2018 November 21 Wednesday
ജനങ്ങളേ, നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനിങ്കലില്‍നിന്നുള്ള തത്വോപദേശങ്ങളും ശമനവും മാര്‍ഗദര്‍ശനവും സത്യവിശ്വാസികള്‍ക്ക് കാരുണ്യവും വന്നെത്തിയിരിക്കുന്നു

ജില്ലയില്‍ മഴജന്യ രോഗങ്ങള്‍ പെരുകുന്നു: ഈ മാസം എലിപ്പനി കണ്ടെത്തിയത് 9 പേരില്‍

കാസര്‍കോട്: ജില്ലയില്‍ മഴജന്യ രോഗങ്ങള്‍ പെരുകുന്നു. മഴ അല്‍പ്പം കുറഞ്ഞതോടെ എലിപ്പനി രോഗികളുടെ എണ്ണം ജില്ലയില്‍ വര്‍ധിച്ചു വരുകയാണ്. കഴിഞ്ഞ ദിവസം വരെ എലിപ്പനി രോഗമാണെന്ന് നിരീക്ഷണത്തിലുള്ളത് 40 പേരാണ്. ഓഗസ്റ്റ് മുതല്‍ ഇതുവരെയായി 18 പേര്‍ക്ക് എലിപ്പനി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനു പുറമെ കഴിഞ്ഞ ദിവസം ഒരാള്‍ മരിക്കുകയും ചെയ്തു. ഈമാസം മാത്രം ഒന്‍പത് പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. കാസര്‍കോട്ട് സ്ഥിരീകരിക്കപ്പെട്ട ആദ്യത്തെ എലിപ്പനി മരണമാണിതെന്ന് ഡി.എം.ഒ പറഞ്ഞു. നേരത്തെ രോഗലക്ഷണങ്ങളോടെ ചികിത്സ തേടിയ രണ്ടുപേര്‍ മരിച്ചിരുന്നു.
എലിപ്പനി സ്ഥിരീകരിക്കപ്പെട്ട രോഗികളും, നിരീക്ഷണത്തിലുള്ള രോഗികളും വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുകയാണ്. പ്രളയബാധിത മേഖലകളുമായി ബന്ധപ്പെട്ട് ജില്ലയില്‍നിന്ന് പോയവര്‍ നിര്‍ബന്ധമായും പ്രതിരോധ മരുന്ന് കഴിക്കണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്.
എന്നാല്‍ ജില്ലയില്‍ ഡെങ്കി, മലമ്പനി ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ നിയന്ത്രണ വിധേയമായതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ പറഞ്ഞു. അതെ സമയം ഓഗസ്റ്റ് മാസം മുതല്‍ എലിപ്പനി രോഗമാണ് ഉണ്ടാകുന്നതെന്നും അതുകൊണ്ടാണ് ജനങ്ങള്‍ മുന്‍കരുതല്‍ എടുക്കണമെന്ന് നിര്‍ദേശിക്കുന്നതെന്നും ഡി.എം.ഒ പറയുന്നു.
എലിപ്പനിക്ക് പുറമെ സാധാരണ പനിയും, നടുവേദനയും ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ ജില്ലയില്‍ പെരുകിയിട്ടുണ്ട്. നിത്യേന നൂറു കണക്കിന് ആളുകളാണ് ജില്ലയിലെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയെത്തുന്നത്. അതിനിടെ സര്‍ക്കാര്‍ ആശുപത്രികളില്‍ പല കേന്ദ്രങ്ങളിലും ആവശ്യത്തിന് ഡോക്ടര്‍മാര്‍ ഇല്ലാത്തത് രോഗികളെ വട്ടം കറക്കുന്നു.
കാസര്‍കോട് ജനറല്‍ ആശുപത്രി, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, മിക്ക പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവയിലും ആവശ്യത്തിന് ഡോക്ടര്‍മാരില്ല. ഇതേ തുടര്‍ന്ന് ചികിത്സ തേടിയെത്തുന്ന രോഗികള്‍ മണിക്കൂറുകളോളം ക്യൂവില്‍നിന്ന് തളരുന്ന അവസ്ഥയാണുള്ളത്. അതിനിടെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ഒരു വനിതാ ഡോക്ടറെ തെക്കന്‍ ജില്ലയിലേക്ക് സ്ഥലം മാറ്റി. ഇവര്‍ക്ക് പകരം തെക്കന്‍ ജില്ലയില്‍നിന്ന് ജനറല്‍ ആശുപത്രിയിലേക്ക് മറ്റൊരു ഡോക്ടറെ നിയമിച്ചെങ്കിലും അവര്‍ ഡ്യൂട്ടിയില്‍ പ്രവേശിച്ച് ലീവെടുത്ത് സ്ഥലം വിടുകയും ചെയ്തു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.