2017 November 14 Tuesday
സ്വതന്ത്ര ചിന്തയെ ബഹുമാനിക്കാത്ത രാജ്യത്ത് വിദ്യാഭ്യാസമുള്ള മനുഷ്യനാവുക എന്നത് അസാധ്യമാണ്.
ജയിംസ് ബാര്‍ഡ്‌വിന്‍

ജില്ലയില്‍ ബാലവേല തടയാന്‍ ‘ചൈല്‍ഡ് ലേബര്‍ ടാസ്‌ക് ഫോഴ്‌സ്’

കാസര്‍കോട്: ജില്ലയില്‍ ബാലവേല തടയുന്നതിനായി ചൈല്‍ഡ് ലേബര്‍ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുന്നു. ശിശുദിനാഘോഷങ്ങള്‍ സംബന്ധമായി കഴിഞ്ഞദിവസം കലക്ടര്‍ കെ ജീവന്‍ ബാബുവിന്റെ അധ്യക്ഷതയില്‍ ചേംബറില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ബാലവേല തടയുക, ബാലവേല നടക്കുന്ന തൊഴിലിടങ്ങള്‍ കണ്ടെത്തി നടപടി സ്വീകരിക്കുക, ബാലവേല പൂര്‍ണമായും ഇല്ലാതാക്കുന്നതിന് വിവിധ വകുപ്പുകളുടെ ഏകോപനം സാധ്യമാക്കുക തുടങ്ങിയ ഉദ്ദേശങ്ങള്‍ ലക്ഷ്യംവച്ചാണ് ചൈല്‍ഡ് ലേബര്‍ ടാക്‌സ് ഫോഴ്‌സ് രൂപീകരിക്കുന്നത്. പദ്ധതി നടപ്പായാല്‍ ശിശു സംരക്ഷണത്തിനായി ഇത്തരമൊരു പദ്ധതി നടപ്പാക്കുന്ന സംസ്ഥാനത്തെ ഏക ജില്ലയാവും കാസര്‍കോട്. ചൈല്‍ഡ് ലൈന്‍, തൊഴില്‍ വകുപ്പ്, പൊലിസ് എന്നിവയുടെ കൃത്യമായ ഇടപെടല്‍ ഉണ്ടെങ്കില്‍ മാത്രമേ ബാലവേല പൂര്‍ണമായും ഇല്ലാതാക്കാനാവുകയുള്ളൂവെന്ന് യോഗത്തില്‍ നിര്‍ദേശിച്ചു. ബാലവേല തടയാന്‍ തൊഴില്‍ വകുപ്പാണ് ഊര്‍ജ്ജ്വസ്വലമായി പ്രവര്‍ത്തിക്കേണ്ടതെന്ന നിര്‍ദേശം യോഗത്തില്‍ ഉയര്‍ന്നു.

 

തുടര്‍ന്നാണ് കുട്ടികളുടെ അവകാശ സംരക്ഷണം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സംഘടനകളുടെയെല്ലാം ഏകോപനവും തൊഴില്‍, പൊലിസ്, ചൈല്‍ഡ് ലൈന്‍ വിഭാഗങ്ങളെയും ഉള്‍പ്പെടുത്തി ചൈല്‍ഡ് ലേബര്‍ ടാക്‌സ് ഫോഴ്‌സ് രൂപീകരിക്കാന്‍ തീരുമാനമായത്. ജില്ലയില്‍ ഒരു വര്‍ഷം 700 കുട്ടികള്‍ വിദ്യാഭ്യാസത്തിനിടെ കൊഴിഞ്ഞ് പോകുന്നുണ്ട്. ഇവര്‍ എങ്ങോട്ട് പോകുന്നുവെന്നത് സംബന്ധിച്ച് ഒരു പഠനവും ഇപ്പോള്‍ നടക്കുന്നില്ല.
കുറച്ച് പേരെങ്കിലും ജോലിയെടുക്കുന്നുണ്ടെന്നാണ് അധികൃതരുടെ നിഗമനം. ഇവരെ കണ്ടെത്തുകയും അവര്‍ നിലവില്‍ ജീവിക്കുന്ന സാഹചര്യം പഠിക്കുകയും അവര്‍ ജോലി ചെയ്യുന്നുണ്ടെങ്കില്‍ പുനരധിവാസം അടക്കമുള്ള പദ്ധതികളുമാണ് ചൈല്‍ഡ് ലേബര്‍ ടാക്‌സ് ഫോഴ്‌സിലൂടെ ഉദ്ദേശിക്കുന്നത്.

