂന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ ലിസിക്ക് ചിത്രരചനയില്‍ താത്പര്യമുണ്ട്. കരുവാറ്റ പള്ളി തെക്കതില്‍ പരേതരായ കുട്ടപ്പന്റെയും, പെണ്ണമ്മയുടേയും ഇളയ മകളാണ് ലിസി. അവിവാഹിതയാണ്. ഭര്‍ത്താവ് ഉപേക്ഷിച്ച സഹോദരിയും മക്കളും, രോഗിയും, കൂലിപ്പണിക്കാരനുമായ സഹോദരനും ഭാര്യയും, മകനും അടങ്ങുന്ന കുടുംബത്തെ സംരക്ഷിക്കുന്നതിന് ലിസി പെടാപ്പാടുപെടുകയാണ്. നാല് സെന്റ് വസ്തുവിലെ ഇടുങ്ങിയ രണ്ട് മുറി വീട്ടിലാണ് എല്ലാവരും താമസം. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ പിതാവ് മരിച്ചു. തുടര്‍ന്ന് പെണ്ണമ്മ ഏറെ കഷ്ടപ്പെട്ടാണ് ഇവരെ വളര്‍ത്തിയത്.
പത്താം ക്ലാസോടെ പഠനം നിലച്ചു. കുറച്ചു നാള്‍ സമീപവാസിയുടെ പക്കല്‍ പോയി ചിത്രരചന പഠിച്ചു. എന്നാല്‍ നൈസര്‍ഗികമായ കഴിവും, ആവിശ്യകതയും കൂടിച്ചേര്‍ന്നപ്പോള്‍ ബോര്‍ഡുകളും മറ്റും എഴുതാന്‍ തുടങ്ങി. താത്പര്യമുള്ളവര്‍ക്കായി ചിത്രരചനാ സ്‌കൂള്‍ തുടങ്ങണമെന്ന് ആഗ്രഹം ഉണ്ടെങ്കിലും വീട്ടില്‍ ഒട്ടും സൗകര്യമില്ല. അവധി ദിവസങ്ങളില്‍ വീടുകളില്‍ പോയി കുട്ടികളെ ചിത്രരചന പഠിപ്പിക്കുന്നുണ്ട്. എല്‍.പി., യു.പി.സ്‌കൂളുകളില്‍ പടം വരയ്ക്കുന്നത് പഠനത്തിന്റെ ഭാഗമായതോടെ ലിസി സ്‌കൂളുകളിലെത്തി പടം വരയ്ക്കാന്‍ തുടങ്ങി. നീലക്കുറുക്കനും, ആമയും, മുയലും, പൂമ്പാറ്റയും, പൂക്കളുമെല്ലാം സ്‌കൂളുകളുടെ ചുമരുകളില്‍ ജീവിക്കുമ്പോള്‍ ദുരിതത്തിനിടയിലും ഇതിലൂടെ മാനസിക സംതൃപ്തി തേടുകയാണ് ലിസി.
18 വര്‍ഷമായി ചിത്രരചന തുടങ്ങിയിട്ട്. എന്നാല്‍ ഒരു രൂപ പോലും മിച്ചമില്ല. സ്‌കൂളുകളില്‍ കരാര്‍ അടിസ്ഥാനത്തിലെങ്കിലും ചിത്രരചന പഠിപ്പിക്കാന്‍ അവസരം കിട്ടിയാല്‍ അന്നംമുട്ടാതെ ജീവിക്കാമായിരുന്നുവെന്ന് ലിസി പറയുന്നു. ആരുടെയും സൗജന്യമല്ല, മറിച്ച് സ്വന്തം കഴിവിനുസൃതമായ പ്രതിഫലം ലഭിക്കുന്ന ഒരു തൊഴില്‍ മാത്രമാണ് ലിസിയുടെ ആഗ്രഹം.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.