2019 June 18 Tuesday
നമ്മളിലുള്ള നന്മയാണു നമ്മുടെ നീതിബോധം -തിരുവള്ളുവര്‍

ജാമ്യം വേണമെന്നു ലാലു; തരില്ലെന്ന് ഹൈക്കോടതി

 

റാഞ്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തന്റെ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ജാമ്യം തേടി കോടതിയെ സമീപിച്ച ലാലുവിന് തിരിച്ചടി.
ജാര്‍ഖണ്ഡ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യ ഹരജി തള്ളിയ കോടതി, അദ്ദേഹത്തിന്റെ ആവശ്യം ഒരു കാരണവശാലും അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നല്‍കാന്‍ തന്റെ സാന്നിധ്യം അനിവാര്യമാണെന്ന് പാര്‍ട്ടി ആഗ്രഹിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ജാമ്യം നല്‍കണമെന്നാണ് കാലിത്തീറ്റ അഴിമതിക്കേസില്‍ ജാര്‍ഖണ്ഡിലെ റാഞ്ചി കോടതിയില്‍ തടവില്‍ കഴിയുന്ന ആര്‍.ജെ.ഡി അധ്യക്ഷന്‍ ലാലുപ്രസാദിന്റെ ആവശ്യം.
2017 ഡിസംബര്‍ 23 മുതലാണ് അദ്ദേഹം കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലായത്. മൂന്നു കേസുകളിലാണ് അദ്ദേഹം ശിക്ഷ അനുഭവിക്കുന്നത്. അസുഖബാധിതനായ ലാലു ഇപ്പോള്‍ റാഞ്ചിയിലെ രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സി(ആര്‍.ഐ.എം.എസ്)ല്‍ ചികിത്സയിലാണ്.
ജസ്റ്റിസ് അപരേഷ് കുമാര്‍ സിങ് ആണ് ലാലുവിന്റെ ജാമ്യ ഹരജി തള്ളിയത്. അതേസമയം ജാമ്യത്തിനുവേണ്ടി സുപ്രിംകോടതിയെ സമീപിക്കുമെന്ന് ലാലുവിന്റെ അഭിഭാഷകനായ പ്രഭാത് കുമാര്‍ പറഞ്ഞു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.