2019 July 19 Friday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

ജാട്ട് കലാപം; ഇരുപതംഗ മലയാളി സംഘം ഹരിയാനയില്‍ കുടുങ്ങി

കൊച്ചി: ജാട്ട് കലാപത്തെ തുടര്‍ന്ന് ഹരിയാനയില്‍ 20പേരടങ്ങുന്ന മലയാളി സംഘം കുടുങ്ങിക്കിടക്കുന്നു. റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ പെരിയാര്‍ അംഗങ്ങളാണ് നാട്ടിലെത്താനാവാതെ കഴിയുന്നത്. സൈനികര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന സല്യൂട്ട് സോള്‍ജിയേഴ്‌സ് എന്ന പരിപാടിയുടെ ഭാഗമായി വാഗാതിര്‍ത്തിയില്‍ പോയി തിരിച്ചുവരവെ ഇന്നലെ രാത്രി ഒരു മണിയോടെയാണ് ഹരിയാനയിലെ പാനിപ്പത്തില്‍ സംഘമെത്തിയത്.
എറണാകുളം സ്വദേശികളായ റാഫേല്‍ വടക്കല്ലൂര്‍, നരേന്ദ്ര കുമാര്‍, ടി.എം അഷറഫ് , മുഹമ്മദ് റാഫി, വിനോദ് പട്ടേല്‍, സി.എന്‍ പ്രകാശ്, ശശിധരന്‍, തോമസ് വടക്കല്ലൂര്‍, അഡ്വ. ഗണേഷ്‌കുമാര്‍, ബെന്നി ഫ്രാന്‍സിസ്, ജോജോ ജേക്കബ്, പ്രദീപ്കുമാര്‍, പ്രശാന്ത്, ശ്രീജിത്ത്, അഡ്വ. മനോജ്, നന്ദകുമാര്‍, വിവേക്, സുനില്‍ മാത്യു, സുനോജ് കുമാര്‍, രാജശേഖരന്‍ എന്നിവരടങ്ങുന്ന സംഘമാണ് കഴിഞ്ഞ 17ന് വാഗാതിര്‍ത്തിയിലേക്ക് പുറപ്പെട്ടത്. ഇന്നലെ ഉച്ചയോടെ കൊച്ചിയില്‍ തിരിച്ചെത്താമെന്ന പ്രതീക്ഷയിലാണ് ഇവര്‍ യാത്ര പുറപ്പെട്ടത്.

റോഡ്, റെയില്‍ ഗതാഗതം തടസപ്പെട്ട സാഹചര്യത്തില്‍ നാട്ടുകാരുടെയും സന്നദ്ധസംഘടനകളുടെയും സഹായത്തോടെ ആര്യസമാജത്തിന്റെ ക്യാംപിലാണ് ഇവര്‍ ഇപ്പോള്‍ കഴിയുന്നത്. ഇവരെ കൂടാതെ ഇന്ത്യയിലെ വിവിധയിടങ്ങളില്‍ നിന്നെത്തിയ 600 ഓളം പേരും ക്യാംപിലുണ്ട്. പ്രശ്‌നബാധിത പ്രദേശങ്ങളില്‍ നിന്ന് വളരെ അകലെയാണ് ക്യാംപുള്ളതെങ്കിലും അപകടമുണ്ടായാല്‍ സംരക്ഷിക്കാന്‍വേണ്ട സുരക്ഷാ സംവിധാനങ്ങള്‍ ഹരിയാന സര്‍ക്കാരിന്റെ ഭാഗത്തു നിന്നുമുണ്ടായിട്ടില്ലെന്ന പരാതിയുയര്‍ന്നിട്ടുണ്ട്.
വെള്ളവും ഭക്ഷണവുമുള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ക്യാംപില്‍ ലഭ്യമാണെന്നാണ് സംഘത്തിലുള്ളവര്‍ നല്‍കിയ വിവരം. കുടുങ്ങിക്കിടക്കുന്നവരുമായി ഫോണില്‍ ബന്ധപ്പെടാന്‍ സാധിക്കുന്നുണ്ട്. എന്നാല്‍, എപ്പോള്‍ നാട്ടില്‍ തിരിച്ചെത്താന്‍ കഴിയുമെന്ന് അറിയില്ലെന്ന് സംഘത്തിലുള്ള അഡ്വ. മനോജ് പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.