2018 September 23 Sunday
ആത്മാവിനെ ആയുധങ്ങള്‍ മുറിവേല്‍പ്പിക്കുന്നില്ല അഗ്നി ദഹിപ്പിക്കുന്നില്ല. ജലം നനയ്ക്കുന്നില്ല. കാറ്റ് ഉണക്കുന്നുമില്ല.
-ഭഗവത്ഗീത

ജിഷ കൊലപാതകം: മോദിയുടേത് മുതലകണ്ണീരെന്ന് ചെന്നിത്തല

കോഴിക്കോട്: ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടേത് മുതലകണ്ണീരെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് മോദി സംഭവത്തെ രാഷ്ട്രീയ വല്‍ക്കരിക്കുകയാണ്. ഫേസ്ബുക്ക് പോസ്റ്റിലാണ് ചെന്നിത്തല മോദിക്കെതിരെ രംഗത്തുവന്നത്. ഇതിലൂടെ രണ്ട് വോട്ട് അധികം ലഭിക്കുമോയെന്നാണ് മോദി നോക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

പെരുമ്പാവൂര്‍ സംഭവത്തില്‍ പ്രധാനമന്ത്രി പൊഴിക്കുന്നത് മുതലക്കണ്ണീര്‍

പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രധാനമന്ത്രി മുതലക്കണ്ണീര്‍ പൊഴിക്കുകയാണ്. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് പ്രധാനമന്ത്രി വീണ്ടും സംഭവത്തെ രാഷ്ട്രീയവല്‍ക്കരിക്കുന്നത്. ഇത് വഴി രണ്ട് വോട്ട് കൂടുതല്‍ കിട്ടുമോ എന്നാണ് അദ്ദേഹം നോക്കുന്നത്. സമൂഹത്തില്‍ അസഹിഷ്ണതയും, അസ്വസ്ഥതയും വിതച്ച് കള്ളപ്രചരണം നടത്തുന്ന ബി.ജെ.പിയുടെ തന്ത്രങ്ങളൊന്നും വിജയിക്കാതെ വന്നതോടെയാണ് പെരുമ്പാവൂര്‍ സംഭവം രാഷ്ട്രീയായുധമാക്കുന്നത്. കേരളത്തിന്റെ ഭാവിയില്‍ ആശങ്കയുണ്ടെന്ന് പറയുന്ന പ്രധാനമന്ത്രി സംഘപരിവാര്‍ ശക്തികളുടെ ഭരണത്തില്‍ ഭാരതത്തിലെ ജനങ്ങളുടെ ഭാവിയെക്കുറിച്ചാണ് ആശങ്കപ്പെടേണ്ടത്. കേരളത്തില്‍ ബി.ജെ.പിയുടെ പ്രചരണത്തിന് നേതൃത്വം നല്‍കുന്നത് കോര്‍പ്പറേറ്റുകളാണ്. താമര വിരിയില്ലെന്ന് ഉറപ്പായിട്ടും മോദിയുടെ അനുഗ്രാഹാശിസുകളോടെ അവസാനത്തെ അടവും പയറ്റുകയാണവര്‍. വര്‍ഗ്ഗീയതയുടെ വിത്ത് വിതച്ച് കൊണ്ടുള്ള സംഘപരിവാര്‍ ശക്തികളുടെ ഈ പതിനെട്ടാം അടവിനെ കരുതിയിരിക്കണം. പെരുമ്പാവൂര്‍ സംഭവത്തില്‍ പൊലീസ് ഊര്‍ജ്ജിതമായി അന്വേഷണം തുടരുകയാണ്. മികച്ച പൊലീസ് ഉദ്യേഗസ്ഥരാണ് കേസ് അന്വേഷിക്കുന്നത്. നിരവധി കേസുകള്‍ സ്ത്യുത്യര്‍ഹമാംവണ്ണം അന്വേഷിച്ച് തെളിയിച്ച കേരള പൊലീസിന് ഈ കേസും ഉടന്‍ തെളിയിക്കാനാവും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.