2020 July 13 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ജില്ലയുടെ സ്വന്തം നേന്ത്രവാഴയായ ചെങ്ങാലിക്കോടന് ദേശീയ അംഗീകാരം

  • എരുമപ്പെട്ടി കരിയന്നൂര്‍ ഭൂപ്രദേശങ്ങളിലാണ് ചെങ്ങാലിക്കോടന്‍ നേന്ത്രവാഴയുടെ ജനനം
  • കേന്ദ്ര കൃഷിമന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പി.പി.വി.
  • ആന്‍ഡ് എഫ്.ആര്‍ അതോററ്റി നല്‍കുന്ന സര്‍ക്കാര്‍ ബഹുമതിയായ പ്ലാന്റ് ജിനോം സേവിയര്‍ യൂണിറ്റി അവാര്‍ഡാണ് ചെങ്ങാലിക്കോടന്‍ കര്‍ഷക സംഘത്തിനെ തേടിയെത്തിയിരിക്കുന്നത്

എരുമപ്പെട്ടി: ജില്ലയുടെ സ്വന്തം നേന്ത്രവാഴയായ ചെങ്ങാലിക്കോടന് ദേശീയ അംഗീകാരം. എരുമപ്പെട്ടി ചെങ്ങാലിക്കോടന്‍ നേന്ത്രവാഴ കര്‍ഷക സംഘം പ്ലാന്റ് ജീനോം സേവിയര്‍ കമ്മ്യൂണിറ്റി ദേശീയ അവാര്‍ഡിന് അര്‍ഹരായിരിക്കുകയാണ്.
എരുമപ്പെട്ടിയിലെ ചെങ്ങാലിക്കോടന്‍ നേന്ത്രവാഴ കര്‍ഷകര്‍ക്കും അവരുടെ നേട്ടങ്ങള്‍ക്കായും പ്രവര്‍ത്തിക്കുന്ന മുന്‍ കൃഷി ഓഫിസര്‍ പി.വി.സുലോചനയ്ക്കും ഇത് ആഹ്ലാദത്തിന്റേയും അഭിമാനത്തിന്റേയും നിമിഷങ്ങളാണ്. അപൂര്‍വവും ജൈവ വൈവിധ്യവുമുള്ള കാര്‍ഷിക സമ്പത്തിനെ കാത്തുസൂക്ഷിച്ച് നിലനിര്‍ത്തി പോരുന്ന കര്‍ഷക സംഘങ്ങള്‍ക്ക് കേന്ദ്ര കൃഷിമന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പി.പി.വി. ആന്‍ഡ് എഫ്.ആര്‍ അതോററ്റി നല്‍കുന്ന സര്‍ക്കാര്‍ ബഹുമതിയായ പ്ലാന്റ് ജിനോം സേവിയര്‍ യൂണിറ്റി അവാര്‍ഡാണ് ചെങ്ങാലിക്കോടന്‍ കര്‍ഷക സംഘത്തിനെ തേടിയെത്തിയിരിക്കുന്നത്. പത്ത് ലക്ഷം രൂപയും പുരസ്‌കാരവും അടങ്ങുന്ന അവാര്‍ഡ് ഈ മാസം 21 ന് ഡല്‍ഹിയിലാണ് നല്‍കുന്നത്. കഴിഞ്ഞ വര്‍ഷം കേന്ദ്ര സര്‍ക്കാരിന്റെ ഭൂപ്രദേശ സൂചിക പദവി ലഭിച്ച ചെങ്ങാലിക്കോടന്‍ നേന്ത്രവാഴ അതിന്റ ജന്‍മ നാട്ടില്‍ വേരുകള്‍ നഷ്ടപ്പെടാതെ കാത്തുസൂക്ഷിച്ചതിനാണ് എരുമപ്പെട്ടി കര്‍ഷക സംഘം ഈ അപൂര്‍വ പുരസ്‌കാരത്തിന് അര്‍ഹരായത്.
നൂറ്റാണ്ടുകള്‍ക്ക് മുമ്പ് നിലവിലുണ്ടായിരുന്ന ചെങ്ങഴിക്കോട് നാട്ടുരാജ്യത്തില്‍പ്പെട്ട എരുമപ്പെട്ടി കരിയന്നൂര്‍ ഭൂപ്രദേശങ്ങളിലാണ് ചെങ്ങാലിക്കോടന്‍ നേന്ത്രവാഴയുടെ ജനനം.
