2018 April 16 Monday
കടമ കൃത്യമായും ഭംഗിയായും നിര്‍വഹിക്കാത്തവന് അവകാശങ്ങളില്ല.
മഹാത്മാ ഗാന്ധി

ജിന്‍സന്‍ ജോണ്‍സനും മുഹമ്മദ് അനീസിനും വി നീനയ്ക്കും സ്വര്‍ണം

ഗുണ്ടൂര്‍: ആചാര്യ നാഗാര്‍ജുന യൂനിവേഴ്‌സിറ്റി സ്റ്റേഡിയത്തിലെ കായിക പോരാട്ടത്തിന് എരിവു പകര്‍ന്ന് കേരളം. 57 ാമത് അന്തര്‍ സംസ്ഥാന സീനിയര്‍ അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പിന്റെ ആദ്യ ദിനത്തില്‍ പിന്നിലോടിയ കേരളം 60 പോയിന്റുമായി രണ്ടാം ദിനത്തില്‍ മുന്നില്‍ കയറി. ഏഷ്യയിലെ ഏറ്റവും വലിയ വറ്റല്‍മുളക് ഉത്പാദന കേന്ദ്രമായ ഗൂണ്ടൂരിലെ ട്രാക്കിലും ജംപിങ് പിറ്റിലുമായി ഇന്നലെ മൂന്ന് സ്വര്‍ണവും രണ്ട് വെള്ളിയുമാണ് കേരളം നേടിയത്. നിലവിലെ ചാംപ്യന്‍മാരായ കേരളത്തിന്റെ മീറ്റിലെ ആകെ മെഡല്‍ സമ്പാദ്യം എട്ടായി. ജിന്‍സന്‍ ജോണ്‍സണ്‍ (800 മീറ്റര്‍), മുഹമ്മദ് അനീസ് (ലോങ് ജംപ്), വി നീന (ലോങ് ജംപ്) എന്നിവരാണ് സ്വര്‍ണം നേടിയത്. പി.വി സുഹൈലും (ലോങ് ജംപ്), അബിത മേരി മാനുവലും (800 മീറ്റര്‍) കേരളത്തിന് വെള്ളി സമ്മാനിച്ചു. ആദ്യ ദിനത്തില്‍ രണ്ട് സ്വര്‍ണവും ഒരു വെങ്കലവുമായിരുന്നു കേരളത്തിന്റെ നേട്ടം. 49.5 പോയിന്റുമായി ഹരിയാനയാണ് രണ്ടാമത്. പഞ്ചാബ് 43 പോയിന്റുമായി മൂന്നാമതെത്തി. പുരുഷന്‍മാരുടെ 20 കിലോ മീറ്റര്‍ നടത്തത്തിലൂടെയായിരുന്നു രണ്ടാം ദിനത്തിലെ പുലര്‍ക്കാലത്ത് ട്രാക്കുണര്‍ന്നത്. കെ.ടി ഇര്‍ഫാന്‍ വിട്ടു നിന്നതോടെ കേരളത്തിന്റെ ജേഴ്‌സിയില്‍ നടക്കാന്‍ താരങ്ങളില്ലാതായി.

അനീസും നീനയും
പിന്നെ സുഹൈലും
ജംപിങ് പിറ്റില്‍ ഇന്നലെ കേരളത്തിന്റെ ദിനമായിരുന്നു. പുരുഷ, വനിതാ ലോങ് ജംപില്‍ രണ്ട് സ്വര്‍ണവും ഒരു വെള്ളിയുമാണ് കേരളത്തിന്റെ താരങ്ങള്‍ ചാടി നേടിയത്. വൈ മുഹമ്മദ് അനീസും വി നീനയുമാണ് സ്വര്‍ണം സമ്മാനിച്ചത്. പി.വി സുഹൈല്‍ വെള്ളിയും നേടി. 7.60 മീറ്റര്‍ ദൂരം താണ്ടിയായിരുന്നു മുഹമ്മദ് അനീസിന്റെ സുവര്‍ണ നേട്ടം. ഒളിംപ്യന്‍ മുഹമ്മദ് അനസിന്റെ സഹോദരനാണ് അനീസ്. 7.55 മീറ്റര്‍ ചാടിയായിരുന്നു മലപ്പുറം സ്വദേശി പി.വി സുഹൈലിന്റെ വെള്ളി തിളക്കം. കര്‍ണാടകയുടെ സിദ്ധാന്ത് നായക് വെങ്കലം നേടി. ലണ്ടനിലേക്കുള്ള ചാട്ടം ലക്ഷ്യത്തില്‍ എത്തിയില്ലെങ്കിലും കേരളത്തിന് സ്വര്‍ണം സമ്മാനിച്ചായിരുന്നു വനിത വിഭാഗത്തില്‍ വി നീന ജംപിങ് പിറ്റിലെ പോരാട്ടം പൂര്‍ത്തിയാക്കിയത്. 6.29 മീറ്റര്‍ ദൂരമാണ് നീന ചാടിയത്. ഏഷ്യന്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ നിര്‍ഭാഗ്യം കൊണ്ടു വെള്ളിയിലേക്ക് ഒതുങ്ങേണ്ടി വന്ന നീനയ്ക്ക് ആ പ്രകടനം ആവര്‍ത്തിക്കാനായില്ല. 6.54 മീറ്ററാണ് കലിംഗയില്‍ നീന ചാടിയത്. 6.75 മീറ്റര്‍ ദൂരമായിരുന്നു ലോക ചാംപ്യന്‍ഷിപ്പ് യോഗ്യത മാര്‍ക്ക്. ജാര്‍ഖണ്ഡിന്റെ പ്രിയങ്ക കെര്‍കേറ്റ വെള്ളിയും പശ്ചിമ ബംഗാളിന്റെ സ്വപ്ന ബര്‍മന്‍ വെങ്കലവും നേടി.

