2020 August 11 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മാതൃകയായി കോണ്‍കോഡ് സ്‌കൂള്‍

സൈഗാളിന്റെ ഗായകന്

എരുമപ്പെട്ടി: പഠനത്തോടൊപ്പം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി മാതൃകയാവുകയാണ് പന്നിത്തടം ചിറമനേങ്ങാട് കോണ്‍കോഡ് സ്‌കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരും. പാഠ്യ, പാഠ്യേതര വിഷയങ്ങളിലും കലാ, കായിക മേഖലയിലും പ്രശംസനീയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വയ്ക്കുന്ന സ്‌കൂള്‍ ഇന്ന് സാമൂഹത്തിലെ നിരാലംബര്‍ക്കും നിര്‍ധന കുടുംബങ്ങള്‍ക്കും രോഗികള്‍ക്കും കൈത്താങ്ങായി മാറികൊണ്ടിരിക്കുകയാണ്.
വിവിധ ആഘോഷ വേളകളില്‍ മതിമറക്കാതെ സര്‍ക്കാര്‍ ആശുപത്രികളിലും അനാഥ അഗതി മന്ദിരങ്ങളിലും സന്ദര്‍ശനം നടത്തി ആവശ്യമായ ഭക്ഷണ സാധനങ്ങളും വസ്ത്രങ്ങളും നല്‍കി അവരുടെ സന്തോഷത്തില്‍ പങ്കാളികളാകുന്നതും പകരം വയ്ക്കാനില്ലാത്ത മാതൃകയാണ്. സ്‌കൂള്‍ ഗാന്ധിദര്‍ശന്‍ ക്ലബിലെ വിദ്യാര്‍ഥികള്‍ കഴിഞ്ഞദിവസം കേച്ചേരി എടക്കളത്തൂര്‍ നിര്‍മലാ ഭവന്‍ സന്ദര്‍ശിച്ച് അംഗപരിമിതരും കിടപ്പുരോഗികളുമായ അന്തേവാസികള്‍ക്ക് ആശ്വാസം പകരുകയും കുട്ടികള്‍ സമാഹരിച്ച സഹായധനവും നിത്യോപയോഗ സാധനങ്ങളടങ്ങിയ കിറ്റും കൈമാറുകയും ചെയ്തിരുന്നു.
എസ്.എസ്.എല്‍.സി പരീക്ഷയില്‍ 100 ശതമാനവും, പ്ലസ് ടു പരീക്ഷയില്‍ 99 ശതമാനവും വിജയം നേടിയ ഈ സ്‌കൂളിലെ മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാര്‍ഥികള്‍ ചേര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ 25 വൃക്കരോഗികള്‍ക്ക് ഡയാലിസിസ് കിറ്റ് നല്‍കിയിരുന്നു. ഇതിന് പുറമെ നിര്‍ധനരായവര്‍ക്ക് വീട് നിര്‍മിച്ച് നല്‍കിയും നിര്‍ധന യുവതികള്‍ക്ക് വിവാഹ ധനസഹായം നല്‍കിയും മഹത്തരമായ പ്രവര്‍ത്തനങ്ങളാണ് സ്‌കൂള്‍ മാനേജ്‌മെന്റും അധ്യാപകരും വിദ്യാര്‍ഥികളും പി.ടി.എ കമ്മിറ്റിയും നടത്തി കൊണ്ടിരിക്കുന്നത്.
കായികാധ്യാപകനായ റിട്ട. ആര്‍മി ഓഫിസര്‍ ആന്റോയുടെ കീഴില്‍ നടക്കുന്ന ചിട്ടയായ പരിശീലനത്തില്‍ നിരവധി ദേശീയ, സംസ്ഥാന കായിക താരങ്ങളെ വാര്‍ത്തെടുക്കാന്‍ കഴിഞ്ഞിട്ടുള്ള സ്‌കൂള്‍ സംസ്ഥാന കലോത്സവത്തില്‍ മാപ്പിള കലകളില്‍ നിറസാന്നിധ്യമാണ്. കേരളത്തിന്റെ പൈതൃകമായ കാര്‍ഷിക സംസ്‌കാരത്തിലേക്ക് വിദ്യാര്‍ഥികളെ ആകര്‍ഷിക്കുന്നതിനായി വിവിധയിനത്തിലുള്ള കൃഷികളും സ്‌കൂള്‍ അങ്കണത്തില്‍ ചെയ്തുവരുന്നുണ്ട്.
ജില്ലയിലെ അണ്‍ എയ്ഡഡ് വിഭാഗത്തില്‍ മികച്ച പി.ടി.എയ്ക്കുള്ള അംഗീകാരം മൂന്നു തവണ കരസ്ഥമാക്കിയ കോണ്‍കോഡ് സ്‌കൂള്‍ കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡിനും അര്‍ഹത നേടിയിട്ടുണ്ട്. 2019 മാര്‍ച്ച് നാലിന് വിദ്യാഭ്യാസ മന്ത്രിയില്‍നിന്നു പുരസ്‌കാരം ഏറ്റുവാങ്ങും. സ്‌കൂള്‍ മാനേജര്‍ ആര്‍.എം ബഷീര്‍, പ്രിന്‍സിപ്പല്‍ ബീനാ ഉണ്ണി എന്നിവരാണ് സ്‌കൂളിന്റെ മികവിനും നന്മ നിറഞ്ഞ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുന്നത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.