2019 May 27 Monday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ് -ജെ.കെ റൗളിങ്‌

ജീവിതം പകര്‍ത്തി സി.കെ.ശശീന്ദ്രന്‍; മദ്യനിരോധനം റിസോര്‍ട്ട് നഷ്ടത്തിലാക്കിയെന്ന് തോമസ് ചാണ്ടി

തിരുവനന്തപുരം: പതിനാലാം നിയമസഭയുടെ ഒന്നാം സമ്മേളനത്തില്‍ സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ തന്റെ കന്നി പ്രസംഗത്തില്‍ പകര്‍ത്തിയത് ജീവിതാനുഭവങ്ങള്‍. ക്ഷീരകര്‍ഷന്‍ കൂടിയായ കല്‍പ്പറ്റ എം.എല്‍.എ, കര്‍ഷകരുടെ ദുരിതവും ആദിവാസിമേഖലയിലെ കാണാക്കാഴ്ചകളും വരച്ചുകാട്ടി. ഒരു സാധാരണ മനുഷ്യന്റെ ജീവിതാനുഭവങ്ങളാണ് മെമ്പര്‍ പങ്കുവെയ്ക്കുന്നതെന്നും അതു കേള്‍ക്കണമെന്നും സഭയില്‍ അലക്ഷ്യമായിരുന്ന എം.എല്‍.എമാരെ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ ഓര്‍മിപ്പിച്ചു.

താമരശ്ശേരി ചുരമിറങ്ങി തലസ്ഥാനത്തെ നിയമസഭാമന്ദിരത്തിനുള്ളില്‍ എത്തിയ ക്ഷീരകര്‍ഷകന് പറയാനുള്ളത് രാഷ്ട്രീയമായിരുന്നില്ല. തനിക്കനുവദിച്ച 10 മിനിട്ടിനുള്ളില്‍ കര്‍ണാടകയിലെ ക്ഷീരകര്‍ഷകര്‍ക്ക് അവിടുത്തെ സര്‍ക്കാര്‍ നല്‍കുന്ന ഇന്‍സെന്റീവ് നാല് രൂപയാണെന്ന് ഓര്‍മിപ്പിച്ചു. ഇവിടെ അതു രണ്ടുരൂപ ആയെങ്കിലും ഉയര്‍ത്തണം. 170 കോടി രൂപയാണ് നെല്‍കര്‍ഷകര്‍ക്കു കൊടുക്കാനുള്ളത്. അതു കൊടുക്കണം. കാലിത്തീറ്റക്കും, കന്നുകുട്ടി പരിചരണത്തിനും ഫണ്ടനുവദിക്കണം. സര്‍ക്കാര്‍ നല്‍കുന്ന ഫണ്ടുകള്‍ സാധാരണക്കാര്‍ക്ക് ലഭിക്കുന്നുണ്ടോയെന്നും മോണിറ്റര്‍ ചെയ്യണം. ആദിവാസിമേഖലയിലെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജം നല്‍കണം. വര്‍ഷങ്ങള്‍ക്കു മുന്‍പ് 62,730 കുടുംബങ്ങളാണ് വയനാട് ആദിവാസി മേഖലകളില്‍ കുടിയേറി പാര്‍ത്തത്.

ഇതു വയനാട്ടിലെ വിവിധ സര്‍ക്കാര്‍ ഓഫിസുകളിലുള്ള കണക്കുകള്‍. ഇതു കൂടാതെ ബ്രിട്ടീഷുകാരുടെ തോട്ടങ്ങള്‍ ആരംഭിച്ചപ്പോഴും പഴശ്ശിരാജാവ് നായന്‍മാര്‍ക്ക് ഭൂമി നല്‍കിയപ്പോഴും കാരാപ്പുഴ-ബാണാസുര പദ്ധതിക്ക് സ്ഥലം ഏറ്റെടുത്തപ്പോഴും സ്ഥലം നഷ്ടപ്പെട്ട് അനാഥരായത് ആദിവാസി കുടുംബങ്ങളാണ്. സ്ഥലമോ പാര്‍പ്പിടമോ ഇല്ലാതെ കഴിയുന്ന ആദിവാസികളുടെ പേരില്‍ കോടികളുടെ ഫണ്ട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ചെലവഴിക്കുന്നുണ്ടെന്നു പറയുമ്പോഴും ഒരു രൂപ പോലും ചുരം കടന്നെത്തുന്നില്ലെന്നതാണു സത്യം. ഈ അവസ്ഥയാണ് മാറേണ്ടത്. കേന്ദ്ര സര്‍ക്കാര്‍ ആദിവാസികള്‍ക്കുള്ള ഫണ്ട് വെട്ടിക്കുറച്ചു. 60.29 കോടിയുണ്ടായിരുന്ന ഫണ്ട് 7.58 കോടിയാക്കിയാണ് വെട്ടിക്കുറച്ചതെന്നും സി.കെ.ശശീന്ദ്രന്‍ പറഞ്ഞു.

മദ്യനിരോധനത്തെ പരോക്ഷമായെതിര്‍ത്താണ് തോമസ് ചാണ്ടി എം.എല്‍.എ പ്രസംഗിച്ചത്. മദ്യനിരോധനം മൂലം തന്റെ റിസോര്‍ട്ട് കൊടും നഷ്ടത്തിലാണ്. ഇപ്പോള്‍ കോണ്‍ഫറന്‍സുകള്‍ നടക്കുന്നില്ല.

വിനോദസഞ്ചാരമേഖല പൂര്‍ണമായും നിശ്ചലമായിരിക്കുന്നു. എല്ലാ മെമ്പര്‍മാരും പൊത്തിപ്പൊതിഞ്ഞു പറയുന്ന കാര്യമാണ് മദ്യനിരോധനം. എന്നാല്‍, താന്‍ അതു പരസ്യമായി പറയും. മദ്യനയത്തില്‍ കൃത്യമായ ഇടപെടല്‍ നടത്താന്‍ പുതിയ കമ്മിറ്റിയെ നിയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. റിസോര്‍ട്ടുകളില്‍ നിന്നു മദ്യത്തിന്റെ വരുമാനത്തില്‍ മാത്രമല്ല നികുതി സര്‍ക്കാരിനു ലഭിക്കുന്നത് ഭക്ഷണത്തിന്റേയും താമസത്തിന്റേയും അടക്കമാണ്.
ഇതെല്ലാം സര്‍ക്കാരിന് ഇപ്പോള്‍ നഷ്ടമായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News