2019 June 24 Monday
ഭരിച്ചതുകൊണ്ടായില്ല ഭരണം ഉണ്ടെന്നു ജനങ്ങള്‍ക്ക് ബോധ്യപ്പെടുമ്പോഴേ ഏതൊരു ഗവണ്‍മെന്റും അര്‍ഥവത്താകുന്നുള്ളൂ -കാറല്‍ മാക്‌സ്‌

ജില്ലയില്‍ ഹര്‍ത്താല്‍ പൂര്‍ണം

 

ആലപ്പുഴ: ഇന്ധനവില വര്‍ധനവിനെതിരേ എല്‍.ഡി.എഫ്, യു.ഡി.എഫ് പ്രഖ്യാപിച്ച ഹര്‍ത്താല്‍ ജില്ലയില്‍ പൂര്‍ണം. കടകള്‍ എല്ലാം അടഞ്ഞു കിടന്നു. ചുരുക്കം ചില സ്വകാര്യവാഹനങ്ങള്‍ ഒഴിച്ച് ബാക്കിയുള്ളവ ഓടിയില്ല. ഓഫിസുകളിലെ ഹാജര്‍ നില പൊതുവെ കുറഞ്ഞു. ബാങ്കുകള്‍ പ്രവര്‍ത്തിച്ചില്ല.
സ്വകാര്യ വാഹനങ്ങള്‍ പ്രത്യേക ആവശ്യങ്ങള്‍ക്കായി നിരത്തിലുണ്ടായിരുന്നു. ട്രെയിന്‍ ഗതാഗതത്തിന് തടസമുണ്ടായില്ല. ഭാരത് ബന്ദിന്റെ ഭാഗമായി ആലപ്പുഴയില്‍ പ്രകടനവും ധര്‍ണയും നടന്നു. ഹര്‍ത്താലിന് ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ചു കെ.സി വേണുഗോപാല്‍ എം.പി സൈക്കിളിലാണ് സമരത്തിനെത്തിയത് .
ഡി.സി.സി ഓഫിസില്‍ നിന്നും ആരംഭിച്ച പ്രകടനത്തില്‍ കോണ്‍ഗ്രസ്, ഐ.എന്‍.ടി.യു.സി മഹിളാ കോണ്‍ഗ്രസ്, യൂത്ത്‌കോണ്‍ഗ്രസ്, കെ.എസ്.യു മറ്റ് പോഷകസംഘടനാ പ്രവര്‍ത്തകര്‍ പങ്കെടുത്തു . കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി, ഡി.സി.സി പ്രസിഡന്റ് എം. ലിജു, കെ.പി.സി.സി ട്രഷറര്‍ ജോണ്‍സണ്‍ എബ്രഹാം, മുന്‍.ഡി.സി.സി പ്രസിഡന്റ് എ.എ ഷുക്കൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രതിഷേധ സൂചകമായി നൂറുകണക്കിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം മോട്ടോര്‍ വാഹനങ്ങളും എല്‍.പി.ജി സിലിണ്ടറുകള്‍ നിറച്ച വാഹനങ്ങളും കെട്ടിവലിച്ചു കൊണ്ടാണ് പ്രകടനം ജനറല്‍ ആശുപത്രി ജങ്ഷനില്‍ എത്തിയത്.
നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ പ്ലക്കാര്‍ഡുകളുമായാണ് പ്രവര്‍ത്തകര്‍ സമരത്തില്‍ പങ്കെടുത്തത്. ജനറല്‍ ആശുപത്രി ജങ്ഷനില്‍ പൊലിസ് പ്രകടനം തടഞ്ഞെങ്കിലും പ്രവര്‍ത്തകര്‍ പൊലിസ് വലയം ഭേദിച്ചു മുന്നോട്ടു നീങ്ങി. പ്രവര്‍ത്തകരും പൊലിസും തമ്മില്‍ ഉന്തും തള്ളുമുണ്ടായെങ്കിലും നേതാക്കള്‍ ഇടപെട്ടു പ്രവര്‍ത്തകരെ പിന്തിരിപ്പിച്ചു .
ജനറല്‍ ആശുപത്രിയ്ക്ക് സമീപമുള്ള പെട്രോള്‍ പമ്പിന് മുന്നില്‍ നടന്ന ധര്‍ണ കെ.സി വേണുഗോപാല്‍ എം.പി ഉദ്ഘാടനം ചെയ്തു. യു.പി.എ ഭരണകാലത്ത് 1.25 കോടി രൂപ സബ്‌സിഡി നല്‍കി എണ്ണ വില പിടിച്ചു നിര്‍ത്തിയെങ്കില്‍ നരേന്ദ്രമോദിയുടെ സര്‍ക്കാര്‍ നികുതി വര്‍ധിപ്പിച്ച് പെട്രോളിയം ഉല്‍പന്നങ്ങള്‍ക്ക് വിലകൂട്ടുകയാണ് ചെയ്യുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില 73 ഡോളറില്‍ നില്‍ക്കുമ്പോള്‍ പെട്രോളിന് 82 രൂപയാണെന്നും യോഗത്തില്‍ അധ്യക്ഷത വഹിച്ച ഡി.സി.സി പ്രസിഡന്റ് എം.ലിജു പറഞ്ഞു . കെ.പി.സി.സി ട്രെഷറര്‍ ജോണ്‍സണ്‍ എബ്രഹാം, മുന്‍ ഡി.സി.സി പ്രസിഡന്റ് എ.എ ഷുക്കൂര്‍, ഐ.എന്‍.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് ബാബു ജോര്‍ജ്, ഡി.സി.സി ഭാരവാഹികളായ കെ.വി മേഘനാഥന്‍, ജി.സഞ്ജീവ് ഭട്ട്, ജി.മനോജ് കുമാര്‍, സുനില്‍ ജോര്‍ജ്, റീഗോ രാജു, ടി.വി.രാജന്‍, സജികുര്യക്കോസ്, ഇല്ലിക്കല്‍ കുഞ്ഞുമോന്‍, സിറിയക് ജേക്കബ്, ടി.ടി.കുരുവിള, ബഷീര്‍ കോയാപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.
പെട്രോളിയം ഉല്‍പന്നങ്ങളുടെ വില വര്‍ധനവില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ദേശീയ ഹര്‍ത്താലിനോട് അനുഭാവം പ്രകടിപ്പിച്ച് പട്ടണക്കാട്,തുറവൂര്‍, കുത്തിയതോട്, കോടംതുരുത്ത്, എഴുപുന്ന, അരൂര്‍ എന്നീ പഞ്ചായത്തുകളില്ലൊം കടകളെല്ലാം അടഞ്ഞുകിടന്നു.
ദേശീയപാതയില്‍ കെ.എസ്.ആര്‍.റ്റി.സി, സ്വകാര്യ ബസുകള്‍ എന്നിവയൊന്നും സര്‍വീസ് നടത്തിയില്ല. ചില സ്വകാര്യവാഹനങ്ങള്‍ വിവാഹം, മരണം, എയര്‍പോട്ട് എന്നിവ എഴുതി വെച്ച് സര്‍വീസ് നടത്തിയിരുന്നു. വിദ്യാലയങ്ങളും സര്‍ക്കാര്‍ഓഫീസുകളും ബാങ്കുകളൊന്നും പ്രവര്‍ത്തിച്ചില്ല. അനിഷ്ട സംഭവങ്ങളൊന്നും ഇല്ല.

 

 

 

 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.