മച്ചാട് മലകളില്‍നിന്നും ഉത്ഭവിക്കുന്ന വടക്കാഞ്ചേരി കേച്ചേരിപുഴ ഒഴികിയെത്തുന്ന എക്കല്‍ മണ്ണ് അടിഞ്ഞ് കൂടുന്ന ഈ ഭൂവിഭാഗത്തില്‍ ജനിച്ചതിനാലാണ് ചെങ്ങാലിക്കോടന്‍ നേന്ത്രവാഴക്കുലകള്‍ മറ്റുള്ളവയില്‍ നിന്നും രുചിയിലും ഭംഗിയിലും ഏറെ മുന്‍പനായത്. ഏണുകളില്ലാത്ത ഉരുണ്ടകായകളും മൂപ്പെത്തുമ്പോള്‍ പ്രത്യക്ഷപ്പെടുന്ന സ്വര്‍ണ വര്‍ണവും ചുവന്ന കരകളും പഴുക്കുമ്പോള്‍ തേനൂറുന്ന മധുരവും ചെങ്ങാലിക്കോടന്‍ നേന്ത്ര പഴത്തിന്റെ മാത്രം പ്രത്യേകതകളാണ്. നാട്ടുരാജ്യങ്ങള്‍ നിലവിലുണ്ടായിരുന്ന കാലഘട്ടത്തില്‍ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ മുറജപത്തിന് ചെങ്ങഴിക്കോടിന്റെ കാണിക്കയായി ചെങ്ങാലിക്കോടനാണ് സമര്‍പിച്ചിരുന്നത്. അന്ന് ചെങ്ങാഴിക്കോടന്‍ എന്ന് അറിയപ്പെട്ടിരുന്ന നേന്ത്രവാഴ കാലന്തരത്തില്‍ ഇംഗ്ലീഷ് ഭാഷ കലര്‍ന്നതോടെ ചെങ്ങാലിക്കോടന്‍ എന്നായി മാറുകയായിരുന്നു. ചെങ്ങാലിക്കോടന്റെ പെരുമ ഇന്നും കേരളത്തിനകത്തും പുറത്തും നിറം മങ്ങാതെ നിലനില്‍ക്കുന്നു. തിരുവോണത്തിന് കാഴ്ചക്കുലകളായി സമര്‍പിക്കുന്നത് ചെങ്ങാലിക്കോടന്‍ നേന്ത്രക്കുലകളാണ്. മോഹ വില നല്‍കിയാണ് ഓണനാളില്‍ ആവശ്യക്കാര്‍ ചെങ്ങാലിക്കോടന്‍ വാഴക്കുലകള്‍ സ്വന്തമാക്കാറുള്ളത്.
തൃശൂര്‍ ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ ചെങ്ങാലിക്കോടന്‍ കൃഷിയുണ്ടെങ്കിലും വാണിജ്യ അടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ ക്യഷി ചെയ്യുന്നത് ചെങ്ങാലിക്കോടന്റെ ജന്‍മദേശമായ കരിയന്നൂരിലാണ്. എരുമപ്പെട്ടി കൃഷി ഓഫീസറായിരുന്ന പി.വി.സുലോചനയാണ് ചെങ്ങാലിക്കോടന്റെ വേരുകള്‍ തേടി പഠനം നടത്തി ഈ അപൂര്‍വ വാഴയുടെ ജനനവും ചരിത്രവും കണ്ടെത്തിയത്. പി.വി. സുലോചനയുടെ അശ്രാന്ത പരിശ്രമത്തിന്റെ ഫലമായാണ് ചെങ്ങാലിക്കോടന് ഭൂ പ്രദേശ സൂചിക പദവി ലഭിച്ചതും ദേശീയ അവാര്‍ഡിന് അര്‍ഹമാക്കിയതും.
ചെങ്ങാലിക്കോടനെ കൈവിടാതെ തലമുറകളായി കൃഷി ചെയ്ത് വരുന്ന കരിയന്നൂരിലെ കര്‍ഷകരും തികഞ്ഞ ആഹ്ലാദത്തിലാണ്. ചെങ്ങാലിക്കോടന്‍ എരുമപ്പെട്ടി കര്‍ഷക സംഘത്തിന് ലഭിച്ച അവാര്‍ഡിന്റെ അംഗീകാരം ഭൂപ്രദേശ സൂചികം ലഭിക്കുന്നതിന് പ്രയത്‌നിച്ച മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയിലെ ഭൗതിക സ്വത്തവകാശ സെല്‍ മേധാവി ഡോ. സി.ആര്‍.എല്‍സിക്കും കൂടി അവകാശപ്പെട്ടതാണ്. ഭാരത സര്‍ക്കാരിന്റെ പുരസ്‌കാരം എരുമപ്പെട്ടിയിലെ കര്‍ഷകര്‍ ഏറ്റുവാങ്ങുമ്പോള്‍ അത് തൃശൂര്‍ ജില്ലയ്ക്ക് കൂടി അഭിമാനമായി മാറും.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.