2019 October 19 Saturday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ മഞ്ഞപ്പിത്തം പടരുന്നു

മൂവാറ്റുപുഴ: ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ മഞ്ഞപ്പിത്തം പടരുന്നു. തൃക്കളത്തൂര്‍, വാഴപ്പിള്ളി, മുടവൂര്‍, ഊരമന പ്രദേശങ്ങളിലാണ് ഹെപ്പറ്റൈറ്റിസ് ബി ഇനത്തില്‍പ്പെട്ട മഞ്ഞപ്പിത്തം കണ്ടെത്തിയിരിക്കുന്നത്. മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലും, സമീപ പ്രദേശങ്ങളിലെ സ്വകാര്യ ആശുപത്രികളിലുമായി ഇതുവരെ ഇരുപതോളം പേരാണ് ചികിത്സ തേടിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഊരമനയില്‍ ഹെപ്പറ്റൈറ്റിസ് ബി വിഭാഗത്തില്‍പെട്ട മഞ്ഞപ്പിത്തം പടര്‍ന്ന് പിടിച്ചിരുന്നു.
നിരവധിയാളുകള്‍ക്ക് ജീവന്‍ നഷ്ടമാകുകയും ചെയ്തിരുന്നു. രോഗത്തിന്റെ ഉറവിടം കണ്ടെത്തുന്നതിന് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധനകള്‍ നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്നുള്ള വിദഗ്ധ സംഘവും വെല്ലൂര്‍, മണിപ്പാല്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിദഗ്ധ സംഘവും പ്രദേശത്ത് പരിശോധന നടത്തിയെങ്കിലും രോഗത്തിന്റെ കാരണം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഈ വര്‍ഷവും പ്രദേശത്തും സമീപ പഞ്ചായത്തുകളിലും രോഗം കണ്ടെത്തിയത് നാട്ടുകാരില്‍ ആശങ്ക ഉളവാക്കിയിരിക്കുകയാണ്. ഹെപ്പറ്റൈറ്റിസ് ബി രക്തത്തിലൂടെയാണ് പരക്കുന്നത്.
കരളിനെയാണ് രോഗം ബാധിക്കുന്നത്. ആദ്യം പനിയും പിന്നീട് ശരീരവേദനയും, തുടര്‍ന്ന് ശര്‍ദ്ദിയും ആരംഭിക്കും. ഇതോടെ രോഗി അവശതയിലാകുകയും ചെയ്യും. രോഗം മനസിലാക്കി തുടക്കത്തിലേ ചികിത്സിച്ചില്ലെങ്കില്‍ മരണം വരെ സംഭവിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. രോഗം പരക്കുന്നത് കണ്ടെത്താന്‍ കഴിയാത്തതിനാല്‍ പ്രതിരോധ വാക്‌സിനേഷനും, ബോധവല്‍ക്കരണവുമാണ് പ്രതിവിധിയെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. പി.എച്ച്.സികളില്‍ പ്രതിരോധ വാക്‌സിനേഷന്‍ നല്‍കുന്നില്ല. ജനറല്‍ ആശുപത്രികളിലും, താലൂക്ക് ആശുപത്രികളിലുമാണ് നിലവില്‍ ഹെപ്പറ്റൈറ്റിസ് ബിയുടെ പ്രതിരോധ വാക്‌സിനേഷന്‍ നല്‍കുന്നത്.
കുട്ടികള്‍ക്ക് പ്രതിരോധ വാക്‌സിനേഷന്‍ സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്നുണ്ട്. എന്നാല്‍ മുതിര്‍ന്നവര്‍ക്ക് വാക്‌സിനേഷന്‍ എടുക്കുന്നതിന് 300 രൂപയോളം ചിലവ് വരും. അതുകൊണ്ട് തന്നെ പലരും വാക്‌സിനേഷന്‍ എടുക്കാനും തയ്യാറാകുന്നില്ല.
മൂന്ന് ഡോസ് മരുന്നാണ് പ്രതിരോധ വാക്‌സിനേഷനായി നല്‍കുന്നത്. ഒരു ഡോസ് കുത്തിവയ്പ്പ് എടുത്തശേഷം അടുത്ത ഡോസ് മരുന്ന് ഒരുമാസം കഴിഞ്ഞും മൂന്നാമത്ത് ഡോസ് മരുന്ന ആറ് മാസം കഴിഞ്ഞുമാണ് നല്‍കുന്നത്. ഹെപ്പറ്റൈറ്റിസ് ബി രോഗം കണ്ടെത്തി കഴിഞ്ഞാല്‍ ഉടന്‍ ആശുപത്രികളില്‍ ചികിത്സ തേടണം. ചികിത്സ വൈകുകയോ, സ്വയം ചികിത്സയ്‌ക്കോ മുതിരരുതെന്നും ഇത് വന്‍അപകടത്തിന് കാരണമാകുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
ഹെപ്പറ്റൈറ്റിസ് ബി രോഗം പിടിപ്പെട്ടയാള്‍ക്ക് രോഗത്തിന്റെ അണുക്കള്‍ രക്തത്തില്‍ നിന്നും മാറണമെങ്കില്‍ മാസങ്ങളെടുക്കും. രോഗം മാറിയ ശേഷവും രക്തം പരിശോധിച്ച് രോഗം പൂര്‍ണ്ണമായും മാറിയതായി ഉറപ്പാക്കെണ്ടതാണ്. ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ വീണ്ടും ഹെപ്പറ്റൈറ്റിസ് ബി രോഗം സ്ഥിതീകരിച്ചതോടെ പ്രദേശവാസികള്‍ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. അടിയന്തിരമായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയില്ലങ്കില്‍ രോഗം പടര്‍ന്ന് പിടിക്കുന്നതിനും ഇത് വന്‍വിപത്തിന് കാരണമാകുമെന്നും ചൂണ്ടി കാണിക്കപ്പെടുന്നു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.