2018 September 19 Wednesday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

ജിഷയുടെ കൊലപാതകം: ഡി.എന്‍.എ ഫലം പുറത്തുവിട്ടു

കൊച്ചി: പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥിനി ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നടത്തിയ ഡി.എന്‍.എ പരിശോധനാഫലം പുറത്തുവിട്ടു. ജിഷയുടെ ചൂരിദാറിലും കടിയേറ്റഭാഗങ്ങളിലും പറ്റിപ്പിടിച്ചിരുന്ന കൊലയാളിയുടെ ഉമിനീരാണ് പരിശോധിച്ചത്. തിരുവനന്തപുരത്തെ രാജീവ് ഗാന്ധി ബയോടെക്‌നോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലും കാക്കനാട്ടെ ഫോറന്‍സിക് ലാബിലുമാണ് പരിശോധന നടത്തിയത്. അതേസമയം, ഇപ്പോള്‍ കസ്റ്റഡിയിലുള്ള ആരുമായും ഫലം യോജിക്കുന്നില്ലെന്നാണ് വിവരം. എന്നാല്‍, പ്രതിയെ കണ്ടുപിടിക്കാന്‍ ഡി.എന്‍.എ പരിശോധനാഫലം സഹായകമാകുമെന്നാണ് പൊലിസ് വിലയിരുത്തുന്നത്.

നേരത്തേ ജിഷയുടെ വീട്ടില്‍നിന്ന് ലഭിച്ച വിരലടയാളത്തിന്റെ അടിസ്ഥാനത്തില്‍ പലരുടെയും വിരലടയാളം പരിശോധിച്ചെങ്കിലും പ്രതിയെ കണ്ടെത്താനായിരുന്നില്ല. ജിഷയുടെ ശരീരത്തില്‍ ചെറുതും വലുതുമായ 38 ഓളം മുറിവുകളുണ്ടായിരുന്നുവെന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തില്‍ തെളിഞ്ഞത്. ഇതില്‍ 28 മുറിവുകളും കൈകാലുകള്‍ കൊണ്ടോ പല്ലുകള്‍കൊണ്ടോ നടത്തിയതാവാമെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ജിഷയുടെ ശരീരത്തില്‍ ആഴത്തില്‍ കടിയേറ്റതിന്റെ പാടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പൊലിസ് പലരുടെയും ദന്ത പരിശോധനയും നടത്തിയിരുന്നു. വിരലടയാള പരിശോധനയും ദന്തപരിശോധനയുമൊക്കെ പരാജയപ്പെട്ടതിനാല്‍ കേസില്‍ നിര്‍ണായക തെളിവായാണ് ഡി.എന്‍.എ ഫലത്തെ പൊലിസ് കാണുന്നത്. ഇനി സംശയം തോന്നുന്നവരുടെ ഡി.എന്‍.എ പരിശോധിച്ചാല്‍ പ്രതിയെ വേഗത്തില്‍ പിടികൂടാനാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.