2018 December 13 Thursday
തനിക്കു ലഭിച്ച കുറഞ്ഞ ഗുണത്തിനു നന്ദി ചെയ്യാത്തവന്‍ അധിക ഗുണങ്ങള്‍ക്കും നന്ദി ചെയ്യുകയില്ല

ജിന്‍പിങ്: ഗവര്‍ണറില്‍ നിന്ന് പരമാധികാരത്തിലേക്ക്

ബെയ്ജിങ്: ഏകദേശം രണ്ട് ദശകങ്ങള്‍ക്ക് മുന്‍പ് കൃത്യമായി പറഞ്ഞാല്‍ 1999ല്‍ ഫുജൈന്‍ പ്രവിശ്യയിലെ ഗവര്‍ണര്‍ പദവി ഏറ്റെടുത്തത് മുതലാണ് ഷി ജിന്‍പിങ് എന്ന ചൈനയുടെ പരമോന്നത നേതാവിന്റെ അധികാര യാത്രക്ക് തുടക്കമിടുന്നത്. തുടര്‍ന്നിങ്ങോട്ട് കര്‍ക്കശമായ നിയന്ത്രണങ്ങളിലൂടെ അദ്ദേഹം അഴിമതിയുള്‍പ്പെടെയുള്ളവക്കെതിരേ ശക്തമായ നടപടികള്‍ എടുത്തു.
ഏറ്റവും ഒടുവില്‍ പുറത്ത് വിട്ട കണക്ക് പ്രകാരം 100ല്‍ അധികം മന്ത്രിമാര്‍ക്കെതിരേയും 15 ലക്ഷത്തോളം ഉദ്യോഗസ്ഥര്‍ക്കെതിരേയും അഴിമതിയുടെ പേരില്‍ ജിന്‍പിങ് ശിക്ഷിച്ചു. ഭരണഘടനാ ഭേദഗതിയിലൂടെ മാവോ സേതുങ്ങിന്റെ തുല്യ പദവിയിലേക്കാണ് ഇന്നലെ ജിന്‍പിങ്ങിനെ ഉയര്‍ത്തിയത്. 64കാരനായ ജിന്‍പിങ്ങിന്റെ പിതാവ് ഷി സോക്‌സനെ മാവോയുടെ അനിഷ്ടത്തെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് നീക്കിയതായിരുന്നു.
1969ല്‍ മണ്ഡല തല സെക്രട്ടറിയായത് മുതലാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. തീരപ്രദേശമായ ഫുജൈനില്‍ ഗവര്‍ണറായതിന് ശേഷം 2002ല്‍ ഷിയാങ് പ്രവിശ്യയില്‍ പാര്‍ട്ടിയുടെ തലവനായി. തുടര്‍ന്ന് 2007ല്‍ ഷാങ്ഹായി പ്രവിശ്യയുടെ പാര്‍ട്ടി തലവനായി തിരഞ്ഞെടുക്കപ്പെട്ടു. അതേ വര്‍ഷം തന്നെയാണ് പോളിറ്റ് ബ്യൂറോയുടെ സ്റ്റാന്‍ഡിങ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.
2013ല്‍ ആണ് ചൈനീസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. അഴിമതിക്കെതിരേയുള്ള സന്ധിയില്ലാത്ത നിലപാടുകളാണ് പാര്‍ട്ടിയുടെ പരമാധികാരത്തിലേക്ക് ജിന്‍പിങിനെ വഴിനടത്തിയത്. പത്ത് ബില്യണ്‍ ഡോളറിന്റെ കള്ളക്കടത്ത് ആരോപണം ഉയര്‍ന്നപ്പോള്‍ ഇതിനെതിരേ ശക്തമായ നിലാടാണ് അദ്ദേഹം സ്വീകരിച്ചത്. അഴിമതിയുടെ കറ പുരണ്ട നേതൃത്വങ്ങളിലുള്ളവര്‍ക്കെതിരേ ശക്തമായ നടപടിയെടുക്കാനായി ജിന്‍പിങ് ശ്രമിച്ചു. ജനങ്ങളെ സര്‍ക്കാര്‍ മറക്കരുതെന്നും ജനമാണ് എല്ലാമെന്ന് അദ്ദേഹം വ്യക്തിമാക്കി.
ചൈനയെ ലോകത്തിലെ കരുത്തുറ്റ രാഷ്ട്രമായ വാര്‍ത്തെടുക്കുന്നതില്‍ ജിന്‍പിങ്ങിന് നിര്‍ണയാക സ്ഥാനമുണ്ട്. അമേരിക്കയുള്‍പ്പെടെയുള്ള വന്‍ ശക്തികള്‍ക്കെതിരേ ലോകത്തിലെ ഏറ്റവും വലിയ സൈന്യവുമായി എതിരിടാനുള്ള കരുത്ത് ചൈനക്ക് ലഭ്യമായത് രാജ്യത്തിനായുള്ള അദ്ദേഹത്തിന്റെ കര്‍ശന നിലാപടുകളാണ്. ഭരണത്തിന്റെ ഏകാധിപത്യ സ്വഭാവം ചൈന പ്രകടിപ്പിച്ചിട്ടുണ്ട്. സാമൂഹ്യ മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ളവക്ക് രാജ്യത്ത് ശക്തമായ നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എതിര്‍ ശബ്ദം ഉയര്‍ത്തുന്ന മുനുഷ്യവാകാശ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള നിരവധി പേര്‍ ഇപ്പോഴും അഴിക്കുള്ളിലാണ്. ജനാധിപത്യ സ്വാഭാവമുള്ള ഭരണം ജിന്‍പിങ്ങിന്റെ കാലത്ത് നടപ്പിലാക്കാന്‍ സാധ്യതയില്ലെങ്കിലും ഭാവിയില്‍ ചൈന വന്‍ശക്തിയാവന്‍ പോകുമെന്ന കാര്യത്തില്‍ സംശയമില്ല.

 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.