 

ഏഴുവര്‍ഷത്തിനിടെ 30 ശൈശവ വിവാഹങ്ങള്‍ക്ക് ശ്രമം


കാസര്‍കോട്: ഏഴ് വര്‍ഷത്തിനിടെ ജില്ലയില്‍ 30 ശൈശവ വിവാഹങ്ങള്‍ക്ക് ശ്രമം നടന്നതായി ചൈല്‍ഡ് ലൈന്‍ അധികൃതര്‍.
ശൈശവ വിവാഹം സംബന്ധിച്ച് പരാതികളും വിവരങ്ങളും ലഭിച്ചപ്പോള്‍ തന്നെ കൃത്യമായ ഇടപെടല്‍ നടത്തി വിവാഹങ്ങള്‍ തടയുന്നതിനും ബോധവല്‍ക്കരണവും സാധ്യമായതായി ചൈല്‍ഡ് ലൈന്‍ അധികൃതര്‍ അറിയിച്ചു.

 

 

പോക്‌സോ ‘പ്രത്യേക കോടതിയില്ല’

കാസര്‍കോട്: കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ തടയുന്നതിനായി പ്രത്യേക കോടതിയില്ലാത്തത് ജില്ലയിലെ കുട്ടികള്‍ക്കെതിരായ അതിക്രമ കേസുകള്‍ വേഗം തീര്‍പ്പാവാത്തതിന് തടസമാകുന്നു. നിലവില്‍ പോക്‌സോ കേസുകളുടെ വിചാരണ നടക്കുന്നത്. ജില്ലാ ഒന്നാം അഡീഷണല്‍ കോടതി അഡ്‌ഹോക്ക് ഒന്നിലാണ്. പോക്‌സോ കേസുകള്‍ ഒരു വര്‍ഷത്തിനകം തീര്‍പ്പാക്കണമെന്നാണ് നിയമം. എന്നാല്‍ പ്രത്യേക കോടതിയില്ലാത്തത് ജില്ലയില്‍ ഇതിന് തടസമാവുന്നു.

 

 

ബാലാവകാശ വാരാചരണം ഉദ്ഘാടനം ഇന്ന്

 

കാസര്‍കോട്: ചൈല്‍ഡ് ലൈന്‍, ജില്ലാ ശിശു സംരക്ഷണ യൂനിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടക്കുന്ന ബാലാവകാശ വാരാചരണത്തിന്റെ ഉദ്ഘാടനം ഇന്ന് നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഇന്ന് രാവിലെ 10ന് വിദ്യാനഗര്‍ സിഡ്‌കോ ഹാളില്‍ സബ് ജഡ്ജ് ഫിലിപ്പ് തോമസ് വാരാചരണം ഉദ്ഘാടനം ചെയ്യും.
തുടര്‍ന്ന് വിവിധ ദിവസങ്ങളില്‍ ശിശുസംരക്ഷണവുമായി ബന്ധപ്പെട്ട് വിവിധ പരിപാടികള്‍ നടക്കും. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ ശിശു സംരക്ഷണ ഓഫിസര്‍ പി ബിജു, ചൈല്‍ഡ് ലൈന്‍ നോഡല്‍ ഡയരക്ടര്‍ രാജു ഫിലിപ്പ് റഹ്മാന്‍, ചൈല്‍ഡ് ലൈന്‍ ഡയരക്ടര്‍ എ.എ അബ്ദു റഹ്മാന്‍, ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ കെ ശുഹൈബ്, ചൈല്‍ഡ് ലൈന്‍ കോര്‍ഡിനേറ്റര്‍ എം. ഉദയകുമാര്‍ പങ്കെടുത്തു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.