2020 July 14 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ജീവിതത്തിലാദ്യമായി സമ്മാനം തന്ന ഓണം

സി.വി ബാലകൃഷ്ണന്‍ എഴുത്തുകാരന്‍

ഓലേഞ്ഞാലുകളും ചെമ്പോത്തുകളും കരിയാറ്റകളും ചെറുകിളികളും വര്‍ണപകിട്ടുകളുള്ള ശലഭങ്ങളും തുമ്പകളും ഹനുമാന്‍ കിരീടങ്ങളും കോളാമ്പി പൂക്കളും കാക്കപ്പൂക്കളുമൊക്കെ ചേര്‍ന്ന നിറപ്പകിട്ടാര്‍ന്ന ഒരോര്‍മയാണു ബാല്യത്തിലെ ഓണനാളുകള്‍. അക്കാലത്ത് ദേശത്ത് ഇല്ലായ്കളും അതിന്റേതായ അസംതൃപ്തികളും ഒക്കെയായിരുന്നു. അവയ്ക്കിടയിലേക്കാണു സമൃദ്ധിയുടെ സങ്കല്‍പം ഒരു പൊന്‍വെളിച്ചം പോലെ കടന്നുവരുന്നത്. ഞങ്ങള്‍ കുട്ടികളെ ഓണത്തിന്റെ വരവ് ഏറെ സന്തോഷിപ്പിച്ചിരുന്നു.
കുറേയേറെ പ്രതീക്ഷകള്‍ ഓണം ഞങ്ങള്‍ക്കു തന്നിരുന്നു. പുത്തനുടുപ്പ്, വിഭവ സമൃദ്ധമായ സദ്യ, കളികള്‍…ഞങ്ങളുടെ നാട്ടിന്‍പുറത്ത് ഓണം ഒരു സാമൂഹികാഘോഷമായിരുന്നു. വീടിന്റെ തൊട്ടടുത്ത വായനശാലയില്‍ കുട്ടികള്‍ക്കായി രാവിലെ തൊട്ടേ പലതരം മത്സരങ്ങള്‍ തുടങ്ങും.
ചിത്രമെഴുത്ത്, ഗാനാലാപനം, കവിതാ രചന, കഥപറച്ചില്‍ എന്നിങ്ങനെ. ഇവയിലൊക്കെ എല്ലാ കുട്ടികളും താല്‍പര്യപൂര്‍വം പങ്കെടുക്കുമായിരുന്നു. ജീവിതത്തില്‍ ആദ്യമായി എനിക്കൊരു സമ്മാനം കിട്ടുന്നതു ഇതുപോലൊരു മത്സരത്തില്‍ പങ്കെടുത്താണ്. ഗാനാലാപന മത്സരത്തില്‍ പങ്കെടുത്തെങ്കിലും അതിന്റെ ഒന്നാംസ്ഥാനം എന്റെ കൂട്ടുകാരനായിരുന്നു. പക്ഷേ, ചിത്രമെഴുത്തില്‍ ഞാന്‍ അവനെ പിന്നിലാക്കി. അങ്ങനെ ചിത്രരചനയിലാണ് ആദ്യമായി ഒന്നാംസ്ഥാനം ലഭിക്കുന്നത്. മൈതാനത്ത് സന്ധ്യക്കു ചേര്‍ന്ന പൊതുയോഗത്തില്‍ ഉച്ചഭാഷിണിയില്‍ എന്റെ പേര് വിളിക്കുകയും സമ്മാനം വാങ്ങാന്‍ വേദിയിലേക്കു ക്ഷണിക്കുകയും ചെയ്ത നിമിഷം എന്റെ ഓര്‍മയില്‍ ഇപ്പോഴുമുണ്ട്. അതൊരു അനര്‍ഘ നിമിഷമായിരുന്നു. ലോകത്തിന്റെ നെറുകയിലെത്തിയതായി അന്നെനിക്കു തോന്നി. ആ നിറഞ്ഞ സന്തോഷത്തിന് ഓണത്തോടു തന്നെയാണു കടപ്പാട്.
