2018 September 25 Tuesday
ലോകത്തെ മാറ്റിമറിക്കാന്‍ ഇറങ്ങുന്നവര്‍ ആദ്യം സ്വയം മാറ്റിമറിക്കട്ടെ
സോക്രട്ടീസ്

ജി.എസ്.ടി: സര്‍ക്കാര്‍ ലോട്ടറിക്ക് 12 ശതമാനം നികുതി

റിട്ടേണ്‍ ഫയല്‍ചെയ്യാന്‍ കൂടുതല്‍ സമയം

 

യു.എം മുഖ്താര്‍

ന്യൂഡല്‍ഹി: ഏറെനേരത്തെ തര്‍ക്കത്തിനും സംവാദത്തിനുമൊടുവില്‍ സംസ്ഥാനസര്‍ക്കാര്‍ നടത്തുന്ന ലോട്ടറിക്ക് 12 ശതമാനം നികുതിഏര്‍പ്പെടുത്താന്‍ ജി.എസ്.ടി ഉന്നതാധികാരസമിതി യോഗം തീരുമാനിച്ചു. സ്വകാര്യ ലോട്ടറികള്‍ക്ക് 28 ശതമാനമാണ് നികുതി. ഇതോടെ അന്യസംസ്ഥാനലോട്ടറികള്‍ക്ക് കടുത്ത നിയന്ത്രണമുണ്ടാകും.
ഇന്നലെ ഡല്‍ഹിയിലെ വിജ്ഞാന്‍ഭവനില്‍ കേന്ദ്രധനമന്ത്രി അരുണ്‍ജെയ്റ്റ്‌ലിയുടെ അധ്യക്ഷതയിലാണ് 17ാമത് ജി.എസ്.ടി ഉന്നതാധികാര സമിതി ചേര്‍ന്നത്. ലോട്ടറി നികുതിയുടെ കാര്യത്തില്‍ ശക്തമായ നിലപാടാണ് ഇന്നലത്തെ യോഗത്തില്‍ ധനമന്ത്രി ഡോ. തോമസ് ഐസക് എടുത്തത്.
പന്തയത്തിന് 28 ശതമാനം നികുതിയേര്‍പ്പെടുത്തിയതിനാല്‍ ലോട്ടറിക്കും 28 വേണമെന്നു കേരളം നിലപാടെടുത്തു. തര്‍ക്കം ഒന്നരമണിക്കൂറോളം നീണ്ടു. ഉച്ചയ്ക്ക് ഭക്ഷണത്തിനു പിരിഞ്ഞസമയത്തു നടന്ന അനൗപചാരിക ചര്‍ച്ചയിലും തീര്‍പ്പായില്ല.
ഉച്ചയ്ക്കു ശേഷം യോഗം തുടര്‍ന്നപ്പോള്‍ ജി.എസ്.ടി കൗണ്‍സിലുമായി സഹകരിക്കില്ലെന്നു പറഞ്ഞ് തോമസ് ഐസക് യോഗത്തില്‍നിന്ന് ഇറങ്ങിപ്പോരാനും ശ്രമിച്ചു. ഇതിനിടെ കേരളത്തിന്റെ ആവശ്യത്തെ ജമ്മുകശ്മിരും പിന്തുണച്ചു. ഇതിനൊടുവിലാണ് സംസ്ഥാനം നേരിട്ടു നടത്തുന്ന ലോട്ടറിക്ക് 12 ശതമാനം നികുതിയും മറ്റുള്ളവയ്ക്ക് 28ഉം ആക്കി സമവായത്തിലെത്തിയത്. കേരളത്തിലേക്കു കടന്നുവരാനുള്ള ലോട്ടറിമാഫിയകളുടെ നീക്കം ഇതുകൊണ്ട് ഏറെക്കുറേ തടയാനായതായി തോമസ് ഐസക് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
വ്യാപാരികള്‍ക്ക് റിട്ടേണ്‍ ഫയല്‍ചെയ്യാന്‍ കൂടുതല്‍ സമയം അനുവദിച്ചു. നികുതിയടക്കല്‍ ജി.എസ്.ടി യില്‍ പൂര്‍ണമായും ഓണ്‍ലൈന്‍ വഴിയാണു നടക്കുക. ഇതിനായുള്ള ഏകീകൃത കംപ്യൂട്ടര്‍ ശൃംഖല ഇതുവരെ സജ്ജമായിട്ടില്ല.
ഇതു സജ്ജമാകാന്‍ നാലഞ്ചുമാസം എങ്കിലും എടുക്കും. ഈ സാഹചര്യത്തിലാണ് ഇടപാട് റിട്ടേണുകള്‍ സമര്‍പ്പിക്കാന്‍ വ്യാപാരികള്‍ക്ക് രണ്ടുമാസം കൂടി കാലതാമസം നല്‍കുന്നത്. ജൂലൈയിലേത് സെപ്റ്റംബര്‍ നാലിനു മുമ്പ് സമര്‍പ്പിച്ചാല്‍ മതി.

പ്രഖ്യാപനം 30ന് അര്‍ധരാത്രി ആഘോഷത്തോടെ

ജി.എസ്.ടി ജൂലൈ ഒന്നിനു തന്നെ നിലവില്‍വരുമെന്ന തീരുമാനത്തില്‍ മാറ്റമില്ല. ഈ മാസം 30നു പാര്‍ലമെന്റ് സെന്‍ട്രല്‍ഹാളില്‍ നടക്കുന്ന ആഘോഷപരിപാടികളില്‍ രാജ്യത്തെ ഏകീകൃതചരക്കുസേവന നികുതി നിലവില്‍വന്നതായി സര്‍ക്കാര്‍ പ്രഖ്യാപനം നടത്തും.
അന്നുതന്നെ ജി.എസ്.ടി ഉന്നതാധികാരസമിതിയുടെ അന്തിമയോഗവും നടക്കും. ഈ യോഗത്തില്‍ ജി.എസ്.ടിയുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കും. പിന്നീടാവും പ്രഖ്യാപനമുണ്ടാവുക. അതേസമയം, ജൂലൈ ഒന്നിനു ജി.എസ്.ടി നടപ്പാക്കാനുള്ള തയ്യാറെടുപ്പുകള്‍ ആയിട്ടില്ലെന്ന് തോമസ് ഐസക് പറഞ്ഞു. കേന്ദ്ര ജി.എസ്.ടി നടപ്പാക്കാന്‍ നല്ല കംപ്യൂട്ടര്‍ ശ്രൃഖലതന്നെ ഉണ്ടാക്കിയെടുക്കേണ്ടതുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.