2018 September 20 Thursday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

ജി.സി.സി റെയില്‍ ശൃംഖല 2018 ല്‍ പ്രവര്‍ത്തനം ആരംഭിക്കും;വന്‍ തൊഴിലവസരങ്ങള്‍

അബ്ദുസ്സലാം കൂടരഞ്ഞി

ദമ്മാം: ജി.സി.സി രാജ്യങ്ങളെ തമ്മില്‍ റെയില്‍ മാര്‍ഗം ബന്ധിപ്പിക്കുന്ന ഗള്‍ഫ് റെയില്‍വേ പദ്ധതി അടുത്ത രണ്ടുവര്‍ഷത്തിനുള്ളില്‍ ആരംഭിക്കും. ഇതോടെ നേരിട്ടും അല്ലാതെയും 80,000ത്തിലധികം തൊഴിലവസരങ്ങളുണ്ടാകുമെന്ന് ഗള്‍ഫ് രാജ്യങ്ങളുടെ ചേംബര്‍ ജനറല്‍ സെക്രട്ടറി അബ്ദുറഹീം നഖി പറഞ്ഞു. ജി.സി.സിയിലെ ആറു രാഷ്ട്രങ്ങളെയും ബന്ധിപ്പിക്കുന്നതാണ് പദ്ധതി.
കുവൈത്തില്‍ നിന്ന് ആരംഭിക്കുന്ന റെയില്‍പാത സഊദി കിഴക്കന്‍ പ്രവിശ്യ വഴി ദമാമുമായും ഇവിടെ നിന്ന് ഖത്തറുമായും പിന്നീട് യു.എ.ഇയെ സഊദിയുമായി ബന്ധിപ്പിക്കുന്നത് ബത്ഹ പ്രവേശന കവാടം വഴിയാണ്. അവിടെ നിന്ന് ഒമാനിലെത്തും. സോഹാര്‍ വഴിയാണ് മസ്‌കറ്റിനെ ബന്ധിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വിവിധ രാജ്യങ്ങളെ കോര്‍ത്തിണക്കുന്ന റെയില്‍ ശൃംഖലയില്‍ നിര്‍ദ്ദിഷ്ട കടല്‍ പാലം വഴി ബഹ്‌റൈനെ ദമാം ഖത്തര്‍ എന്നിവയുമായി ബന്ധപ്പെടുത്തിയിട്ടായിരിക്കും റെയില്‍വേ കടന്നു പോവുക.
15.4 ബില്യന്‍ ഡോളര്‍ പ്രതീക്ഷിക്കുന്ന പാതയുടെ ആകെ ദൂരത്തില്‍ 663 കിലോമീറ്ററും സഊദിയിലാണ്. കുവൈത്ത് സിറ്റി മുതല്‍ മസ്‌കറ്റ് വരെ 2,117 കിലോമീറ്റര്‍ നീളമുള്ള റെയില്‍പാത യാഥാര്‍ഥ്യമാകുന്നതോടെ ധാരാളം നേട്ടങ്ങള്‍ മേഖലയ്ക്ക് ഉണ്ടാകും. ഗള്‍ഫ് മേഖലയുടെ സാമ്പത്തിക, സാമൂഹിക മേഖലകളെ പുഷ്ടിപ്പെടുത്താന്‍ പദ്ധതി വഴിവയ്ക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത് സംബന്ധിച്ച് പഠനം നടത്താനായി വിദഗ്ധ കമ്പനികളെ ചുമതലപ്പെടുത്തുകയും വിശദമായ റിപ്പോര്‍ട്ടുണ്ടാക്കാന്‍ സമിതി രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്. റെയില്‍വേ ലൈനുകള്‍ കടന്നുപോകേണ്ട സ്ഥലങ്ങള്‍ നിര്‍ണയിക്കുകയും പദ്ധതി നടപ്പാക്കുന്നതിന് ഗള്‍ഫ് രാജ്യങ്ങള്‍ ടെന്‍ഡര്‍ ക്ഷണിച്ചിട്ടുണ്ട്.
യാത്ര ട്രെയിനുകളുടെ സ്പീഡ് മണിക്കൂറില്‍ 220 കിലോമീറ്ററും ചരക്ക് ട്രെയിനുകളുടേത് 80 മുതല്‍ 120 കിലോമീറ്റര്‍ വരെയായി നിര്‍ണയിച്ചിട്ടുണ്ട്. വൈദ്യുതിയ്ക്ക് ഡീസലായിരിക്കും ഉപയോഗിക്കുക. റെയില്‍പാതകള്‍, സിഗ്‌നല്‍, വാര്‍ത്താവിനിമയ, ഓപറേഷന്‍, റിപ്പയറിങ് സംവിധാനങ്ങള്‍ ലോകാടിസ്ഥാനത്തില്‍ നൂതനവും മികച്ചതുമാകുമെന്നും അബ്ദുറഹീം നഖി പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.