കമ്പവലിയായിരുന്നു ദേശത്തെ മുതിര്‍ന്നവരുടെ പ്രധാന ആഘോഷം. ഓണസദ്യ കഴിഞ്ഞ് ഉച്ചയ്ക്കുശേഷം അപരാഹ്നത്തിലാണ് ഈ മത്സരം നടക്കാറ്. മൈതാനം നിറയെ ആള്‍ക്കാരായിരിക്കും. ദേശത്തെ ഏറ്റവും പ്രബലരായ മുതിര്‍ന്നവര്‍ ചേരിതിരിഞ്ഞ് വടംവലിക്കും. ഞങ്ങള്‍ കുട്ടികള്‍ ആര്‍പ്പുവിളിച്ച് കൊണ്ട് അരികെ. അതു പകര്‍ന്ന സന്തോഷവും വളരെ വലുതായിരുന്നു.
അക്കാലത്തെ ഗ്രാമം അതീവ സ്വച്ഛമായിരുന്നു. എമ്പാടും വയലുകളായിരുന്നു. വയലുകളുമായി ബന്ധപ്പെട്ടാണു ഓരോ വീടിന്റെയും നിലനില്‍പ്. വീടു വയലുകളും ചേര്‍ന്നതായിരുന്നു ജീവിതം. വയലിലെ ഓരോ ചെറുപ്രാണിയെയും ഓരോ പരല്‍ മീനിനെയും ഓരോ ഞവണിക്കയെയും ഞങ്ങള്‍ കൗതുകത്തോടെയാണു കണ്ടിരുന്നത്. തൊടിയില്‍ നിറയെ പൂക്കള്‍ വിടരുമായിരുന്നു.
മരങ്ങളിലൊക്കെ പാടുന്ന പക്ഷികളുണ്ടായിരുന്നു. മനുഷ്യര്‍ക്കിടയില്‍ സ്‌നേഹവും നിഷ്‌കളങ്കതയുമുണ്ടായിരുന്നു. കാലം ഒരുപാട് മാറി. വയലുകള്‍ ഇല്ലാതായി. ഇടവഴികള്‍ അപ്രത്യക്ഷമായി. മരങ്ങള്‍ മിക്കവയും മറഞ്ഞുപോയി. പക്ഷികളും പരല്‍മീനുകളും ഇല്ലാതായി. പൂക്കളില്ലാതായി. മനുഷ്യരുടെ പ്രകൃതിയും മാറി. മനുഷ്യര്‍ തങ്ങളിലേക്കു തന്നെ കൂടുതല്‍ കൂടുതല്‍ ഒതുങ്ങി.
അവരുടെ ജീവിതത്തിലേക്കു പുതിയ സാങ്കേതിക വിദ്യയുടെ ഉത്പന്നങ്ങള്‍ കടന്നുവന്നതു പുതിയ അധിനിവേഷം സൃഷ്ടിച്ചു. ഉപഭോക്തൃ സംസ്‌കാരം തീവ്രമായി.
പക്ഷേ ഇപ്പോഴും ഓണമെത്തുന്നു. ഒരു പഴയകാലത്തെ സമൃദ്ധിയുടെ സങ്കല്‍പവുമായി മനുഷ്യര്‍ക്കിടയിലെ ഒരുമയെക്കുറിച്ചുള്ള ഓര്‍മപ്പെടുത്തലായി സ്‌നേഹത്തിന്റെ സന്ദേശമായി വീണ്ടുമെത്തുന്നു. ഓണത്തെക്കുറിച്ച് ഏറ്റവും കൂടുതല്‍ കവിതകളെഴുതിയ പി. കുഞ്ഞിരാമന്‍ നായര്‍ പറഞ്ഞത് അതൊരു പൊന്‍വിളക്കെന്നാണ്. ഓണത്തിന്റെ പൊരുള്‍ കവിയുടെ വാക്കുകളില്‍ ഇതാണ്

‘ഒരു ജാതി ഒരു മതം ഒരു നിറം ഒരു നിണം പൊരുളിത് പരസ്യമായി അരുവിയോണം’

പാരിടം മുഴുവനും ഒറ്റക്കുടുംബമാണെന്ന് ഓണം നമ്മോടു പറയുന്നു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.