2020 April 05 Sunday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

ജി സി സി ഉച്ചകോടി ഇന്ന് റിയാദിൽ: ഖത്തർ അമീർ പങ്കെടുക്കുമോയെന്നു ഉറ്റു നോക്കി അറബ് ലോകം

അബ്‌ദുസ്സലാം കൂടരഞ്ഞി

റിയാദ്: ഗൾഫ് രാജ്യങ്ങളുടെ കൂട്ടായ്‌മയായ ഗൾഫ് സഹകരണ കൗൺസിൽ നാൽപതാമത്  ഉച്ചകോടി ഇന്ന് സഊദി തലസ്ഥാന നഗരിയായ റിയാദിൽ ചേരും. നേരത്തെ യു എ ഇ ആസ്ഥാനമായ അബുദാബിയിൽ നടക്കുമെന്ന് പ്രഖ്യാപിച്ച ഉച്ചകോടി ആസ്ഥാന നഗരിയിൽ ചേരാൻ യു എ ഇ ആവശ്യപ്പെട്ടതിനെ തുടർന്നാണ് സഊദി തലസ്ഥാന നഗരിയായ ജിസിസി ആസ്ഥാന കേന്ദ്രത്തിൽ വെച്ച് ഉച്ചകോടി ചേരുന്നത്. സഊദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവിന്റെ അധ്യക്ഷതിയിൽ ചേരുന്ന ഉച്ചകോടിയിൽ മേഖലയിലെയും ആഗോള തലത്തിലെയും പുതിയ സംഭവ വികാസങ്ങളും മേഖലയിലെ സുരക്ഷാ സ്ഥിതിഗതികളും മേഖലാ രാജ്യങ്ങളുടെ സുരക്ഷാ ഭദ്രതയിൽ ഇവയുണ്ടാക്കുന്ന പ്രത്യാഘാതങ്ങളും ചർച്ച ചെയ്യും.  
        രണ്ടര വര്‍ഷമായി തുടരുന്ന ഖത്തറുമായുള്ള സഊദി സഖ്യ രാജ്യങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്ന് സൂചന. സഊദിയുമായി ഖത്തർ ചർച്ചകൾ നടത്തി വരികയാണെന്നും പരിഹാരം കാണുമെന്നുമുള്ള പ്രതീക്ഷ നൽകുന്ന വാർത്തകളാണ് പുറത്ത് വരുന്നത്. സഊദിയുമായി തങ്ങൾ ചർച്ചകൾ നടത്തിയെന്ന ഖത്തറിന്റെ പുതിയ വെളിപ്പെടുത്തലോടെ ഖത്തർ പ്രതിസന്ധി ഉടൻ പരിഹരിക്കപ്പെടുമെന്നാണ് സൂചന. ഇനി ഏവരുടെയും ശ്രദ്ധ ഇന്ന് സഊദി തലസ്ഥാന നഗരിയായ റിയാദിൽ നടക്കുന്ന നാൽപതാമത് ഗൾഫ് ഉച്ചകോടിയിലേക്കാണ്. ഖത്തർ അമീർ പങ്കെടുത്താൽ ഖത്തർ പ്രതിസന്ധി പരിഹരിക്കപ്പെടുന്നതിൽ അത് നിർണ്ണായകമായിരിക്കും. റിയാദില്‍ നടക്കുന്ന ജി.സി.സി യോഗത്തില്‍ വെച്ച് ഉപരോധവുമായി ബന്ധപ്പെട്ട നിര്‍ണായക തീരുമാനങ്ങള്‍ പുറത്തുവരുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ കണക്കുകൂട്ടുന്നത്.
            ജി സി സി ഉച്ച്ചകോടിയുടെ മുന്നോടിയായി ജി സി സി രാജ്യങ്ങളിലെ വിദേശ കാര്യ മന്ത്രിമാർ റിയാദിൽ പ്രത്യേക പ്രാരംഭ യോഗം ചേർന്നു. ജി സി സി അംഗ രാജ്യങ്ങളായ സഊദി അറേബ്യ, യു എ ഇ, കുവൈത്ത്, ബഹ്‌റൈൻ, ഒമാൻ, ഖത്തർ എന്നീ ആറു രാജ്യങ്ങളിലെ വിദേശ കാര്യ മന്ത്രിമാരാണ് ഇന്നലെ ഉച്ചക്ക് ശേഷം റിയാദിൽ യോഗം ചേർന്നത്. ഇറാൻ ഇടപെടലുകടക്കം മേഖലയിലെ സുരക്ഷാ വിഷയങ്ങൾ, യമൻ യുദ്ധം എന്നിവ വിദേശ കാര്യ മന്ത്രിമാർ വിലയിരുത്തി. ഉച്ചകോടിയുടെ ഭാഗമായി റിയാദിലെത്തിയ വിവിധ രാജ്യങ്ങളിലെ വിദേശ കാര്യ മന്ത്രിമാരുൾപ്പെടെയുയുള്ളവരെ സഊദി വിദേശ കാര്യ മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം വിമാനത്താവളത്തിൽ സ്വീകരിച്ചു. ഖത്തർ സംഘത്തോടൊപ്പം വിദേശ കാര്യ മന്ത്രി റിയാദിലെത്തിയ കാര്യം ഖത്തർ ന്യൂസ് ഏജൻസിയും സ്ഥിരീകരിച്ചിട്ടുണ്ട്.  


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.