ജിന്‍സണ്‍ ലണ്ടനിലേക്കില്ല,
അബിതക്ക് വെള്ളി
ജിണ്‍സന്‍ ജോണ്‍സന് 800 മീറ്ററില്‍ പൊന്ന് നേടിയിട്ടും ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിലേക്ക് ഓടിക്കയറാനായില്ല. 1.47.38 സെക്കന്‍ഡിലായിരുന്നു ജിണ്‍സന്റെ സ്വര്‍ണ കുതിപ്പ്. എന്നാല്‍, ലോക ചാംപ്യന്‍ഷിപ്പിന്റെ യോഗ്യതാ മാര്‍ക്കായ 1.45.90 സെക്കന്‍ഡ് സമയം കീഴടക്കാന്‍ ജിണ്‍സണായില്ല. ഹരിയാനയുടെ മഞ്ജിത് സിങ് വെള്ളിയും കര്‍ണാകയുടെ വിശ്വംബര്‍ വെങ്കലവും നേടി. കേരളത്തിനായി ട്രാക്കിലിറങ്ങിയ മറ്റൊരു താരം എ.എസ് ഇര്‍ഷാദിന് ഏഴാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനേ കഴിഞ്ഞുള്ളു. വനിതകളുടെ വിഭാഗത്തില്‍ സ്വര്‍ണം പ്രതീക്ഷിച്ചിറങ്ങിയ ഉഷ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സിലെ താരം അബിത മേരി മാനുവല്‍ പശ്ചിമ ബംഗാളിന്റെ ലിലി ദാസിനോട് പൊരുതി കീഴടങ്ങി. 2.03.46 സെക്കന്‍ഡിലായിരുന്നു ലിലി ദാസിന്റെ സ്വര്‍ണ നേട്ടം. 2.06.19 സെക്കന്‍ഡിലായിരുന്നു അബിത വെള്ളി മെഡല്‍ നേട്ടത്തിലേക്ക് ഫിനിഷ് ചെയ്തത്. പശ്ചിമ ബംഗാളിന്റെ തന്നെ സിപ്ര സര്‍ക്കാറിനാണ് വെങ്കലം.
വനിതകളുടെ 200 മീറ്ററില്‍ ഒഡിഷയുടെ ശ്രബാനി നന്ദയും പുരുഷ വിഭാഗത്തില്‍ അമിയകുമാര്‍ മല്ലിക്കുമാണ് സ്വര്‍ണം നേടിയത്. 24.18 സെക്കന്‍ഡിലായിരുന്നു ശ്രബാനി നന്ദയുടെ സ്വര്‍ണ കുതിപ്പ്. പശ്ചിമ ബംഗാള്‍ താരങ്ങളായ അന്വേഷ റോയി വെള്ളിയും സോന ബൈസ്യ വെങ്കലവും സ്വന്തമാക്കി. അമിയകുമാര്‍ മല്ലിക് 21.65 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് പുരുഷ വിഭാഗത്തില്‍ സ്വര്‍ണം സ്വന്തമാക്കിയത്. മണിപ്പൂരിന്റെ വിപിന്‍ കുമാര്‍ വെള്ളിയും ഹരിയാനയുടെ പ്രവീണ്‍ വെങ്കലവും നേടി. ഈ രണ്ട് വിഭാഗത്തിലും ട്രാക്കിലിറങ്ങാന്‍ കേരള താരങ്ങളില്ലായിരുന്നു.
പുരുഷന്‍മാരുടെ ഷോട് പുട്ടില്‍ മൂന്ന് മെഡലുകളും പഞ്ചാബി താരങ്ങള്‍ വാരിയെടുത്തു. 19.46 മീറ്റര്‍ ദൂരത്തേക്ക് ഷോട്ട് പായിച്ചാണ് തേജീന്ദര്‍ സിങ് തൂര്‍ പഞ്ചാബിനായി സ്വര്‍ണം എറിഞ്ഞിട്ടത്. ജസ്ദീപ് സിങ് ദില്ലന്‍ വെള്ളിയും നവ്‌തേജ്ദീപ് സിങ് വെങ്കലവും നേടി. 16.33 മീറ്റര്‍ എറിഞ്ഞ കേരളത്തിന്റെ വി.പി ആല്‍ഫിന്‍ നാലാം സ്ഥാനത്ത് എത്തി. പുരുഷന്‍മാരുടെ ജാവലിന്‍ ത്രോയിലും പഞ്ചാബി താരങ്ങളുടെ മെഡല്‍ കൊയ്ത്. 81.84 മീറ്റര്‍ ദൂരത്തേക്ക് കുന്തമുന പായിച്ച ദേവീന്ദര്‍ സിങ് കാങ് മീറ്റ് റെക്കോര്‍ഡോടെ പഞ്ചാബിന് സ്വര്‍ണം സമ്മാനിച്ചു. 2000 ല്‍ ചെന്നൈയില്‍ ജഗദീഷ് ബിഷ്‌നോയ് സ്ഥാപിച്ച 79.67 മീറ്റര്‍ ദൂരമാണ് പതിനേഴ് വര്‍ഷത്തിന് ശേഷം ദേവീന്ദര്‍ മറികടന്നത്. പഞ്ചാബി താരം രവീന്ദര്‍ സിങ് ഖയ്‌റ വെള്ളിയും ഉത്തര്‍പ്രദേശിന്റെ അമിത്കുമാര്‍ വെങ്കലവും നേടി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.